Skip to main content

വിവിധ മേഖലകളില്‍ പ്രവര്‍ത്തനമികവുമായി  പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്

കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എറണാകുളം ജില്ലയിലെ ഒന്നാം സ്ഥാനക്കാരാണ് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലേബര്‍ ബഡ്ജറ്റിന്റെ 182% തൊഴില്‍ പ്രദാനം ചെയ്തു കൊണ്ടാണ് പറവൂര്‍ ബ്ലോക്ക് ഈ നേട്ടം കൈവരിച്ചത്. ലക്ഷ്യം വച്ചിരുന്ന 1,48,335 തൊഴില്‍ ദിനങ്ങളെ മറികടന്ന് 2,69,601 തൊഴില്‍ ദിനങ്ങളാണ് നല്‍കിയത്. തൊഴിലാളികളില്‍ 95 ശതമാനവും സ്ത്രീകളാണ്. ഒന്‍പത് കോടി പതിനാല് ലക്ഷം രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി ചെലവാക്കിയത്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഫാം പോണ്ട് നിര്‍മ്മാണം, കയര്‍ ഭൂവസ്ത്രത്തിന്റെ വിനിയോഗം, ഫലവൃക്ഷത്തൈകളുടെ 31 നഴ്‌സറികള്‍, ഭവന നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദനവും സൗജന്യ വിതരണവും തുടങ്ങി മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 92 നിര്‍ധന കുടുംബങ്ങള്‍ക്ക് പുതിയ കക്കൂസ് നിര്‍മ്മിച്ചു നല്‍കിയതും വലിയ നേട്ടമാണ്. 

ജലസുഭിക്ഷ പദ്ധതിയിലൂടെ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 44 കിണറുകള്‍ റീച്ചാര്‍ജ് ചെയ്തു. പഞ്ചായത്തില്‍ ആകെ 122 കിണറുകള്‍ ഇതോടെ പുനരുജ്ജീവിപ്പിച്ചു. പി.എം.എ.വൈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് സിമന്റ്, ഇഷ്ടിക എന്നിവ നിര്‍മ്മിച്ചു നല്‍കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിലെ കോട്ടുവള്ളി, ഏഴിക്കര , വടക്കേക്കര എന്നീ ഗ്രാമ പഞ്ചായത്തുകളിലായി അഞ്ച് യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി ചേന്ദമംഗലം, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലായി 25 കമ്പോസ്റ്റ് പിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും തൊഴിലുറപ്പ് പദ്ധതി വഴി സാധ്യമായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു ലക്ഷം വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനു വേണ്ടി വിവിധ പഞ്ചായത്തുകളിലായി 30 നഴ്‌സറികള്‍ ആരംഭിച്ചു. നെല്ലി, സീതപ്പഴം, ജാതി, കുടമ്പുളി, ആത്തച്ചക്ക, പേര, ലക്ഷ്മി തരു, ചാമ്പ, മാവ്, പ്ലാവ്, മഹാഗണി, ആര്യവേപ്പ്, റംബൂട്ടാന്‍, പുളി തുടങ്ങി 98000 ഫലവൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറാക്കി. വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം പാലം മുതല്‍ ലേബര്‍ ജംഗ്ഷന്‍ വരെ നാഷണല്‍ ഹൈവേയുടെ വശങ്ങള്‍ മണ്ണ് സംരക്ഷണം നടത്തി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തി. മണ്ണൊലിപ്പിലൂടെ റോഡ് തകരുന്നതിന് പരിഹാരമായി ഇരുവശത്തും കയര്‍ ഭൂവസ്ത്രം വിരിച്ച് അനുയോജ്യമായ പുല്ല് പിടിപ്പിച്ചാണ് സംരക്ഷണം നടത്തുന്നത്.

