നൂറുമേനി വിജയത്തുടര്‍ച്ചയോടെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്
കൊച്ചി: തുടര്‍ച്ചയായ അഞ്ചാം തവണയും പദ്ധതി വിഹിത നിര്‍വ്വഹണത്തില്‍ നൂറുമേനി വിജയം നേടിയിരിക്കുകയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്. 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ പള്ളുരുത്തി ബ്ലോക്കിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പ്രസിഡന്റ് സി.എസ് പീതാംബരന്റെ നേതൃത്വത്തിലുള്ള പളളുരുത്തി ബ്ലോക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളികള്‍ നേരിടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണെങ്കിലും വികസന കാര്യങ്ങളില്‍ ഒട്ടും പിന്നോട്ട് പോകാതെയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം. നവകേരള മിഷന്റെ നാല് വിഷയങ്ങളായ ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം എന്നിവയെ മുന്‍നിര്‍ത്തിയാണ് വികസന പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പതിനഞ്ച് വിഭാഗങ്ങളിലായി അറുപത്തിനാല് പദ്ധതികളാണ് 2017-18 സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത്. പ്രത്യേക ഘടക പദ്ധതി, പട്ടികവര്‍ഗ്ഗ ഉപപദ്ധതി എന്നിവയുള്‍പ്പെടെ ഓരോ വിഭാഗങ്ങള്‍ക്കും ഊന്നല്‍ നല്‍കിയായിരുന്നു പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയത്. മത്സ്യബന്ധനത്തിന് അനുകൂലമായ സാഹചര്യങ്ങളാണ് ബ്ലോക്കിന് കീഴിലുള്ള മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും ഉള്ളത്. ടൂറിസം ഗ്രാമമായും പ്ലാസ്റ്റിക് വിരുദ്ധ ഗ്രാമമായും ചരിത്രത്തില്‍ ഇടം നേടിയ കുമ്പളങ്ങി, ചാത്തമ്മ, ചേപ്പനം, പനങ്ങാട്, കുമ്പളം എന്നീ ദ്വീപുകള്‍ ഉള്‍പ്പെടുന്ന കുമ്പളം, മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്നതും ഓഖി ദുരന്തത്തെ അതിജീവിച്ച ചെല്ലാനം പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് പള്ളുരുത്തി ബ്ലോക്ക്. കായലുകളാല്‍ സമ്പുഷ്ടമാണെങ്കിലും കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മേഖലകളാണ് ഇവയെല്ലാം. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജലാശയങ്ങള്‍ക്കും തോടുകള്‍ക്കും ജീവനേകുന്നതിനൊപ്പം തന്നെ കിണര്‍ റീച്ചാര്‍ജിംഗ്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് എന്നീ ജലസംരക്ഷണ പദ്ധതികളിലൂടെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് തീവ്രമായ ശ്രമം ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 2017-18 വാര്‍ഷിക പദ്ധതിയില്‍ 'ക്ലീന്‍ കേരള' കമ്പനി ലിമിറ്റഡില്‍ നിന്നും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേയ്ക്കുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിനായി പദ്ധതി തയ്യാറാക്കി. ചെല്ലാനം പഞ്ചായത്ത് അനുവദിച്ചു നല്‍കുന്ന കെട്ടിടത്തില്‍ യൂണിറ്റിന് ആവശ്യമായ മെഷീനുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. മറ്റ് രണ്ട് പഞ്ചായത്തുകള്‍ക്കും ഈ യൂണിറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണം ഒരു പരിധി വരെ സാധ്യമാകുന്നു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പാടശേഖര സമിതികളേയും കര്‍ഷക സംഘങ്ങളേയും സജീവമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11.048 ഹെക്ടര്‍ സ്ഥലത്തിന് നെല്‍കൃഷി വികസനം കൂലി ചെലവ് സബ്‌സിഡി അനുവദിച്ചു. 29 കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കി. വനിതകള്‍ക്കായി മാതൃകാ കൃഷിത്തോട്ടം, വിത്തുത്പാദന കേന്ദ്രം എന്നിവയ്ക്ക് സഹായം അനുവദിച്ചു. 36 പേര്‍ക്ക് നഴ്‌സറി തുടങ്ങുന്നതിനാവശ്യമായ ധനസഹായം ലഭിച്ചു. കുമ്പളം പഞ്ചായത്തിലെ ഒരു കര്‍ഷക സംഘത്തിന് നെല്‍കൃഷി ജലസേചനത്തിനാവശ്യമായ പെട്ടിയും പറയും മോട്ടോര്‍ നല്‍കി. 400 ഗ്രൂപ്പുകള്‍ക്ക് നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു. കൂടാതെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വീട്ടമ്മമാരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി വിവിധ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു.
