Skip to main content
കുടുംബശ്രീ

മാതൃകയായി കുടുംബശ്രീ അമ്മച്ചിക്കട

കൊച്ചി: മണ്‍ചട്ടികളിലും ചിരട്ടയിലുമൊക്കെ ഹോട്ടലുകളില്‍ ഭക്ഷണം നല്‍കുന്നത് ഇന്നത്തെ കാലത്ത് വലിയൊരു പുതുമയൊന്നുമല്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും ഇതൊക്കെ പരീക്ഷിക്കുകയാണിന്ന്. എന്നാല്‍ വാരപ്പെട്ടിയിലെ അമ്മച്ചിക്കടയിലെ മണ്‍ചട്ടിയിലെ ആവി പറക്കുന്ന കഞ്ഞിയും പയറും വ്യത്യസ്തമാകുന്നത് അതിന്റെ രുചിയും വിളമ്പുന്ന  ആളുകളുടെ രീതിയും കാണുമ്പോഴാണ്.

              എറണാകുളം കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ മൂന്ന് അമ്മച്ചിമാരുടെ കൈപ്പുണ്യം കൊണ്ട് പ്രശസ്തമായി മാറുകയാണ് അമ്മച്ചിക്കട. മറ്റു കടകളില്‍ നിന്ന് ഈ കടയെ വ്യത്യസ്തമാക്കുന്നത് അമ്മച്ചിമാരുടെ പ്രായമാണ്. അന്‍പത് വയസ്സ് കഴിഞ്ഞ ഈ മൂന്ന് അമ്മച്ചിമാരും പ്രായത്തെ കണക്കിലെടുക്കാതെ ആണ് കട നടത്തുന്നത്. രാവിലെ ആറു മണിക്ക് കട തുടങ്ങുന്നതു മുതല്‍ വൈകുന്നേരം ഏഴുമണിക്ക് കട അടയ്ക്കുന്നത് വരെയുള്ള എല്ലാ ജോലികളും അമ്മച്ചിമാര്‍ മൂന്നുപേരും കൂടിയാണ്.

               രുചിയൂറുന്ന നാടന്‍ ഭക്ഷണങ്ങള്‍ ആണ് ഈ കടയിലെ പ്രത്യേകത. ചുറ്റുവട്ടത്ത് നിന്ന് തന്നെ ലഭിക്കുന്ന ചക്കയും മാങ്ങയും വാഴപ്പിണ്ടിയുമൊക്കെ ഉപയോഗിച്ചാണ് ഇവിടത്തെ മിക്ക വിഭവങ്ങളും തയ്യാറാക്കുന്നത്. മണ്‍ചട്ടിയിലെ കഞ്ഞിക്കാണ് ഇവിടെ കൂടുതല്‍ ഡിമാന്റ്. കഞ്ഞിയുടെ കൂടെ എരിവുള്ള മാങ്ങ ചമ്മന്തിയും കൂടി ആകുമ്പോള്‍ ഏതൊരാള്‍ക്കും വയറു നിറയും. ഇതിന് ഈടാക്കുന്ന വില മുപ്പത് രൂപ കൂടിയാണെന്നറിയുമ്പോള്‍ കഴിക്കുന്നവന്റെ മനസ്സും നിറയും. ആവശ്യക്കാര്‍ക്ക് വേണ്ടത്ര കഞ്ഞി വീണ്ടും വീണ്ടും നല്‍കുകയും ചെയ്യും. ഹോട്ടല്‍ ഭക്ഷണം കഴിച്ച് അസുഖങ്ങള്‍ വരുമെന്ന് പേടിയുള്ളവര്‍ക്കും ധൈര്യത്തോടെ ഇവിടെ നിന്ന് ചട്ടയും മുണ്ടും അണിഞ്ഞ അമ്മച്ചിമാര്‍ വിളമ്പിത്തരുന്ന ഭക്ഷണം വയറു നിറയെ കഴിക്കാം.

