കാക്കനാട് ക്യൂ ലൈഫ് ഫാര്‍മയില്‍ പരിശോധന; അനധികൃതമായി സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പിടിച്ചെടുത്തു
കാക്കനാട് ക്യൂ ലൈഫ് ഫാര്‍മ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എറണാകുളം അസിസ്റ്റന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സാജുവിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് അനധികൃതമായി വില്‍പ്പനയ്ക്കു സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പിടിച്ചെടുത്തു.
ധാരാളം മരുന്നുകള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.പിടിച്ചെടുത്ത മരുന്നുകളും ബന്ധപ്പെട്ട രേഖകളും കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയതായും അസിസ്റ്റന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
ഡിഎല്‍എഫ് ന്യൂട്ടണ്‍ ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലാണ് ക്യൂ ലൈഫ് ഫാര്‍മ പ്രവര്‍ത്തിച്ചിരുന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുളള ഫ്‌ളാറ്റ് സമുച്ചയമായതിനാല്‍ സാധാരണ ജനങ്ങള്‍ക്കു കെട്ടിടത്തില്‍ കയറുന്നത് അത്ര എളുപ്പമല്ല. ഇതിന്റെ മറവില്‍ മരുന്നുകള്‍ നിയമ വിരുദ്ധമായി ഫ്‌ളാറ്റ് നിവാസികള്‍ക്കു വില്‍പ്പന നടത്തി വന്നിരുന്നതായി അസിസ്റ്റന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് ആക്ട് ചട്ടങ്ങള്‍ ലംഘിച്ചു മരുന്നു വ്യാപാരം നടത്തിയതിനു സ്ഥാപനത്തിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചു. പരിശോധനയില്‍ ഡ്രഗ്‌സ് ഇന്‍സ്പക്ടര്‍മാരായ ടി.ഐ ജോഷി, റെസി തോമസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments