Skip to main content
വളയന്‍ചിറങ്ങര ജി.എല്‍.പി.എസ് പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

വളയന്‍ചിറങ്ങര ജി.എല്‍.പി.എസ് പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

 

     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വളയന്‍ചിറങ്ങര ജി.എല്‍.പി.എസ് സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തില്‍ ആകെ 53 സ്‌കൂളുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.  

    സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രാദേശിക ഉദ്ഘാടനം അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു.  അല്ലപ്ര സ്‌കൂള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപ ചെലവില്‍ പുതുക്കി പണിയുമെന്ന് എംഎല്‍എ പറഞ്ഞു. 

    സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.8 കോടി രൂപ ഉപയോഗിച്ചാണ് സ്‌കൂളിനു പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ക്ലാസ് മുറികള്‍, ലൈബ്രറി, ലാബ്, വായനാമുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്‌ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണു പുതിയ കെട്ടിടം.  പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ 25 ഡിവിഷനുകളിലായി 756 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. 

    വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി ഹമീദ് അധ്യക്ഷനായ ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി,  രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍, ടെല്‍ക് മുന്‍ ചെയര്‍മാന്‍ എന്‍.സി മോഹനന്‍, എസ്എംസി ചെയര്‍മാന്‍ കെ.അശോകന്‍, ഹെഡ്മിസ്ട്രസ് ഉഷ കെ.എ, പിടിഎ പ്രസിഡന്റ് വി.വിവേക് എന്നിവര്‍ പങ്കെടുത്തു.

 

date