' ലിറ്റില്‍ കൈറ്റ്സ് ' - എറണാകുളത്ത് സ്കൂള്‍തല ക്യാമ്പുകള്‍ സമാപിച്ചു
പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലെ സ്കൂള്‍തല ക്യാമ്പുകള്‍ ജില്ലയിൽ പൂര്‍ത്തിയായി. സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായി ഈ അധ്യയന വര്‍ഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 183 യൂണിറ്റുകളില്‍ നിന്നുള്ള 5933 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ ക്യാമ്പ് നടത്താന്‍ കഴിയാതിരുന്ന 25 വിദ്യാലയങ്ങളിലും, പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിന്നീട് പകരം സംവിധാനം ഒരുക്കമെന്ന് കൈറ്റ് സി ഇ ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തില്‍ തുടര്‍സാധ്യതകള്‍ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഫേസ് ഡിറ്റക്ഷന്‍ ഗെയിം, സ‍്ക്രാച്ച് ഓഫ്‍ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാര്‍ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റ്യൂബ് ഡെസ്‍ക്ടിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്പിലെ ഉള്ളടക്കം. ക്യാമ്പിന് മുന്നോടിയായി ഈ മേഖലകളില്‍ നല്‍കിയ പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് സ്കൂള്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.
ഹൈടെക് പദ്ധതിപ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അവസാന സെഷനിൽ കൈറ്റ് മാസ്റ്റർട്രെയിനർമാർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. ക്യാമ്പിന്റെ തുടർച്ചയായി വിദ്യാർഥികൾക്ക് നൽകിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം കൂടി വിലയിരുത്തിയാണ് സബ്‍ജില്ലാ ക്യാമ്പിലേക്കുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.
- Log in to post comments