Skip to main content

നിയമം നടപ്പാക്കുമ്പോള്‍ മനുഷ്യത്വം പരഗണിക്കണം:ജില്ലാ കലക്ടര്‍  വന്യജീവി ആക്രമണം ഃ വനം വകുപ്പിന്റെ സമഗ്ര പദ്ധതി കിഫ്ബിയില്‍ സമര്‍പ്പിക്കുമെന്ന് ആസൂത്രണ സമിതി

    സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം എത്രയും വേഗത്തില്‍ ജനങ്ങളിലെത്തിക്കാന്‍ നിയമ പരിധിയില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ആസൂത്രണ സമിതി അദ്ധ്യക്ഷന്‍ ജില്ലാ കലക്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അനുവദിക്കുന്ന വികസന ഫണ്ട് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കാനും ചെലവഴിക്കാനും കാലതാമസം വരുത്തുന്നത് ഗൗരവമായി കണക്കാക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി. എം.എല്‍.എ.മാരുടെ ആസ്തിവികസന ഫണ്ടിന്റെ വിനിയോഗത്തില്‍ എന്തെങ്കിലും വിധത്തിലുള്ള തടസ്സങ്ങളുണ്ടെങ്കില്‍ അവരെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും എം.
എല്‍.എ മാരുടെ പരാതിയ്ക്ക് മറുപടിയായി കലക്ടര്‍ നിര്‍ദ്ദേശിച്ചു.
    ആസ്പിരേഷണല്‍ ഡിസ്‌ക്ട്രിറ്റ് പദ്ധതി തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായത് ഫെഡറല്‍ സംവിധാനത്തോടുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം മൂലമാണെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍എ വിശദീകരിച്ചു. 
    മനുഷ്യവാസ മേഖലയിലേക്കുള്ള വന്യ ജീവി ആക്രമണം ലഘൂകരിക്കുന്നതിന് വനം വകുപ്പ് തയ്യാറാക്കിയ സമഗ്ര പദ്ധതി കിഫ്ബിയില്‍ പരിഗണിക്കുന്നതിന് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ജില്ലാ വികസന സമിതി തീരുമാനിച്ചു. റയില്‍ ഫെന്‍സിങാണ് വനംവകുപ്പി ന്റെ പദ്ധതി. 2018-19 വാര്‍ഷിക പദ്ധതിയില്‍ കല്‍പ്പറ്റ ടൗണ്‍ നവീകരിക്കുന്നതിന് 2 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഡിറ്റിപിസി, പരിസ്ഥിതി സൗഹൃദ ശുചിമുറികള്‍ സ്ഥാപിക്കുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കല്‍പ്പറ്റ ആദിവാസി കോളനിയില്‍ വൈദ്യുതി കാലുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള തുക പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നല്‍കും. വീടുകളുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് മേച്ചില്‍ ഷീറ്റ് വാങ്ങി നല്‍കി. കാരാപ്പുഴ പുനരധിവാസ സര്‍വ്വെ സംഘത്തിന് വാഹന വാടക വകുപ്പ് നല്‍കി. കാക്കത്തോട് കോളനി നിവാസികളെ പുനരധിവസിപ്പിച്ചു. ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ ഓപ്പറേഷന്‍ തിയേറ്റര്‍ നവീകരിക്കുന്നതിന് നിര്‍മ്മിതിയെ ചുമതലപ്പെടുത്തി. വണ്‍സ്റ്റോപ്പ് സെന്ററില്‍ ജീവനക്കാരെ നിയമിക്കുന്ന നടപടി പൂര്‍ത്തിയായി വരുന്നതായും ഐ.ടി.ഡി.പി. ഓഫീസര്‍ അറിയിച്ചു.  ജില്ലയില്‍ പൂര്‍ത്തിയാക്കാനുള്ള സ്മാര്‍ട്ട് സ്‌കൂളുകളുടെ പട്ടിക എം.എല്‍.എ മാര്‍ക്ക് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൈത്തിരി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം സംബന്ധിച്ച തര്‍ക്കം പരിഹരിച്ചതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ.പി. മേഴ്‌സി യോഗത്തെ അറിയിച്ചു. നൂല്‍പ്പുഴ പട്ടികവര്‍ഗ്ഗ ഭവന നിര്‍മ്മാണ സൊസൈറ്റിക്ക് പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഭവന നിര്‍മ്മാണപ്രവൃത്തികള്‍ നല്‍കുന്നുണ്ടെന്ന് ഇതിനുള്ള ചോദ്യത്തിന് ഐ.ടി.ഡി.പി ഓഫീസര്‍ മറുപടി നല്‍കി.
    ഒ.ആര്‍. കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, എഡിഎം കെ.എം. രാജു, സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫീസറുടെ ചുമതലയുള്ള സുഭദ്രാ നായര്‍, നോര്‍ത്ത് ഡി.എഫ്.ഒ കെ.സി. പ്രസാദ് നിര്‍വ്വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതി യോഗത്തില്‍ സംബന്ധിച്ചു.
 

date