Skip to main content

കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍  നികത്താം എന്ന സന്ദേശവുമായി ലോക കാന്‍സര്‍ ദിനം 

 

    എല്ലാവര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍(അര്‍ബുദ) ദിനമായി ആചരിക്കുകയാണ്. ഈ വര്‍ഷത്തെ സന്ദേശം കാന്‍സര്‍ പരിചരണത്തിലെ  അപര്യാപ്തതകള്‍ നികത്താം (Close the care Gap) എന്നതാണ്. കാന്‍സര്‍ പരിചരണത്തിലെ പ്രാദേശിക സാമ്പത്തിക, വിദ്യാഭ്യാസ, ലിംഗപരമായ അസമത്വങ്ങള്‍ ഇല്ലാതാക്കി എല്ലാവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിനം ആഹ്വാനം ചെയ്യുന്നു.

    അര്‍ബുദ രോഗത്തെകുറിച്ചും പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയാണു ലോക അര്‍ബുദ ദിനാചരണം വഴി ലക്ഷ്യമിടുന്നത്. ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികളാണു സംഘടിപ്പിക്കുന്നത്. ഇന്ന്(ഫെബ്രുവരി 4 വെള്ളി) ജില്ലാ തല ദിനാചരണ പരിപാടികളുടെ ഭാഗമായി കോവിഡ് പഞ്ചാത്തലത്തില്‍ കാന്‍സര്‍ പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തും. 
    
    കാന്‍സര്‍ പ്രതിരോധത്തില്‍ പതിവ് പരിശോധനകളുടെ പ്രാധാന്യം ഏറെയാണ്. പ്രാരംഭ ദശയില്‍ കണ്ടുപിടിച്ചാല്‍ പലയിനം ക്യാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാനാകും. പതിവ് പരിശോധനകള്‍ കൃത്യതയോടെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ തുടങ്ങിയവയിലൂടെ അര്‍ബുദത്തെ നമുക്ക് കീഴ്‌പ്പെടുത്താം.

    ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളായ ലീനിയര്‍ ആക്‌സിലറേറ്റര്‍, എം.ആര്‍.ഐ, കീമോ തെറാപ്പി, റേഡിയോ തെറാപ്പി എന്നിവ ലഭ്യമാണ്. കൂടാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കീമോതെറാപ്പി ചികിത്സയും  ലഭ്യമാണ്.

 

എറണാകുളം ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടി 

 

     കാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചു ചികിത്സയുടെ ഫലം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പരിപാടിയാണ് എറണാകുളം ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടി. എറണാകുളം ജില്ല കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 2019 ല്‍ ഹബ് & സ്‌പോക്ക് സംവിധാനം ആരംഭിച്ചു. വായിലെ കാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയെക്കുറിച്ച് ബോധവത്ക്കരണം നടത്തുക, കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുന്നതിനായി പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹികാരോഗ്യ കേന്ദ്ര തലങ്ങളില്‍ സ്‌ക്രീനിങ്ങ് നടത്തി രോഗം സംശയിക്കുന്നവരെ റഫര്‍ ചെയ്ത് വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സംവിധാനം ഒരുക്കുന്നു. ജില്ലയിലെ 11 താലൂക്ക് ആശുപത്രികളില്‍ നിന്നും FNAC , Pap Smear, biopsy തുടങ്ങിയ പരിശോധനകള്‍ നടത്തുകയും സാമ്പിളുകള്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ സാമ്പിള്‍ കളക്ഷന്‍ സംവിധാനത്തിലൂടെ എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് അയക്കുകയും തുടര്‍ന്ന് അതേ സംവിധാനത്തിലൂടെ പരിശോധനാ ഫലം ലഭ്യമാക്കി ചികിത്സ ആവശ്യമായവര്‍ക്ക് എറണാകുളം ജനറല്‍ ആശുപത്രി വഴിയും സി.സി.ആര്‍.സി വഴിയും ലഭ്യമാക്കുന്നു. കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും താഴെത്തട്ടില്‍ നിന്നും തുടങ്ങി കാന്‍സര്‍ ചികിത്സാരംഗത്ത് സമഗ്രമായ മാറ്റം ഉണ്ടാക്കുന്നതിനും ഇതിലൂടെ ചികിത്സ ചെലവ് കുറയ്ക്കാനും സാധിക്കും. 2021 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെ 2495 കാന്‍സര്‍ കേസുകള്‍ ജില്ലയില്‍ പുതിയതായി കണ്ടെത്തി

 

എന്താണ് കാന്‍സര്‍ ? 

