Skip to main content

അതിയന്നൂരില്‍ ഹരിതസമൃദ്ധി; ഉല്‍പ്പാദിപ്പിച്ചത് 1,15,015 വൃക്ഷത്തൈകള്‍

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിയന്നൂര്‍ ബ്ലോക്കിലെ വിവിധ കാര്‍ഷിക നഴ്‌സറികളിലായി ഈ വര്‍ഷം ഉല്‍പ്പാദിപ്പിച്ചത് 1,15,015 വൃക്ഷത്തൈകള്‍. ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സ്‌കൂളുകളിലും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും റോഡിന്റെ പാതയോരങ്ങളിലും ഫലവൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൈകള്‍ ഉല്‍പ്പാദിപ്പിച്ചത്. അറുപതു നഴ്‌സറികള്‍ രൂപീകരിച്ചിട്ടുണ്ട്.

പരിസ്ഥിതി ദിനത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ സ്‌കൂളുകളില്‍ 14,534 വൃക്ഷത്തെകള്‍ വിതരണം ചെയ്തു.   പഞ്ചായത്തുകളില്‍ ലഭ്യമായ പൊതുസ്വകാര്യ ഭൂമികളില്‍ പരമാവധി തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കശുമാവ്, മാവ്, പ്ലാവ്, പേര, സപ്പോട്ട, കുടംപുളി, വേപ്പ്, നെല്ലി, മുരിങ്ങ, കറിവേപ്പ്, പുളി, സീതപ്പഴം, മന്ദാരം, മഹാഗണി, പപ്പായ, ചാമ്പക്ക, മള്‍ബറി, പതിമുഖം, മാഞ്ചിയം, അശോകതെറ്റി, നൊച്ചി, ജാതിക്ക, തേക്ക്, ഞാവല്‍, ചതുരപുളി, മാതളം, നാരകം, ആഞ്ഞിലി, പുളിഞ്ചിക്ക, കുരുമുളക്, മുട്ടപ്പഴം, കൊക്കോ, അഗസ്തി, പിണര്‍, കാര, മഞ്ചാടി, പുളി, വാക, ആടലോടകം, വയണ, ആനമുന്തിരി എന്നിവയുടെ തൈകളാണ് നിലവില്‍ ബ്ലോക്കിലെ നഴ്‌സറികളില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
(പി.ആര്‍.പി 1761/2018)

 

date