                 നാടന്‍ രീതിയില്‍ തയ്യാറാക്കുന്ന ചക്ക പുഴുക്ക്, കപ്പ പുഴുക്ക്, പിണ്ടിത്തോരന്‍, പിടി കോഴിക്കറി, മീന്‍ വിഭവങ്ങള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ഐറ്റംസ്. മറ്റ് കടകളില്‍ ഭക്ഷണത്തിന്റെ കൂടെ നാടന്‍ എന്ന പേര് കൂടി ചേര്‍ക്കുന്നത് വില ഇരട്ടി ആക്കുന്നതിനുള്ള തന്ത്രമാണ്. എന്നാല്‍ തനി നാടന്‍ വിഭവങ്ങള്‍ എല്ലാം തന്നെ ഏതൊരു സാധാരണക്കാരനും വാങ്ങി ഉപയോഗിക്കാന്‍ പറ്റുന്ന വില മാത്രമേ അമ്മച്ചിക്കടയില്‍ ഈടാക്കുന്നുള്ളൂ.

               കുമാരി കൃഷ്ണന്‍കുട്ടി, ഷീല വര്‍ഗ്ഗീസ്,  ചിന്നു ബേബി എന്നിവരാണ് കട നടത്തിപ്പുകാര്‍. പ്രായമായവര്‍ക്കും വീട്ടില്‍ വെറുതെ ഇരിക്കാതെ ഒരു സ്വയം തൊഴില്‍ എന്ന നിലയ്ക്കാണ് ഇത് പോലൊരു കടയെന്ന ആശയത്തിലേക്ക് ഇവരെ നയിച്ചത്. ജില്ലാ കുടുംബശ്രീ മിഷന്റെയും പഞ്ചായത്തിന്റെയും പിന്തുണ കൂടി ലഭിച്ചതോടെ അമ്മച്ചിക്കടയ്ക്കും തുടക്കമായി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ വച്ച് കണ്ടുള്ള പരിചയമാണ് മൂന്ന് പേരെയും ഒരുമിപ്പിച്ചത്.കുടുംബശ്രീയുടെ സ്റ്റാര്‍ട്ട് അപ്പ് സംരഭക പദ്ധതിയായ എസ്.വി.ഇ.പി ആണ് കടയ്ക്കാവശ്യമായ ധന സഹായം നല്‍കിയത്.

കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളായ ഗ്രാമീണര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാന്‍ ധനസഹായം നല്‍കി സ്വന്തമായി വരുമാനം ഉണ്ടാക്കാന്‍ 2015ല്‍ ആരംഭിച്ച പദ്ധതിയാണ് എസ്.വി.ഇ.പി (സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം). തുടക്കത്തില്‍ സ്വയം തൊഴില്‍ ആരംഭിക്കുന്നതിനാവശ്യമായ മൂലധനം നല്‍കുകയും തുടര്‍ന്ന് അവരുടെ ആറ് മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം കട നവീകരണത്തിനും മറ്റും ആവശ്യമായ ധന സഹായം നല്‍കുകയാണ് എസ്.വി.ഇ.പി.പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷന്‍ എറണാകുളം ജില്ലയില്‍ ധാരാളം സംരഭങ്ങള്‍ക്ക് എസ്.വി.ഇ.പി വഴി പണം നല്‍കിയിട്ടുണ്ടെങ്കിലും 'അമ്മച്ചിക്കട' പോലൊരു ആശയത്തിന് ആദ്യമായാണ് ധന സഹായം നല്‍കുന്നതെന്ന് സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ജെസി തോമസ് പറഞ്ഞു. അന്‍പത് വയസ്സിന് മുകളില്‍ പ്രായമായ മൂന്ന് പേര്‍ പ്രത്യേക ഡ്രസ് കോഡ് ഒക്കെ പാലിച്ച് നടത്തുന്ന ജില്ലയിലെ ആദ്യ സംരഭമാണിത്. ആദ്യഘട്ടത്തില്‍ കട വാടകയ്ക്ക് എടുക്കുന്നതിനും സെക്യൂരിറ്റി തുകയ്ക്കും അവശ്യ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി മുപ്പതിനായിരം രൂപ ജില്ലാ കുടുംബശ്രീ മിഷന്‍ സ്റ്റാര്‍ട്ട് അപ്പ് പദ്ധതി പ്രകാരം നല്‍കി. കട വിപുലീകരണത്തിന് ആവശ്യമായ ബാക്കി തുകയും മറ്റ് ആനുകൂല്യങ്ങളും കടയുടെ ആറ് മാസത്തെ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തിയതിന് ശേഷം നല്‍കുമെന്ന് ജെസി തോമസ് പറഞ്ഞു.

              കട തുടങ്ങുന്നത് മുതല്‍ അടയ്ക്കുന്നത് വരെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കടയില്‍ വരുന്നവര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. ഉച്ച നേരത്താണ് തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത്. അതില്‍ തന്നെ കഞ്ഞിയ്ക്കും പയറിനും ആണ് ചെലവ് കൂടുതലെന്നും കുമാരി കൃഷ്ണന്‍കുട്ടി പറഞ്ഞു. മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് മിതമായ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങള്‍ കഴിയുന്നതും ചുറ്റുപാടുകളില്‍ നിന്ന് തന്നെയാണ് ശേഖരിക്കുന്നത്. അതു കൊണ്ട് തന്നെ വിഷ രഹിതമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ വരുന്നവര്‍ക്ക് നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരാളൊഴികെ മറ്റ് രണ്ട് പേരും ആദ്യമായാണ് ഹോട്ടലില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ അതൊന്നും കടയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമാകുന്നില്ല. എല്ലാ കാര്യങ്ങളും മൂന്ന് പേരും ഐക്യത്തോട് കൂടെയാണ് ചെയ്യുന്നത്.

സാധാരണ ചുറ്റുപാടില്‍ ജീവിക്കുന്ന ഈ വനിതകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി ഇങ്ങനെ ഒരു സംരഭത്തിന് അടിത്തറ ഇട്ട് കൊടുത്ത കുടുംബശ്രീ മിഷനും ഇത് അഭിമാനത്തിന്റെ നിമിഷമാണ്.

               കുടുംബശ്രീ ജില്ലാ മിഷന്റെ കൂടെ വാരപ്പെട്ടി ഗ്രാമ പഞ്ചായത്തും അമ്മച്ചിക്കടയ്ക്ക് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നല്‍കി. കടയ്ക്ക് വേണ്ട സ്ഥലമൊരുക്കി കൊടുക്കുന്നതിനുമെല്ലാം പഞ്ചായത്ത് സഹായങ്ങള്‍ നല്‍കി. സ്വയം തൊഴില്‍ എന്ന നിലയ്ക്ക് അമ്മച്ചിക്കടയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും തുടര്‍ന്നും നല്‍കുമെന്ന് വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹന്‍ പറഞ്ഞു.

               മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ആദ്യമായി ആരംഭിച്ച അമ്മച്ചിക്കട ഉദ്ഘാടനം ചെയ്തത് പ്രസിഡന്റ് നിര്‍മ്മല മോഹനാണ്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് കട തുറന്ന് പ്രവര്‍ത്തിക്കുന്നത്. കട തുടങ്ങി മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ ലാഭത്തിന്റെ കണക്കാണ് അമ്മച്ചിമാര്‍ക്ക് കാണിക്കാന്‍ ഉള്ളത്. ഒരു പ്രാവശ്യം ഇവിടെ വന്ന് ഭക്ഷണം കഴിച്ചവര്‍ വീണ്ടും ഇവിടേക്ക് തന്നെ അന്വേഷിച്ച് എത്തുകയാണ്. ഗുണമേ• ഉള്ളതും വിഷ രഹിതവുമായ നാടന്‍ ഭക്ഷണം തങ്ങര്‍ക്ക് കഴിയുന്നിടത്തോളം കാലം ജനങ്ങള്‍ക്ക് നല്‍കണം എന്ന ആഗ്രഹം ആണ് അമ്മച്ചിമാരെ കടയുമായി മുന്‍പോട്ട് നയിക്കുന്നത്.

date