    അനിയന്ത്രിതമായ കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിക്കുന്ന അവസ്ഥയാണ് അര്‍ബുദം അഥവാ കാന്‍സര്‍. 

 

ശരീരത്തില്‍ കാന്‍സര്‍ ബാധിക്കുന്നത് ഏതൊക്കെ അവയവങ്ങളെ?
 
    ശരീരത്തിലെ ഏത് അവയവത്തെയും കാന്‍സര്‍ ബാധിക്കാം. എല്ലാതരം കാന്‍സറുകളും ഇന്ത്യയില്‍ കാണുന്നുണ്ട്. വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍, ശ്വാസകോശ അര്‍ബുദം, ആമാശയ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയാണു പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന തരം കാന്‍സറുകള്‍. ഗര്‍ഭാശയ ക്യാന്‍സര്‍, സ്താനര്‍ബുദം, തൈറോയിഡ് കാന്‍സര്‍, വായിലും തൊണ്ടയിലും വരുന്ന കാന്‍സര്‍ തുടങ്ങിയവയാണു സ്ത്രീകളില്‍ കൂടുതലായി കാണുന്ന കാന്‍സര്‍ വിഭാഗങ്ങള്‍.

 

കാന്‍സറിന്റെ ആരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാം 

    ഓരോരുത്തരിലും കാന്‍സര്‍ ഓരോ രൂപത്തിലാണു വരിക. എന്നാല്‍ ആരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ സുഖപ്പെടുത്താന്‍ സാധിക്കുന്ന രോഗമാണ് കാന്‍സര്‍. കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കില്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

 

കാന്‍സറിന്റെ ലക്ഷണങ്ങള്‍ 

    ശരീരത്തില്‍ കാണപ്പെടുന്ന വേദനയില്ലാത്ത മുഴകളും തടിപ്പുകളും. 

    മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍.

    വായിക്കുള്ളില്‍ വെള്ള നിറത്തിലോ ചുവന്ന നിറത്തിലോ ഉള്ള പാടുകള്‍.

    സ്തനങ്ങളില്‍ വേദനയില്ലാത്ത മുഴകള്‍, വീക്കം. പെട്ടന്നുള്ള ഭാരക്കുറവും വിളര്‍ച്ചയും.

    വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും, രക്തം ചുമച്ച് തുപ്പുക.

    മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.അസ്വഭാവികമായ രക്തസ്രാവം / വെള്ളപോക്ക്

    ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്‌നങ്ങളും. നിരന്തരമായ തലവേദന, ഛര്‍ദ്ദി തുടങ്ങിയവ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകാം. ഈ ലക്ഷണങ്ങള്‍ ഏറെങ്കിലും കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

 

കാന്‍സറിനെ തടയാന്‍ കഴിയും

    
     കാന്‍സര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്നു നമ്മുടെ ആരോഗ്യരംഗം ഉയര്‍ന്നുകഴിഞ്ഞു. പക്ഷേ നമ്മുടെ ജീവിത രീതികള്‍ രോഗത്തെ ക്ഷണിച്ചു വരുത്തിക്കൊണ്ടിരിക്കുകയാണ്. 

    വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമെല്ലാം കാന്‍സര്‍ പിടിപെടുന്നതിനു രണ്ടു പ്രധാനകാരണങ്ങളാണ്. പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധി വരെ നമുക്ക് കാന്‍സറിനെ ചെറുക്കാന്‍ കഴിയുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.വി.ജയശ്രീ പറഞ്ഞു.

എറണാകുളം . 3/2 / 2022

 

date