Skip to main content
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി

ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്

        
        ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍, ജനപങ്കാളിത്തത്തോടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളുടെയും സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്. ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്താണു ഭരണസമതി മുന്നോട്ടു പോകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി പറയുന്നു. ബ്ലോക്കിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളേയും ഭാവി പദ്ധതികളേയുംകുറിച്ച് പ്രസിഡന്റ് സംസാരിക്കുന്നു.

ജനപങ്കാളിത്തത്തോടെ കോവിഡ് പ്രതിരോധം

        കോവിഡിനെതിരെ ജനപങ്കാളിത്തത്തോടെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളില്‍ നടപ്പിലാക്കിയത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആശാ പ്രവര്‍ത്തകര്‍, ദ്രുത കര്‍മസേന, വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ എന്നിവ ഏകോപിപ്പിച്ചു ശക്തമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.

        ബ്ലോക്ക് പരിധിയിലെ 8 പഞ്ചായത്തുകളിലും ആശാ പ്രവര്‍ത്തകര്‍ക്ക്  പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. ഒരു വാര്‍ഡില്‍ രണ്ടുവീതം 120 വാര്‍ഡുകളിലേക്ക് പള്‍സ് ഓക്‌സിമീറ്ററുകളും വിതരണം ചെയ്തു. കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ വഴി ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ധനരായ കുടുംബങ്ങള്‍ക്കു ഭക്ഷണം എത്തിച്ചു.

കരുത്തോടെ ആരോഗ്യമേഖല

         ആരോഗ്യമേഖലയിലെ സേവനങ്ങള്‍ എല്ലാവരിലും എത്തിക്കുന്നതിനായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിനായി അനുവദിച്ച 80 ശതമാനം തുകയും മറ്റൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനു മാറ്റിവച്ചു. കോവിഡ് കാലഘട്ടത്തില്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 56 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കാലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഒ.പി പ്രവര്‍ത്തനം വൈകിട്ട് 7 വരെ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കി. തുറവൂര്‍ പഞ്ചായത്തിന് ആംബുലന്‍സും കൈമാറി
 
സാന്ത്വനമായി പാലിയേറ്റീവ് കെയര്‍
   
     മറ്റൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം മുഖേന അഞ്ച് പഞ്ചായത്തുകളിലും അങ്കമാലി താലൂക്ക് ആശുപത്രി മുഖേന മൂന്ന് പഞ്ചായത്തുകളിലും സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനുള്ള തുക ബ്ലോക്ക് പഞ്ചായത്തില്‍ നിന്നാണ് അനുവദിക്കുന്നത്. കിടപ്പുരോഗികള്‍ക്ക് വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, മരുന്നുകള്‍ എന്നിവ നല്‍കുക, വീട്ടിലെത്തി പരിചരിക്കുക തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നുണ്ട്. കിടപ്പുരോഗികള്‍ക്കും വയോജനങ്ങള്‍ക്കും  കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വഴിയാണു നടപ്പിലാക്കിയത്.
     
അടിയന്തരഘട്ടത്തില്‍ കൈത്താങ്ങാകാന്‍
ദുരന്തനിവാരണ സന്നദ്ധസേന

        പ്രളയം രൂക്ഷമായി ബാധിച്ച അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ എല്ലാ ഡിവിഷനുകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 120 അംഗങ്ങളാണു ദുരന്തനിവാരണ സന്നദ്ധസേനയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കുള്ള വിദഗ്ധ പരിശീലനവും നല്‍കുന്നു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കൊടുങ്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങള്‍, കോവിഡ് മഹാമാരി, കരയിലും വെള്ളത്തിലുമുള്ള അപകടം, തീപിടിത്തം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കഴിയുന്ന രീതിയിലാണു സേനയെ സജ്ജമാക്കിയിട്ടുള്ളത്.
 
