Skip to main content

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചിത്രോത്സവം സംഘടിപ്പിച്ചു

 

    പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി  പരിസ്ഥിതി സൗഹൃദചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്‌നേഹവും പരിസ്ഥിതിതി ബോധവും വര്‍ദ്ധിപ്പിക്കുന്നതിനും കുട്ടികളെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രകൃതി കൃഷി പഠിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന, പ്രകൃതി സ്‌കൂളിന്റെ പ്രചാരണാര്‍ത്ഥമാണു പരിപാടി സംഘടിപ്പിച്ചത്. 

    പറവൂര്‍ ബ്ലോക്കിലെ എല്ലാ വിദ്യാലയങ്ങളിലേയും 14407 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 25 കേന്ദ്രങ്ങളിലാണു ചിത്രോത്സവം സംഘടിപ്പിച്ചത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ഉദ്ഘാടനം ചിത്രകാരന്‍ ഡാവിഞ്ചി സുരേഷിന്റെ മകന്‍ പി.എസ് ഇന്ദ്രജിത്ത് നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ് എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷാജി, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്‍, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി വിന്‍സെന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ഷാരോണ്‍ പനയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

      ചെടികളും പൂക്കളും  മരങ്ങളും ചിത്രശലഭങ്ങളും നെല്‍പ്പാടവും കാട്ടരുവികളും വന്യമൃഗങ്ങളും വനശീകരണവും കൃഷിയിടങ്ങളും വീടും അമ്പലവും കളിസ്ഥലവും ആശുപത്രിയും തുടങ്ങി കൊറോണാ വൈറസ് വരെ കുട്ടികള്‍  വരച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയ്‌നുകളിലൂടെ ബ്ലോക്ക് പഞ്ചായത്തിനെ കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി വരികയാണ്.

date