Skip to main content

പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കണം: മന്ത്രി കെ രാജാൻ

എറണാകുളം ജില്ലയിൽ ഒരുങ്ങുന്നത് 2219 പട്ടയങ്ങൾ

ജില്ലയിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർദ്ദേശിച്ചു. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ യോഗത്താൽ സംസാരിക്കുയായിരുന്നു അദ്ദേഹം. നിയമത്തിന്റെ ചട്ടങ്ങൾക്ക് വിധേയമായി എന്നാൽ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ നൽകിയും അർഹരായ എല്ലാവരിലേക്കും പട്ടയം എത്തിക്കണം. ഭൂപരിഷ്കരണ നിയമപ്രകാരം ജില്ലയിൽ പട്ടയം ലഭിക്കുന്നതിനായി 2282 അപേക്ഷകൾ നിലനിൽക്കുന്നുണ്ട്. അടുത്ത 100 ദിവസത്തിനുള്ളിൽ 1200 കേസുകളിലെങ്കിലും പരിഹാരം കണ്ടെത്തി പട്ടയം കൈമാറണമെന്നും മന്ത്രി നിർദ്ദേശിച്ചു. 

കണയന്നൂർ, കൊച്ചി താലൂക്കുകളിൽ പട്ടയം നൽകുന്നതിനായി കോർപറേഷന്റെ അനുമതി വേണ്ട അപേക്ഷകളിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി മേയറുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരും. പുഴ, തോട്, കനാൽ പുറമ്പോക്ക് ഭൂമി പതിച്ചു നൽകുന്നതിനുള്ള അപേക്ഷകളിൽ വൈകാതെ സർക്കാർ തലത്തിൽ തീരുമാനമെടുക്കും. കുട്ടമ്പുഴയിൽ ഉരുളൻ തണ്ണി റോഡിനിരുവശവും താമസിക്കുന്ന 250 കുടുംബങ്ങളുടെ പട്ടയ അപേക്ഷ പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി വേണ്ട നടപടികൾ സ്വീകരിക്കും. ഈ അപേക്ഷകൾ പ്രത്യേകമായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഏപ്രിൽ പകുതിയോടെ ജില്ലയിൽ 2219  പട്ടയങ്ങൾ നൽകുമെന്ന് കളക്ടർ ജാഫർ മാലിക് യോഗത്തിൽ അറിയിച്ചു.  ജില്ലയിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ബാക്കിയുള്ളവയുടെ  നിർമ്മാണം ഫെബ്രുവരിയിൽ തന്നെ നടപടികൾ പൂർത്തിയാക്കി ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു. യോഗത്തിൽ എഡിഎം എസ് . ഷാജഹാൻ , ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.

date