Skip to main content

ചെല്ലാനം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും; ബസാര്‍ ഭാഗവും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി

 

 

ചെല്ലാനം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും;
ബസാര്‍ ഭാഗവും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി

 

മന്ത്രി റോഷി അഗസ്റ്റിന്‍ പ്രദേശം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി

 

    ചെല്ലാനം തീരപ്രദേശത്തെ കടലാക്രമണത്തില്‍ നിന്നു സംരക്ഷിക്കുന്നതിനായി ജലവിഭവവകുപ്പിനു കീഴില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പ്രദേശം സന്ദര്‍ശിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. ബസാര്‍ ഭാഗത്ത് ഉടന്‍ പണി തുടങ്ങണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ഇതുകൂടി ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. 

    ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനു കീഴില്‍ ജലവിഭവ വകുപ്പിലെ എന്‍ജിനീയര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേകം രൂപീകരിച്ച പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ മേല്‍നോട്ടത്തിലാണു കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നത്.

    10 കിലോമീറ്റര്‍ കടല്‍ത്തീരത്ത് ആദ്യഘട്ടമായി 7.65 കിലോമീറ്റര്‍ ദൂരം കടല്‍ഭിത്തി നിര്‍മിക്കാനാണു കരാറായിട്ടുള്ളത്.  പുലിമുട്ടുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കുറേക്കൂടി വ്യക്തത സാങ്കേതിക വിദഗ്ധരുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടിയിരുന്നതിനാല്‍, അവശേഷിക്കുന്ന 2.35 കിലോമീറ്റര്‍ ദൂരവും കണ്ണമാലി, ബസാര്‍ പുലിമുട്ടുകളും ഉള്‍പ്പെടുത്തി രണ്ടാംഘട്ടമായി ടെന്‍ഡര്‍ വിളിച്ച് പദ്ധതി പൂര്‍ത്തിയാക്കായിരുന്നു പദ്ധതി. ബസാര്‍ ഭാഗത്തെ പണികള്‍കൂടി ഉടന്‍ നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച ടെക്‌നിക്കല്‍ കമ്മിറ്റി നിലവിലെ കരാറില്‍ ഉള്‍പ്പെടുത്തി ബസാര്‍ ഭാഗത്തെ പുലിമുട്ടും അനുബന്ധിച്ചുള്ള കടല്‍ഭിത്തിയും പണിയുന്നതിന് അനുമതി നല്‍കുകയായിരുന്നു. കിഫ്ബിയില്‍ നിന്നുള്ള അനുവാദം ലഭിച്ചാലുടന്‍ രണ്ടാംഘട്ടവും ടെന്‍ഡര്‍ ചെയ്യും.

    ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയും കണ്ണമാലി, ബസാര്‍ എന്നിവിടങ്ങളില്‍ പുലിമുട്ടുകളും നിര്‍മിക്കാനുള്ളതാണ് ചെല്ലാനം തീരസംരക്ഷണ പദ്ധതി. കടല്‍ഭിത്തിക്കായി 254 കോടി രൂപയ്ക്കും പുലിമുട്ടുകള്‍ക്കായി 90 കോടി രൂപയ്ക്കുമാണ് ഭരണാനുമതി ലഭിച്ചത്. 2016ലെ ഷെഡ്യൂള്‍ഡ് നിരക്കാണ് ഇതിനായി കണക്കാക്കിയിരുന്നത്. എന്നാല്‍ പദ്ധതി ടെന്‍ഡര്‍ ചെയ്തത് 2018ലെ ഷെഡ്യൂള്‍ഡ് റേറ്റ് അനുസരിച്ചാണ്. നിര്‍മാണചെലവുകള്‍ വര്‍ധിച്ചതിനാലും പ്രത്യേകം നിയോഗിക്കപ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച സാങ്കേതികകാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് പരിഷ്‌കരിച്ചതിനാലും അനുവദിക്കപ്പെട്ട 254 കോടി രൂപ ഉപയോഗിച്ച് 7.65 കിലോമീറ്റര്‍ ദൂരം മാത്രമേ കടല്‍ഭിത്തി നിര്‍മിക്കാനാകൂ. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ ഒന്നാംഘട്ടമെന്ന നിലയില്‍ അത്രയും ദൂരത്തിന് പദ്ധതി ടെന്‍ഡര്‍ ചെയ്ത് നിര്‍മാണം ആരംഭിച്ചിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനൊപ്പമാണ് ഇപ്പോള്‍ ബസാര്‍ പുലിമുട്ടുകൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 

    രണ്ടു ടണ്‍, 3.5 ടണ്‍ വീതം ഭാരമുള്ള ടെട്രാപോഡുകളാണ് കടല്‍ത്തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കരിങ്കല്ലിനൊപ്പം വിരിക്കുക. ഇതില്‍ രണ്ടു ടണ്ണിന്റെ ടെട്രോപോഡുകള്‍ കാസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. മൂന്നര ടണ്ണിന്റേത് സാംപിളുകളും നിര്‍മിച്ചിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വേ ബ്രിഡ്ജുകളുടെ നിര്‍മാണവും കരാറുകാര്‍ തുടങ്ങിക്കഴിഞ്ഞു. പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനായി  പ്രത്യേകം ഓഫീസ് ചെല്ലാനത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറുകാര്‍.

    കെ.ജെ. മാക്‌സി എംഎല്‍എയും  ജനപ്രതിനിധികളും മന്ത്രിയെ അനുഗമിച്ചു. കെഐഐഡിസി എം.ഡി. പ്രണബ്ജ്യോതി നാഥ്്, സി.ഇ.ഒ എസ്.തിലകന്‍, ചീഫ് എന്‍ജിനീയര്‍ ടെറന്‍സ് ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘവും കഴിഞ്ഞദിവസം പദ്ധതിപ്രദേശം സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തിയിരുന്നു.

 

date