Skip to main content

പാസ്സിങ് ഔട്ട് പരേഡ് 30 ന്

 തൃശൂര്‍ എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ് എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പരേഡ് ഗ്രൗണ്ടില്‍ ജൂണ്‍ 30 രാവിലെ 8 ന് നടക്കും. എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍  സല്യൂട്ട് സ്വീകരിക്കും. പാസ്സിങ് ഔട്ട് പരിശോധിക്കുകയും ചെയ്യും. പരിശീലനം പൂര്‍ത്തിയാക്കുന്ന 131 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരില്‍ 74 പേര്‍ ബിരുദധാരികളും 30 പേര്‍ ബിരുദാനന്തര ബിരുദധാരികളും ഒരാള്‍ എം ഫില്‍ യോഗ്യതയുളളതുമാണ്. ബിരുദധാരികളില്‍ 3 പേര്‍ ബി ടെക്ക് യോഗ്യതയുളളതും ബിരുദാന്തരബിരുദധാരികളില്‍ 4 പേര്‍ എം ബി എ, 2 പേര്‍ എം സി എ, ഒരാള്‍ എം.ടെക് എന്നീ യോഗ്യതയുളളതുമാണ്. 3 പേര്‍ നെറ്റ്, 2 പേര്‍ സെറ്റ് എന്നീ യോഗ്യതയുളളതുമാണ്. 9 പേര്‍ ബി.എഡ് ബിരുദമുളളതുമാണ്. 
    180 പ്രവൃത്തിദിവസം നീണ്ടു നിന്ന  ബേസിക് ട്രെയിനിങ്ങില്‍ ആംസ് ഡ്രില്‍, ലത്തി ഡ്രില്‍, ഡ്രില്‍ വിത്തൗട്ട് ആംസ് എന്നിങ്ങനെയുളള ഔട്ട് ഡോര്‍ പരിശീലനത്തിനു പുറമേ എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന അബ്കാരി ആക്ട്, എന്‍ ഡി പി എ സ് ആക്ട്, എം ആന്‍ഡ് ടി പി ആക്ട്, കോട്പ ആക്ട്, പ്രൊഹിബിഷന്‍ ആക്ട്, സ്പിരിച്വല്‍ പ്രിപ്പറേഷന്‍ കണ്‍ട്രോള്‍ ആക്ട് തുടങ്ങിയ വിവിധ വിഷയങ്ങളിലുളള ഇന്‍ഡോര്‍ പരിശീലനവും ഫയറിംഗ് പ്രാക്ടീസ്, യോഗ, കരാട്ടെ, സ്വിമ്മിങ്ങ്, ഡ്രൈവിങ്, കമ്പ്യൂട്ടര്‍, ഫയര്‍ ഫൈറ്റിംഗ് എന്നിവയിലും പരിശീലനം നല്‍കിയിട്ടുളളതാണ്. കൂടാതെ റൂട്ട് മാര്‍ച്ച്, ഫീല്‍ഡ് ഓഫീസ് സന്ദര്‍ശനം എന്നിവയും നടത്തിയിട്ടുണ്ട്. 
    സ്റ്റേറ്റ് എക്‌സൈസ് അക്കാദമിയില്‍ 50 സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ അടങ്ങുന്ന ആദ്യ ബാച്ചിന്റെ പരിശീലനം 2010 സെപ്തംബര്‍ രണ്ടിനു ആരംഭിച്ചു. 18 ബാച്ചുകളിലായി 1200 സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ക്ക് അടിസ്ഥാന പരിശീലനം ഇവിടെ നല്‍കിയിട്ടുണ്ട്. ഒന്‍പത് ബാച്ചുകളിലായി 161 എക്‌സൈസ് ഡ്രൈവര്‍മാരുടെയും രണ്ട് ബാച്ചില്‍ 121 വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും അടിസ്ഥാന പരിശീലനം നടന്നു കഴിഞ്ഞു. നിലവില്‍ 131 എക്‌സൈസ് ഓഫീസര്‍മാരെ കൂടാതെ 120 വനിത, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെയും 5 വനിത എക്‌സൈസ് ഡ്രൈവര്‍മാരുടെയും 12 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെയും, 30 ഇന്‍സര്‍വീസ് ഉദ്യോഗസ്ഥരുടെയും ട്രെയിനിംഗ് എക്‌സൈസ് അക്കാദമിയില്‍ നടക്കുന്നുണ്ട്. ഇതിനു മുന്‍പ് പന്ത്രണ്ട് പാസ്സിംഗ് ഔട്ട് പരേഡ് എക്‌സൈസ് അക്കാദമിയില്‍ നടത്തിയിട്ടുണ്ട്.
 

date