വികസനപാതയില്‍ വിദ്യാഭ്യാസ മേഖല

          കോവിഡ് ആഘാതം സൃഷ്ടിക്കുകയും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി മാറുകയും ചെയ്ത സാഹചര്യത്തില്‍ കുട്ടികളുടെ സഹായത്തിനും വികസനത്തിനുമായി മികച്ച രീതിയിലുള്ള ഇടപെടലുകളാണ് ബ്ലോക്ക് പഞ്ചായത്ത് നടത്തിയത്. സന്നദ്ധ സംഘടനകളും വ്യക്തികളുമായി ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍, ടാബ് തുടങ്ങിയ ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ എത്തിച്ചുനല്‍കി. പട്ടികജാതി വിഭാഗങ്ങള്‍ക്കായി മലയാറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുടെ പഠന മികവ് ഉയര്‍ത്തുന്നതിന് 9 റസിഡന്റ് ട്യൂട്ടര്‍മാരുടെ സേവനവും ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഉറപ്പാക്കി.
 
         ബ്ലോക്ക് പരിധിയിലെ 23 എയ്ഡഡ് സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ ഇന്‍സുലേറ്റര്‍ വിതരണത്തിനു സജ്ജമാണ്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മറ്റുമായി കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം വിദ്യാര്‍ത്ഥികളും സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് കൗണ്‍സിലിംഗും നടത്തുന്നുണ്ട്.
 
ഉണര്‍വോടെ കാര്‍ഷിക മേഖല

         കാര്‍ഷികമേഖലയുടെ പുനര്‍ജീവനം ലക്ഷ്യമിട്ട് പുതിയ കൃഷിരീതികളും കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിവരുന്നു. 30 ലക്ഷം രൂപയാണു കാര്‍ഷിക മേഖലയ്ക്കായി വകയിരുത്തിയത്. നെല്‍ കര്‍ഷകര്‍ക്ക് സബ്സിഡി, വളം, വിത്ത് വിതരണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്. ബ്ലോക്കിലെ അഗ്രോ സര്‍വീസ് സെന്റര്‍ വഴി പച്ചക്കറി തൈകള്‍ ഉല്പാദിപ്പിക്കുകയും കര്‍ഷകര്‍ക്കു വിതരണം ചെയ്യുകയും ചെയ്യുന്നു.  കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍ യന്ത്രം, കൊയ്ത്ത് യന്ത്രം തുടങ്ങിയ സഹായങ്ങളും നല്‍കി വരുന്നു.

        ഉയര്‍ന്ന ഉത്പാദനക്ഷമതയും ഗുണമേന്മയും ഉറപ്പുവരുത്തുന്ന പുതിയ കൃഷിരീതികളും കാര്യക്ഷമമായ ജലവിനിയോഗം പ്രയോജനപ്പെടുത്തി കാര്‍ഷികമേഖലയുടെ സമഗ്ര വികസനവുമാണു ലക്ഷ്യം. ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 4 രൂപ വീതമുള്ള സബ്‌സിഡി, തീറ്റപ്പുല്‍ സബ്‌സിഡിയും പശുവിനെ വാങ്ങുന്നതിനുള്ള സഹായവും ലഭ്യമാക്കുന്നു.
 
പ്രകൃതി സംരക്ഷണവുമായി തൊഴിലുറപ്പ് അംഗങ്ങള്‍

        നാടിന്റെ സമഗ്രവികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഒരുക്കുന്നു. മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരവധി പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. കുളങ്ങളുടെയും ചിറകളുടെയും പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും മുന്തിയ പരിഗണന നല്‍കുന്നു.
 
        കൃഷിയിടങ്ങളിലേക്കും പാടശേഖരങ്ങളിലേക്കുമുള്ള നീര്‍ച്ചാലുകളും, ലീഡിങ് ചാനലുകളും സംരക്ഷണവും കുളങ്ങളുടേയും ജലാശയങ്ങളുടേയും സംരക്ഷണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. വനസംരക്ഷണത്തിന്റെ ഭാഗമായി വനംവകുപ്പുമായി ചേര്‍ന്ന് മുള, ഇല്ലി നട്ടുപിടിപ്പിക്കുന്നുണ്ട്.  കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കിണര്‍ നിര്‍മ്മാണം, കിണര്‍ റീചാര്‍ജിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് അംഗങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നു. കോഴിക്കൂട്, ആട്ടിന്‍ കൂട്, തൊഴുത്ത് എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് വഴി നടപ്പിലാക്കുന്നു. 100 മീറ്റര്‍ വരെയുള്ള ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുന്നു.

