Skip to main content

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കും. പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആർ. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ളവയ്ക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു.
എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തിൽ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 (ഞായറാഴ്ച) ഇത് ബാധകമാണ്. ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വർഷവും പൊങ്കാലയിടുന്നത് വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം.
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ 85 ശതമാനവും കുട്ടികളുടെ വാക്‌സിനേഷൻ 72 ശതമാനവും പൂർത്തീകരിച്ചു.
ജില്ലകളുടെ കാറ്റഗറിയിൽ മാറ്റം വന്നിട്ടുണ്ട്. 'സി' കാറ്റഗറിയിൽ കൊല്ലം ജില്ല മാത്രമാണുള്ളത്. കാറ്റഗറി 'ബി' യിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ കാറ്റഗറി 'എ' യിൽപ്പെടും. കാസർഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല.
പി.എൻ.എക്സ്. 500/2022

 

date