എറണാകുളം ജില്ലയില്‍ പദ്ധതി പണം ചെലവഴിക്കുന്നതില്‍ രണ്ടാം സ്ഥാനമാണ് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കിയത്. ചേന്ദമംഗലം പഞ്ചായത്തില്‍ ആരംഭിച്ച പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റ്, ഏഴിക്കര, മൂത്തകുന്നം സി.എച്ച്.സികളുടെ നേതൃത്വത്തില്‍ നടന്ന ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍, ഐ.എ.വൈ, പി.എം.എ.വൈ അധിക വിഹിതം, അവയവദാന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ട്രെയിനിംഗ് ഹാള്‍ നവീകരണം, വനിതാ തൊഴില്‍ സംരംഭ കേന്ദ്രം, തത്തപ്പിള്ളി സാംസ്‌കാരിക നിലയം എന്നീ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വിവിധ ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്താക്കള്‍ക്ക് കോണ്‍ക്രീറ്റ് കട്ടകള്‍, ജനലുകള്‍, വാതിലുകള്‍ എന്നിവ സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്നതിന് മോള്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനായി പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി. പി.എം.എ.വൈ പദ്ധതി പ്രവര്‍ത്തന പുരോഗതിയില്‍ എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിട്ടുള്ളത് പറവൂര്‍ ബ്ലോക്ക് പഞ്ചായത്താണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തി 111.7 ശതമാനം വിജയം കൈവരിച്ച പറവൂര്‍ ബ്ലോക്കിന് ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനവും ലഭിച്ചു. ജനറല്‍ വിഹിതം, പട്ടികജാതി വിഹിതം, പട്ടികവര്‍ഗ്ഗ ഉപപദ്ധതി എന്നിവയിലെല്ലാം നൂറ് ശതമാനം പണവും ചെലവഴിച്ചാണ് പറവൂര്‍ ഈ നേട്ടം സാധ്യമാക്കിയത്. വര്‍ഷത്തിന്റെ ഓരോ പാദത്തിലും സര്‍ക്കാര്‍ അനുശാസിച്ച വിധം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ജില്ലയിലെ ഏക ബ്ലോക്ക് എന്ന പ്രത്യേകത കൂടി പറവൂരിനുണ്ട്. ഗ്രാമീണ മേഖലയിലെ ഭവന രഹിതരായ എല്ലാവര്‍ക്കും വീടും അതുവഴി ബ്ലോക്കിനെ സമ്പൂര്‍ണ ഭവന ബ്ലോക്ക് പഞ്ചായത്തായി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഭരണ സമിതിയുടെ മേല്‍നോട്ടത്തില്‍ നടന്നു വരികയാണ്. 

കാര്‍ഷിക രംഗത്ത് നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായി പളളിയാക്കല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കീഴിലുള്ള കാര്‍ഷിക കര്‍മ്മ സേനയ്ക്ക് രണ്ട് കൊയ്ത്ത് മെതിയന്ത്രവും ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ച ഒരു കൊയ്ത്ത് മെതിയന്ത്രവും വിതരണം ചെയ്തു. ഏഴിക്കര ഗ്രാമപഞ്ചായത്തിലുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വാദ്യമേള ഗ്രൂപ്പുകാര്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി. ജനകീയാസൂത്രണ പദ്ധതി പ്രകാരം അഞ്ച് ഗ്രാമപഞ്ചായത്തുകളിലുമായി 15 ഗ്രന്ഥശാലകള്‍ക്ക് എ.പി.ജെ അബ്ദുള്‍ കലാം സ്മാരക ഗ്രന്ഥശേഖരവും പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിന് ആധുനിക രീതിയിലുള്ള അലമാരകളും വിതരണം ചെയ്തു. ചേന്ദമംഗലം, കോട്ടുവള്ളി, ചിറ്റാറ്റുകര പഞ്ചായത്തുകളിലായി വനിതാ സ്വയം സഹായ സംഘങ്ങളിലെ മൂന്ന് ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ധനസഹായമായി 9 ലക്ഷം രൂപ നല്‍കി. 2017 ല്‍ നടന്ന എറണാകുളം ജില്ലാ കേരളോത്സവത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കലാ കായിക മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പോടു കൂടി ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. കൂടാതെ തുല്യതാ പഠിതാക്കള്‍ക്കായുള്ള സാക്ഷരതാ കലോത്സവവും നടത്തി. ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കുമായി 9 ലക്ഷം രൂപ നല്‍കി. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സഹായ ഉപകരണങ്ങള്‍ വാങ്ങല്‍ എന്ന പദ്ധതിയില്‍ ഭിന്നശേഷിക്കാരായ 47 പേര്‍ക്കായി 68 ഉപകരണങ്ങള്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും ലഭ്യമാക്കി വിതരണം ചെയ്തു.

2017-18 സാമ്പത്തിക വര്‍ഷം പറവൂര്‍ ബ്ലോക്കിന് എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലും സമ്പൂര്‍ണ വിജയം കൈവരിക്കാന്‍ സാധിച്ചു. വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ, ലൈഫ് പ്രവര്‍ത്തനങ്ങള്‍, കേരളോത്സവം മുതലായവയില്‍ ജില്ലാ തലത്തില്‍ മുന്‍നിര സ്ഥാനം നേടിയത് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തന മികവിന് ഉത്തമ ഉദാഹരങ്ങളാണ്.

date