Skip to main content

കുടുംബശ്രീ ഇനി നിര്‍മാണമേഖലയിലേക്കും

 

നിര്‍മാണമേഖലയില്‍ ഒരു കൈ നോക്കാന്‍ കുടുംബശ്രീയും. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ കുടുംബശ്രീ നിര്‍മാണ മേഖലയിലേയ്ക്ക് ചുവടുവെക്കുന്നത്. ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് പ്രത്യക്ഷത്തില്‍ കൈത്താങ്ങ് ആകുന്നതാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. തൊഴില്‍ വേതനം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂലി വാങ്ങാതെയുള്ള കുടുംബശ്രീയുടെ സഹായം നിര്‍ദ്ധനരായ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വലിയൊരു ആശ്വാസമാണ്.  സാധാരണയായി നാല് ഗഡുക്കളായാണ് ലൈഫ് മിഷന്‍ ഫണ്ട് അനുവദിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ തൊഴിലാളികള്‍ക്കുള്ള വേതനം ലൈഫ് ഗുണഭോക്താക്കളുടെ വലിയ വെല്ലുവിളിയാണ്. ഇതിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ നിര്‍മാണ പ്രവര്‍ത്തന സഹായ പദ്ധതിയിലൂടെ കുടുംബശ്രീയ്ക്ക് സാധിക്കും. നിര്‍മാണ പ്രവര്‍ത്തനത്തിലെ പരിശീലന പരിപാടിയുടെ ഭാഗമായാണ് ലൈഫ് വീടുകളുടെ നിര്‍മാണം കുടുംബശ്രീ ഏറ്റെടുക്കുന്നത്. വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകും. ഒരു പഞ്ചായത്തില്‍ പത്ത് മുതല്‍ പതിനഞ്ചു പേരടങ്ങുന്ന സംഘമാണ് പരിശീലനത്തിന്റെ ഭാഗമാകുന്നത്. നാനൂറ് ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണത്തിനാണ് കുടുംബശ്രീയെ ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നത്. വാര്‍ഡ് മെമ്പറും സിഡിഎസ് ചെയര്‍പേഴ്‌സണുമാണ് കുടുംബശ്രീ നിര്‍മാണ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും കീഴിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി കുടുംബശ്രീയെ പ്രാപ്തമാക്കുന്നതിനാണ് പദ്ധതി.                                            (പിഎന്‍പി 1734/18)

date