Skip to main content

പാല്‍ ഉല്‍പാദനത്തില്‍ നേമം സ്വയം പര്യാപ്തം; ദിവസവും ഉത്പാദിപ്പിക്കുന്നത് 18,400 ലിറ്റര്‍

 

ക്ഷീര കര്‍ഷകരില്‍ നിന്നും പരമാവധി പാല്‍ ശേഖരിച്ച് ക്ഷീരസംഘങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി നേമം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതികള്‍ വിജയകരം. ഇതു പ്രകാരം പ്രതിദിനം 18,400 ലിറ്റര്‍ പാലാണ് ബ്ലോക്കിന് കീഴിലെ ക്ഷീരസംഘങ്ങളില്‍ എത്തുന്നത്. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടിയതായും ക്ഷീര വികസനമേഖലയില്‍ ഒന്നേകാല്‍ കോടി രൂപയുടെ പ്രവര്‍ത്തനമാണ് പഞ്ചായത്തിന് കീഴില്‍ നടന്നതെന്നും നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള കുമാരി പറഞ്ഞു.

ഒരു ലിറ്റല്‍ പാലിന് നാലു രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണ് കര്‍ഷകരെ ഏറെ ആകര്‍ഷിച്ചത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, സര്‍ക്കാരും ചേര്‍ന്ന് ഓരോ രൂപ വീതമാണ് സബ്‌സിഡി നല്‍കുന്നത്.  കാലിത്തീറ്റയ്ക്ക് സബ്‌സിഡി നല്‍കുന്ന പദ്ധതിയുമുണ്ട്. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്കും വനിതകള്‍ക്കും 50 ശതമാനവും എസ്.സി വിഭാഗത്തിലുള്ളവര്‍ക്ക് 75 ശതമാനവുമാണ് സബ്‌സിഡിയായി നല്‍കുന്നത്. പരമാവധി 10,000 രൂപ വരെ കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ ലഭിക്കും.

സബ്‌സിഡി തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നു. നിലവില്‍ 500 ഗുണഭോക്താക്കളാണ് പഞ്ചായത്തിന് കീഴിലുള്ളത്. ക്ഷീരകര്‍ഷകര്‍ക്കായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതികള്‍ വന്‍ വിജയമായതു കൊണ്ടു തന്നെ ഈ സാമ്പത്തിക വര്‍ഷവും തുടര്‍ പദ്ധതിയായി അവ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമത്തിലൂടെ കര്‍ഷകരിലേക്ക് എത്തിക്കാനായതാണ് ക്ഷീരമേഖലയിലെ വിപ്ലവത്തിന് കാരണമായതെന്നും പ്രസിഡന്റ് പറഞ്ഞു.

(പി.ആര്‍.പി 1765/2018)

 

date