Skip to main content

ബിനാലെ മാതൃകയില്‍ പുസ്തക-സാഹിത്യോത്സവവുമായി  സംസ്ഥാന സഹകരണ വകുപ്പ് 

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തക  സാഹിത്യോല്‍സവം വര്‍ഷം തോറും സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ പത്ത് ദിവസമാണ് അന്താരാഷ്ട്ര പുസ്തക  സാഹിത്യോല്‍സവം സംഘടിപ്പിക്കുന്നത്. എറണാകുളം മറൈന്‍ഡ്രൈവിലും ബോള്‍ഗാട്ടി പാലസിലുമായി നടക്കുന്ന പുസ്തക- സാഹിത്യോത്സവത്തില്‍ ലോകത്തിലെ പ്രമുഖരായ പ്രസാധകരും, ഇരുപതോളം രാജ്യങ്ങളില്‍നിന്നുള്ള ഇരുന്നൂറില്‍ പരം പ്രമുഖ എഴുത്തുകാരും പങ്കെടുക്കും. കൊച്ചി ബിനാലെ മാതൃകയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന തരത്തിലാകും അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവം നടത്തുകയെന്ന് മന്ത്രി  പറഞ്ഞു. സാഹിത്യ സംവാദങ്ങളും, കലാ-സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും ഇതിന്റെ ഭാഗമായി ഒരുക്കും. പുസ്തകപ്രസാധകമേഖലയിലെ സഹകരണ സംരംഭമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് അന്താരാഷ്ട്ര പുസ്തക-സാഹിത്യോത്സവം സംസ്ഥാന സര്‍ക്കാരിന് വേണ്ടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള രൂപകല്‍പ്പനയും സൗകര്യങ്ങളും പങ്കാളിത്തവും സംഘാടനവുമാണ് പത്ത് ദിവസത്തെ അന്താരാഷ്ട്ര സാഹിത്യ- പുസ്തകോത്സവത്തില്‍ ഒരുക്കുക. 

കേരളത്തിലെ പ്രസാധകര്‍ക്കും പുസ്തക വിപണിക്കും അന്താരാഷ്ട്ര വാണിജ്യ - സാംസ്‌കാരിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ജനങ്ങളുടെ വായനാഭിരുചി  വിപുലമാക്കാനും മേള ലക്ഷ്യം വയ്ക്കുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, എസ്സ് പി സി എസ്സ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, എസ്സ് പി സി എസ്സ് ഭരണസമിതി അംഗം എസ്.രമേശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രസാധകരുടെ യോഗം നടത്തും.

പി.എന്‍.എക്‌സ്.4889/17

date