Skip to main content
സ്മാര്‍ട്ട് ആയി കുമ്പളങ്ങി ജി.യു.പി സ്‌കൂള്‍

സ്മാര്‍ട്ട് ആയി കുമ്പളങ്ങി ജി.യു.പി സ്‌കൂള്‍

 

    സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീകരിച്ച കുമ്പളങ്ങി ഗവ. യു.പി സ്‌കൂള്‍  ഉദ്ഘാടനം  ചെയ്തു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂള്‍ കെട്ടിടം നാടിനു സമര്‍പ്പിച്ചു. 

    സ്‌കൂള്‍തല ഉദ്ഘാടനം കെ.ജെ മാക്‌സി എം.എല്‍.എ നിര്‍വഹിച്ചു. കുമ്പളങ്ങിയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ മാതൃകപരമാണെന്ന് എം.എല്‍.എ പറഞ്ഞു. ചെല്ലാനം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വിജ്ഞാന സമൂഹം നിര്‍മിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമാണ്. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ വരുംനാളുകളില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്നതായും എം.എല്‍.എ പറഞ്ഞു.

    അഞ്ചു പുതിയ ക്ലാസ്മുറികള്‍, പുതിയ ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍ എന്നിവയാണു പുതുതായി നിര്‍മിച്ചത്. സര്‍ക്കാരിന്റെ ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണു സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം നടത്തിയിട്ടുള്ളത്. ഹൈടെക് ക്ലാസ് മുറികളായി മാറ്റാവുന്ന തരത്തിലാണു കെട്ടിട നിര്‍മാണം. പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ 245 വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

    കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു  അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജേക്കബ് ബെയ്‌സില്‍, പ്രധാന അധ്യാപകന്‍ പി.ജി സേവ്യര്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date