Skip to main content

സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാക്കുന്നതിന് കുട്ടികള്‍ പ്രയത്‌നിക്കണം: ജില്ലാ കളക്ടര്‍ 

ദേശീയ ബാലികാദിനാചരണം: 

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 
കുട്ടികളെ അനുമോദിച്ചു 

 

    കുട്ടികള്‍ സ്വപ്നങ്ങള്‍ കാണുകയും അവ നേടിയെടുക്കുന്നതിന് പ്രയത്‌നിക്കണമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു.  വനിതാ ശിശു വികസന വകുപ്പിന്റെ ദേശീയ ബാലികാദിന-വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികളുമായി സംവദിക്കുകയായിരുന്നു കളക്ടര്‍. 

    സംവാദത്തില്‍ കുട്ടികളില്‍ ഒരാള്‍ക്ക് അറിയേണ്ടിരുന്നത് ഐഎഎസ് നേടാന്‍ പ്രചോദനം എന്തായിരുന്നു എന്നതായിരുന്നു. ഒരു എട്ടാം ക്ലാസുകാരനില്‍ ഉണ്ടായ വളരെ ലളിതമായി ആഗ്രഹമാണ് ഐഎഎസ് കാരനാക്കിയതെന്ന് കളക്ടര്‍ മറുപടി പറഞ്ഞു. 

    ഓണ്‍ലൈന്‍ മുഖേന സംഘടിപ്പിച്ച പരിപാടിയില്‍ . ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും കഴിവ് തെളിയിച്ച 10 കുട്ടികളെ ജില്ലാ കളക്ടര്‍ അനുമോദിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുന്ന മുറയ്ക്ക് കുട്ടികളെ നേരില്‍ കാണാനുള്ള അവസരം ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് മഹാമാരിക്കാലത്തും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനും കുട്ടികളുടെ കഴിവിനനുസരിച്ച് പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.  ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ മികവ് ദേശീയ ശ്രദ്ധ നേടുമെന്നതും അഭിമാനകരമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

    നീന്തല്‍ ബാക്ക് സ്‌ട്രോക്ക് 100 മീറ്റര്‍ ദേശീയ റെക്കോര്‍ഡ് കരസ്ഥമാക്കിയ ശ്രേയ ബിനില്‍ (12), കൂട്ടുകാരന്റെ ജീവന്‍ രക്ഷിച്ച് ഉത്തം ജീവന്‍ പുരസ്‌കാര്‍ ജേതാവായ അല്‍ഫാസ് ബാവ (13), ചിത്രരചനയിലും, പെയിന്റിംഗിലും മികവുതീര്‍ത്ത പി.എസ് അമീര്‍ഷ (14), കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യുവജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി യൂറോപ്യന്‍ എന്ന അന്താരാഷ്ട്ര സംഘടന ആരംഭിച്ച്, ഗ്രീന്‍ ഡിഫറന്‍സ് അവാര്‍ഡ് ജേതാവ് ഐലിയ ട്രീസ (17), പെരിയാര്‍ നീന്തിക്കടന്ന 12  കാരി സബീഹ, തുടര്‍ച്ചയായി 2 മണിക്കൂര്‍ ഭരതനാട്ട്യം അവതരിപ്പിച്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവായ എസ്.ദിവ്യ (17), ഇംഗ്ലീഷ് ഭാഷയിലെ നീളമുള്ള 10 വാക്കുകളും അര്‍ത്ഥവും ചുരുങ്ങിയ സമയത്തില്‍ ഉച്ചരിച്ചതില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ കീര്‍ത്തന വി.ആനന്ദ് (14), കേരള റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് നിസാം (15), വേദിക് മാത്‌സ്, മെന്റല്‍ മാത്‌സ് എന്നിവയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച് ഉജ്ജ്വല ബാല്യം പുരസ്‌കാരം ജേതാവായ എസ്.പൈ സുമിഷ(12), ചെറുപ്രായത്തില്‍ തന്നെ ഫോട്ടോഗ്രാഫിയില്‍ മികവുറ്റ കാഴ്ചകള്‍ ഒപ്പിയെടുത്തതും ഉജ്ജ്വലബാല്യം പുരസ്‌കാരം ജേതാവുമായ ആന്‍ലിന അജു എന്നിവരായിരുന്ന പരിപാടിയില്‍ പങ്കെടുത്ത 10 കുട്ടികള്‍.
    
    എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍  കെ.എസ് സിനി സ്വാഗതം പറഞ്ഞു.  പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഹഫ്‌സീന, സൈക്കോളജിസ്റ്റ് റിഞ്ചു എന്നിവര്‍ പങ്കെടുത്തു.

date