വനിതാ ഗ്രൂപ്പുകള്‍ക്ക് വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ധനസഹായം അനുവദിച്ചു. കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളില്‍ അഞ്ച് പേരടങ്ങിയ ഓരോ ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നൈറ്റികള്‍, കുട്ടികളുടെ ഉടുപ്പുകള്‍, നൈറ്റ് ഡ്രസ്സുകള്‍ എന്നിവയാണ് നിലവില്‍ നിര്‍മ്മിക്കുന്നത്. കൂടാതെ ചുറ്റുപാട് നിന്നും ലഭ്യമാകുന്ന ചുരിദാര്‍ പോലുള്ള മറ്റ് തയ്യല്‍ ജോലികളും ചെയ്ത് കൊടുക്കുന്നു. ചെല്ലാനം പഞ്ചായത്തിലെ ഗ്രൂപ്പ് സ്വന്തമായി ഷോപ്പ് ആരംഭിച്ചതോടെ വില്‍പ്പന എളുപ്പമായി. കുമ്പളങ്ങിയിലെ യൂണിറ്റ് കടകളില്‍ നിന്നും വലിയ ഓര്‍ഡറുകള്‍ സ്വീകരിച്ചാണ് തയ്യല്‍ ജോലികള്‍ ചെയ്യുന്നത്. തയ്യല്‍ അറിയാമായിരുന്ന കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് അതിലൂടെയാണ് വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. കൂടാതെ കുമ്പളം പഞ്ചായത്തിലെ വനിതാ സ്വയം സഹായ സംഘത്തിന് ശിങ്കാരിമേളം ഗ്രൂപ്പ് ആരംഭിക്കുന്നതിനും ധനസഹായം നല്‍കി. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കാന്‍ പള്ളുരുത്തി ബ്ലോക്ക് എന്നും മുന്‍പന്തിയിലാണ്.
ബ്ലോക്കിന് കീഴിലെ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന അംഗനവാടികള്‍ അഡോളസെന്റ് ഗേള്‍സിനുള്ള റിസോഴ്‌സ് സെന്റര്‍ എന്ന രീതിയിലേക്ക് ഉയര്‍ത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. അങ്കണവാടികളില്‍ കുമാരിമാരുടെ ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിലൂടെ കൂട്ടായ ശാക്തീകരണം, പഠന നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമാക്കിയാണ് ഈ പദ്ധതി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി മത്സര പരീക്ഷകള്‍ക്കും മറ്റും തയ്യാറെടുക്കുന്നതിന് ഉതകുന്ന വിധത്തിലുള്ള പുസ്തകങ്ങള്‍, അവ സൂക്ഷിക്കുന്നതിന് അലമാരകള്‍ എന്നിവ അങ്കണവാടികള്‍ക്ക് വിതരണം ചെയ്തു.
മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഉള്‍നാടന്‍ മത്സ്യബന്ധനം ഉപജീവന മാര്‍ഗ്ഗമായുള്ള ധാരാളം ആളുകള്‍ ഉണ്ട്. ബ്ലോക്ക് പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ക്ക് ഔട്ട് ബോര്‍ഡ് എഞ്ചിന്‍, വല ഉള്‍പ്പെടെ ഡിങ്കി (ചെറുവള്ളം) എന്നിവ വാങ്ങുന്നതിനുള്ള സബ്‌സിഡി നല്‍കി. ഒരു ഗ്രൂപ്പിന് രണ്ട് ലക്ഷം രൂപ വീതം മൂന്ന് ഗ്രൂപ്പുകള്‍ക്കായി ആറ് ലക്ഷം രൂപ ബാക്ക് എന്റ് സബ്‌സിഡി ഇനത്തില്‍ ബാങ്കിലേക്ക് നല്‍കുകയാണ് ചെയ്തത്. ന്യൂ ലൈഫ്, കൃപ, യാക്കോബ് എന്നീ ഗ്രൂപ്പുകള്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. സ്വന്തമായി വഞ്ചിയും വലയും മറ്റ് ഉപകരണങ്ങളും ലഭിക്കുന്നതോടെ സ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഇടനിലക്കാരുടേയും മറ്റ് ചൂഷണങ്ങളില്‍ നിന്നും മുക്തി നേടുവാനും തുടര്‍ന്ന് മെച്ചപ്പെട്ട വരുമാനം നേടിയെടുക്കുക വഴി ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കുന്നു.
ഊര്‍ജ കാര്യക്ഷമതയിലും പള്ളുരുത്തി ബ്ലോക്ക് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 2017-18 വാര്‍ഷിക പദ്ധതികളില്‍ ഉല്‍പ്പാദന മേഖലയില്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍. വളരെ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പദ്ധതിയിലൂടെ ലഭ്യമാകുന്ന സൗരോര്‍ജത്തെ പരമാവധി പ്രയോജനപ്പെടുത്തി ഊര്‍ജോത്പാദനം നടത്തി ബ്ലോക്ക് കാര്യാലയത്തിന്റെ ആവശ്യങ്ങള്‍ക്ക് ശേഷം കെ.എസ്.ഇ.ബിക്ക് നല്‍കുകയാണ് ഉദ്ദേശം. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുറമെ കുമ്പളങ്ങി സി.എച്ച്.സി യുടെ മേല്‍ക്കൂരയിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് സഹായം അനുവദിച്ചു. പട്ടികജാതി വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി പ്രത്യേകമായി എസ്.സി.പി സെക്ടറില്‍ അനുവദിച്ച ഫണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലും പൂര്‍ണവും ഫലപ്രദവുമായി വിനിയോഗിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരില്‍ നിന്നും റോഡിതര പുനരുദ്ധാരണ ഫണ്ടിനത്തില്‍ ആകെ ലഭിച്ച ഫണ്ടിന്റെ പത്ത് ശതമാനം തുക വകയിരുത്തി സി.എച്ച്.സിയിലേക്ക് മരുന്നു വാങ്ങല്‍ എന്ന പദ്ധതി രൂപീകരിച്ച് നടപ്പാക്കി. ഇതിലൂടെ കുമ്പളങ്ങി സി.എച്ച്.സിയിലേക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുകയും ആതുരാലയത്തെ ആശ്രയിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം സാധ്യമാക്കാനും കഴിയുന്നു.
ക്ഷീര വികസനം, ആരോഗ്യ മേഖല, മാലിന്യ നിര്‍മ്മാര്‍ജനം, പാര്‍പ്പിടം, റോഡ് വികസനം, കൃഷി, വിദ്യാഭ്യാസം, ശിശു വികസനം തുടങ്ങിയ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ട് കുതിക്കുകയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്. ശക്തമായ മോണിറ്ററിംഗ് സംവിധാനം നിലനില്‍ക്കുന്ന ബ്ലോക്കില്‍ നിന്നും വരും വര്‍ഷങ്ങളിലും ഇതേ പ്രകടനം നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.
- Log in to post comments