Skip to main content

വടുവന്‍ചാല്‍ ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

 

    പരിമിത സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വടുവന്‍ചാല്‍ ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 30 ലക്ഷം രൂപ ചിലവില്‍ നിര്‍മിതി കേന്ദ്രം പണി പൂര്‍ത്തിയാക്കിയ കെട്ടിടം എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. ഒപി, ഓഫിസ് റൂമുകള്‍, മെഡിക്കല്‍ സ്റ്റോര്‍, വെയിറ്റിംഗ് ഏരിയ, കിച്ചണ്‍, ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ കെട്ടിടം. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന്റെ എം.എസ്.ഡി.പി ഫണ്ടുപയോഗിച്ചാണ് നിര്‍മ്മാണം. 
വടുവന്‍ചാലില്‍ ഊട്ടി റോഡില്‍ പഞ്ചായത്തിന്റെ ഇരുനില കെട്ടിടത്തില്‍ ഭൂമിക്കടിയിലെ നിലയിലായിരുന്നു ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം. മഴ പെയ്താല്‍ വെള്ളം കുത്തിയൊലിച്ചു വരുന്ന സാഹചര്യവും ഇവിടെയുണ്ടായിരുന്നു. ഇതിനാണ് ഇപ്പോള്‍ അറുതിയായത്. വടുവന്‍ചാലില്‍ നിന്നും മേപ്പാടി ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ മാറി പാടിവയലില്‍ പഞ്ചായത്ത് വാങ്ങിയ ഒരേക്കര്‍ ഭൂമിയിലാണ് പുതിയ കെട്ടിടം. ഡോക്ടറും ഫാര്‍മസിസ്റ്റുമടക്കം മൂന്നു സ്ഥിരം ജീവനക്കാരും ഇവിടെയുണ്ട്. ഗ്രാമപ്പഞ്ചായത്ത് നിയമിച്ച പാര്‍ട്ട് ടൈം സ്വീപ്പറുമുണ്ട്. ശരാശരി നൂറിലധികം രോഗികള്‍ ദിവസേന ചികില്‍സ തേടി ഇവിടെയെത്തുന്നുണ്ട്. തമിഴ്നാട്ടിലെ ചേരമ്പാടി, ചെല്ലങ്കോട്, എരുമാട്, പരിസര പ്രദേശങ്ങളായ അമ്പലവയല്‍, തോമാട്ടുചാല്‍, മേപ്പാടി, അരപ്പറ്റ, റിപ്പണ്‍, നെടുങ്കരണ ഭാഗത്തുനിന്നുള്ളവരാണ് കൂടുതലും.            

        
 

date