എല്ലാവര്‍ക്കും കുടിവെള്ളം

        ഉയര്‍ന്ന പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് പൈപ്പ് കണക്ഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുന്നു. ബ്ലോക്ക് ഡിവിഷനിലെ എല്ലാ അംഗങ്ങളുടെയും പഞ്ചായത്തുകളുടെ നേതൃത്വത്തിലും ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കിഫ്ബി വഴി 40 കോടി രൂപ വകയിരുത്തി സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.

        ജലസ്രോതസുകളുടെയും ജലാശയങ്ങളുടെയും സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. ജലസ്രോതസുകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതു തടയുകയും ജനപങ്കാളിത്തത്തോടെയുള്ള ജലാശയങ്ങളുടെ ശുചീകരണവും വിവിധ പഞ്ചായത്തുകളില്‍ നടക്കുന്നുണ്ട്.

മാലിന്യ നിര്‍മ്മാര്‍ജ്ജനം:
ഊര്‍ജിതമായി ഹരിതകര്‍മസേനകള്‍

 
         ശുചിത്വമേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് ബ്ലോക്ക് പരിധിയില്‍ നടന്നുവരുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഹരിതചട്ടം അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട്  ഹരിത കര്‍മ്മസേനകള്‍ പ്രവര്‍ത്തിക്കുന്നു.  ഇവര്‍വഴി വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നു. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനു പഞ്ചായത്തുകള്‍ക്കു വാഹനം നല്‍കാനുള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം 9 ലക്ഷം രൂപയും, അടുത്ത വര്‍ഷം 10 ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തി. തുറവൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളാണ് ഇതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണത്തിനുള്ള ആര്‍ആര്‍എഫ് പ്ലാന്റ് നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്താനുള്ള നടപടികളും  പുരോഗമിക്കുകയാണ്.
 
എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ കരുതല്‍

         ഭിന്നശേഷിസൗഹൃദ ബ്ലോക്ക് ആക്കി മാറ്റുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കായി മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്യുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി അങ്കമാലി പീച്ചാനിക്കാട് 12 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. സ്പീച്ച് തെറാപ്പി അടക്കമുള്ള ചികിത്സാസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
 
           പുതിയ സംരംഭങ്ങളും ചെറുകിട വ്യവസായങ്ങളും തുടങ്ങുന്നതിനായി 6 വനിതാ ഗ്രൂപ്പുകള്‍ക്ക് എന്ന രീതിയില്‍ ഒരു ഗ്രൂപ്പിന് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നു. 6 ഗ്രൂപ്പുകളില്‍ 3 ഗ്രൂപ്പുകള്‍ ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്കുള്ളതാണ്.
അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാര പദ്ധതി വഴി ആറുവയസിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കു പോഷകാഹാരം നല്‍കുന്നു.

         പട്ടികജാതി വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായും പദ്ധതികള്‍ നടപ്പിലാക്കുന്നുഴ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വീടുകളില്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം, വീട് നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്നു നടപ്പിലാക്കുന്നു.  മംഗല്യ നിധി പദ്ധതി മികച്ച രീതിയില്‍ നടന്നുവരുന്നു. 96 ഉപഭോക്താക്കളാണു പദ്ധതിയിലുള്ളത്. വനിതാ സംഘങ്ങള്‍ക്കു പരിശീലനം, സ്‌കില്‍ എക്‌സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി അടക്കമുള്ള മത്സരപരീക്ഷകള്‍ക്കു സൗജന്യ പരിശീലനം എന്നിവയും നല്‍കുന്നു.  
 
സുസ്ഥിര വികസനം ലക്ഷ്യമിട്ട് നൂതന പദ്ധതികള്‍
 
        ആരോഗ്യമേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനുള്ള ലക്ഷ്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  പ്രദേശത്തെ തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷി ചെയ്യാനും ലക്ഷ്യമിടുന്നു. തരിശുനില കൃഷിക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കും.ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കു വ്യായാമത്തിനും മറ്റുമായി പൊതുഇടങ്ങള്‍ ഏറ്റെടുത്തു സൗകര്യങ്ങള്‍ ഒരുക്കാനും ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.
 
        പട്ടികജാതി, വര്‍ഗ വിഭാഗങ്ങളിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായി ധനസഹായ പദ്ധതിയും രൂപീകരിക്കും. രണ്ടിലധികം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകള്‍ നവീകരിക്കും. വീടുകളില്‍ പൈപ്പ് കണക്ഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കും.  

 

 

date