ജില്ലയില്‍ പനി ക്ലിനിക്കുകള്‍ സജീവമാക്കാന്‍ ജില്ലാ വികസന സമിതി നിര്‍ദ്ദേശം
കാക്കനാട്: പനികഌനിക്കുകള്‍ ജില്ലയില്‍ സജീവമാക്കണമെന്നും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഭൂമി കയ്യേറ്റം ഒഴിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ജില്ലാ വികസനസമിതിയില്‍ എംഎല്‍എമാര്‍ ഉന്നയിച്ചു.
മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പനി ക്ലിനിക്കുകള്‍ സജീവമാക്കാന്‍ മൂവാറ്റുപുഴ. എല്‍ദോ എബ്രഹാം എംഎല്‍എയാണ് ആവശ്യപ്പെട്ടത്. പനിയ്ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകാണ്. ഫലപ്രദമായ ചികിത്സ ഉറപ്പു വരുത്തുന്നതിന് ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരിങ്ങളയില്‍ തുണി കഴുകുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണു കാണാതായ സരസ്വതി എന്ന വീട്ടമ്മയെ കണ്ടെത്തുന്നതിനും കുടുംബത്തിന് സഹായമെത്തിക്കുന്നതിനും ജില്ലാ ഭരണകൂടം മുന്‍കൈയ്യെടുക്കണമെന്നും ആവശ്യപ്പെട്ടു. പൊതുനിരത്തില്‍ അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ ലേലനടപടികള്‍ പൂര്‍ത്തിയാക്കി മുറിച്ചുമാറ്റണമെന്നും എം.എല്‍.എ. പറഞ്ഞു. മുളവൂര്‍ വില്ലേജിനെ സ്മാര്‍ട്ട് വില്ലേജാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്‌കൂളുകള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളോ കെട്ടിടങ്ങളോ പൊളിച്ചു മാറ്റുന്നത് അധ്യയനത്തെ ബാധിക്കാതിരിക്കാന്‍ ബദല്‍ സംവിധാനമൊരുക്കണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു. വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് ഓട്ടോറിക്ഷകള്‍ പോകുന്നതും അവയുടെ അശ്രദ്ധമായ ഡ്രൈവിങ്ങും നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഹോട്ടലുകളോടു ചേര്‍ന്നുള്ള കിണറുകളും ശുചിമുറികളും പരിശോധിച്ച് ശുചിത്വം ഉറപ്പുവരുത്താന്‍ അദ്ദേഹം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഇത്തരം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്താനും ആവശ്യപ്പെട്ടു.
കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി കണയന്നൂര്‍ താലൂക്കിലെ പുറമ്പോക്കു ഭൂമിയില്‍നിന്നും ഒഴിപ്പിച്ച കുടുംബത്തിന് ആറു ലക്ഷം രൂപയും വീടും നല്‍കാമെന്ന് അധികൃതര്‍ നല്‍കിയിരുന്ന വാക്കു പാലിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് തൃക്കാക്കര എം.എല്‍.എ. പി.ടി.തോമസ് ആവശ്യപ്പെട്ടു. കാക്കനാടുവഴി തിരുക്കൊച്ചി, ആലുവ, പെരുമ്പാവൂര്‍ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. നടത്തിയിരുന്ന സര്‍വ്വീസുകള്‍ മുടങ്ങിയതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടു. പെരിയാര്‍വാലി കനാലിന്റെ ഭൂമിയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു. 95 ശതമാനം കൈയ്യേറ്റം ഒഴിപ്പിച്ചതായും അടുത്ത ജില്ലാ വികസന സമിതിക്കകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാമെന്നും പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. റോഡിനു സമീപം അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ഉണക്കമരങ്ങള്‍ മുറിച്ചുനീക്കാനും നിര്‍ദ്ദേശിച്ചു. കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചതുമൂലം ഇടപ്പള്ളി തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ടതായും മാലിന്യം നീക്കാന്‍ കൊച്ചി മെട്രോ അധികൃതരെ ചുമതലപ്പെടുത്തണമെന്നും വാട്ടര്‍ അതോറിറ്റി അധികൃതരോടാവശ്യപ്പെട്ടു. ഇടപ്പള്ളി- കുണ്ടന്നൂര്‍ റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ സ്ഥിരമായ ടെണ്ടര്‍ നല്‍കിയ സാഹചര്യത്തില്‍ പ്രവര്‍ത്തനം ഫലപ്രദമെന്നുറപ്പുവരുത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
ചിത്രപ്പുഴ- കരിമുഗള്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളമമെന്ന് കുന്നത്തുനാട് എം.എല്‍.എ.വി.പി.സജീന്ദ്രന്‍ ആവശ്യപ്പെട്ടു. കോടഞ്ചേരി കോടതിയ്ക്കു സമീപം റോഡ് പൊളിഞ്ഞതു നന്നാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. കടയിരുപ്പ് സ്‌കൂളിനു മുന്നിലും അഗാധ ഗര്‍ത്തമുണ്ട്. കക്കാട്ടുപാറ സ്‌കൂളിനു മുന്നിലെ വെള്ളക്കെട്ടിനും പരിഹാരമായിട്ടില്ല. ഇവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. മഞ്ഞപ്പെട്ടിയില്‍ കെ.എസ്.ഇ.ബി. ഓഫീസ് നിര്‍മ്മിക്കുന്നതിന് പ്രദേശവാസിയായ ഒരാള്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കിയിട്ടും നെല്‍ വയലാണെന്ന കാരണത്താല്‍ നിര്‍മ്മാണം മുടങ്ങിയിരുന്നു. എന്നാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവനുവദിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് വീണ്ടും റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടു. മഞ്ഞപ്പെട്ടി മുതല്‍ പെരിയാര്‍വരെയുള്ള പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും നിര്‍ദ്ദേശിച്ചു. ഐക്കരനാട് പഞ്ചായത്തിലെ പുതുക്കാട് കോളനിയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുവഴി കലക്കവെള്ളമെത്തുന്നതിന്റെ കാരണം മനസ്സിലാക്കി പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്ന് പറവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ രമേഷ് കുറുപ്പ് ആവശ്യപ്പെട്ടു.
ഇന്‍ഫോപാര്‍ക്ക് മുതല്‍ തുറവൂര്‍ വരെ വൈകുന്നേരത്ത് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് ആരംഭിച്ചതായി ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ് യോഗത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് ഇന്‍ഫോപാര്‍ക്ക് പരിസരത്തുനിന്നും ബസ്സ് പുറപ്പെടും. ഡെപ്യൂട്ടി കലക്ടര്‍ എം.പി.ജോസ്, തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എം.ടി.ഓമന, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments