Skip to main content
കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി നടത്തിയ ഏകദിന ശില്പശാലയും സംഗമവും സംസ്ഥാന ആസൂത്രണബോര്‍ഡ്  വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. 

 കാസര്‍കോട് ജില്ലയ്ക്കുള്ളത് ഒത്തിരിയേറെ  വികസന സാധ്യതകള്‍: ഡോ.വി.കെ രാമചന്ദ്രന്‍ 

വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ്  വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാതല വരുമാനത്തില്‍ ജില്ലയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നതാണ്. പ്രതിശീര്‍ഷ വരുമാനവും സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്നത്. കൃഷി, മൃഗവിഭവം, മത്സ്യം, വ്യാവസായിക, വിനോദസഞ്ചാര സാധ്യതകള്‍ ഏറെയുള്ള ജില്ലയുടെ  മൊത്തത്തിലുള്ള വികസനത്തിനുവേണ്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 
    കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അധികാര വികേന്ദ്രീകരണത്തിന്റെ രജത ജൂബിലി(രജതം 2018) യുടെ ഭാഗമായി നടത്തിയ ഏകദിന ശില്പശാലയും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    ജില്ലാ പദ്ധതി തയ്യാറാക്കുന്നതില്‍ കാസര്‍ഗോഡ് ജില്ലാ ആസുത്രണ സമിതി(ഡിപിസി)യുടെ പരിശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണ്. സ്ഥല സംബന്ധിയായ സംയോജനം, മേഖലാ സംയോജനം, വിഭവങ്ങളുടെ സംയോജനം എന്നിവയിലൂടെ ജില്ലകളുടെ സന്തുലിതവും സംയോജിതവുമായ വികസനം കൈവരിക്കുക എന്നതാണ് ജില്ലാ പദ്ധതി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. 
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, അക്കാദമിക പണ്ഡിതര്‍, വിദഗ്ധര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ ഡിപിസി തയ്യാറാക്കിയ ജില്ലാ പദ്ധതി രേഖ കാസര്‍കോടിന്റെ വികസന ചരിത്രത്തിലെ വിലപ്പെട്ട രേഖയാണ്. സംയോജിത പദ്ധതികള്‍ ഉള്‍പ്പെടെ സമഗ്ര പദ്ധതി നിര്‍ദ്ദേശങ്ങള്‍ വരച്ചുകാട്ടുന്നതാണ് ഈ പദ്ധതി രേഖ. ജില്ലാ പദ്ധതി തയ്യാറാക്കുന്നതില്‍ സംഭാവനചെയ്ത തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, വിദഗ്ധര്‍, ഇതുമായി ബന്ധപ്പെട്ടവര്‍ എല്ലാവരും ജില്ലയ്ക്കുവേണ്ടി വികസന തന്ത്രം തീരുമാനിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ പദ്ധതിയുടെ പ്രകാശനം സംസ്ഥാനത്തെ പങ്കാളിത്ത ആസൂത്രണ പ്രക്രിയയിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. 2018-19 ലെ വാര്‍ഷിക പദ്ധതി ജില്ലാ പദ്ധതിക്കു കീഴില്‍ സംയോജിത പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് ജില്ലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 40 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രജതജൂബിലി സ്മരണികയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പദ്ധതി രേഖയുടെ പ്രകാശനം എം.രാജഗോപാലന്‍ എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന് നല്‍കി പ്രകാശനം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.അഹമ്മദ്കുഞ്ഞി, ഇ.പത്മാവതി, എം.വി ബാലകൃഷ്ണ്‍ മാസ്റ്റര്‍, അഡ്വ.പി.പി ശ്യാമളദേവി എന്നിവര്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ പങ്കുവച്ചു.  
    മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ജനകീയാസൂത്രണം രണ്ടാം ഘട്ടം; മാറുന്ന സമീപനവും പ്രൊജക്ടുകളുടെ ഗുണപരതയും എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.എന്‍ ഹരിലാല്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ജില്ലാ പദ്ധതി അവതരിപ്പിച്ചു. മിഷനുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും എന്ന വിഷയത്തില്‍ കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ നൈപുണി വികസനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ കോഴിക്കോട് യു.എല്‍ സൈബര്‍ പാര്‍ക്ക് ഡയറക്ടര്‍ ഡോ.ടി.പി സേതുമാധവന്‍, കാര്‍ഷിക മേഖലയിലെ നൂതന കൃഷിരീതികളും പ്രയോഗങ്ങളും എന്ന വിഷയത്തില്‍ സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ ഡോ.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ മാതൃക പ്രൊജക്ടറുകളുടെ അവതരണം നടത്തി.  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, ഡിപിസി സര്‍ക്കാര്‍ നോമിനി കെ.ബാലകൃഷ്ണന്‍, അസി.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് എന്നിവര്‍ സംസാരിച്ചു. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടം മുതലുളള ജില്ലയിലെ തദ്ദേശ ഭരണ അധ്യക്ഷന്‍മാരും സംഗമത്തില്‍ പങ്കെടുത്തു. ഇത്തരത്തില്‍ 197 മുന്‍ തദ്ദേശഭരണ അധ്യക്ഷന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
    ജില്ലയിലെ നിലവിലുളള മുഴുവന്‍ തദ്ദേശഭരണ സ്ഥാപന അംഗങ്ങളും, സെക്രട്ടറിമാരും, വിവിധ വകുപ്പു മേധാവികളും, രജതത്തിന്റെ കൂട്ടായ്മയില്‍ പങ്കാളികളായി. സംസ്ഥാനത്ത് ആദ്യമായാണ് വികേന്ദ്രീകൃതാസൂത്രണ രജതജൂബിലി ഇത്തരത്തില്‍ സംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണ സമിതി, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 

date