സംസ്ഥാനത്ത് ഈവർഷം 100 സ്മാർട്ട് പോലീസ് സ്റ്റേഷനുകൾ : ലോക്‌നാഥ് ബെഹ്‌റ
പുന്നപ്ര: സംസ്ഥാനത്തെ 100 പോലീസ് സ്റ്റേഷനുകൾ ഈവർഷം സ്മാർട്ട് സ്റ്റേഷനുകളാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്തി കേരളപോലീസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുന്നപ്ര പോലിസ് സ്റ്റേഷനെ ജില്ലയിലെ ആദ്യ മാതൃക പോലീസ് സ്റ്റേഷനായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്മാർട്ട് പോലീസ് സ്റ്റേഷനുകകളുടെ പരിധിയിൽ വിവിധഭാഗങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾക്ക് മുന്നിലെത്തി പൊതുജനത്തിന് പരാതികൾ ബോധിപ്പിക്കാം. പരാതി അപ്പോൾ തന്നെ സ്റ്റേഷൻ എസ്.എച്ച്.ഒ.ക്ക് എത്തി തുടർനടപടികൾ സ്വീകരിക്കും. സ്റ്റേഷനിൽ എത്താതെ തന്നെ ജനങ്ങൾക്ക് പരാതികൾ രേഖപെടുത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. പുന്നപ്ര മാതൃക പോലീസ് സ്റ്റേഷനും സ്മാർട്ട് പോലീസ് സ്റ്റേഷനാക്കി മാറ്റും. പുന്നപ്ര മാതൃക പോലീസ് സ്റ്റേഷന്റെ മാതൃകയിൽ സംസ്ഥാനത്തെ മറ്റുജില്ലകളിലെ പോലീസ് സ്റ്റേഷനുകളും നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രൊബേഷൻ കാലത്ത് പുന്നപ്ര പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ. ആയി ജോലി ചെയ്തിരുന്നു. ചടങ്ങിൽ ലോക്‌നാഥ് ബെഹ്‌റയുടെ കൂടെ പുന്നപ്ര പോലീസ് സ്റ്റേഷനിൽ ജോലിചെയ്ത പോലീസുകാരും മുൻനിരയിൽ ഉണ്ടായിരുന്നു. ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഛായാചിത്രം ജില്ല പോലിസ് മേധാവി ഉപഹാരമായി സമ്മാനിച്ചു.
കുട്ടികൾക്ക് കളിക്കാൻ സ്ഥലം ,സ്ത്രീകൾക്കും വയോജനങ്ങൾക്കും സഹായകേന്ദ്രങ്ങൾ, വിവിധ പ്രശ്‌നങ്ങൾക്കുള്ള കൗൺസലിംഗ് സെന്റർ, പരാതി പരിഹാരത്തിന് വേഗം കൂട്ടാൻ പബ്ലിക് റിലേഷൻസ് ഓഫീസർ തുടങ്ങിയ സേവനങ്ങൾ ഒരുകുടക്കീഴിൽ അണിനിരക്കുന്നു എന്നതാണ് പുന്നപ്ര മാതൃക പോലീസ് സ്റ്റേഷന്റെ പ്രത്യേകത. ജനങ്ങളും പൊലീസും ഒരുമിച്ച് ഒരു പുതിയ സംസ്‌കാരം രൂപപ്പെടുന്നതിന്റെ തുടക്കമാണ് മാതൃക പോലീസ് സ്റ്റേഷൻ എന്ന് ജില്ല പോലീസ് മേധാവി എസ് സുരേന്ദ്രൻ പറഞ്ഞു .
സ്റ്റേഷനിൽ പരാതി പറയാൻ എത്തുന്ന സ്ത്രീകൾക്കായി സ്ത്രീ സൗഹൃദ ഹെല്പ് ഡെസ്‌ക് സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു.ഹെൽപഡസ്‌കിൽ ഒരു വനിതാപോലീസിന്റെ സേവനവും സദാസമയവും ഉണ്ടാവും. സ്റ്റേഷനിൽ എത്തുന്ന വയോജനങ്ങൾക്ക് മുൻഗണന നൽകാൻ സീനിയർ സിറ്റിസൺ ഹെൽപ് ഡെസ്‌കും പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാർക്ക് സുഗമമായി സ്റ്റേഷന് അകത്തുകടക്കാൻ റാമ്പും നിർമിച്ചിട്ടുണ്ട്. ഭിന്നശേഷിസൗഹൃദ ശൗചാലയവും മാതൃക സ്റ്റേഷനിൽ ഉണ്ട്.
കൗമാരപ്രശ്‌നങ്ങൾ,ലഹരിവസ്തുക്കളുടെ ദുരുപയോഗം, കരിയർ ഗൈഡൻസ്, കുടുംബപ്രശ്‌നങ്ങൾ, മാനസിക ആരോഗ്യം, വയോജനങ്ങളുടെ പ്രശ്‌നങ്ങൾ,പുനരധിവാസം,പേരന്റിങ് തുടങ്ങിയവയ്ക്ക് കൗൺസിലിങ് വേണ്ടവരെ കണ്ടെത്തി സൗജന്യ കൗണ്‌സിലിംഗ് നൽകാൻ സ്റ്റേഷനിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് . കൗൺസിലിങിന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നിയമ വിദഗ്ധർ ,മറ്റ് പ്രമുഖർ എന്നിവരുടെ സേവനമാണ് ലഭ്യമാകുക.
ചടങ്ങിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആദ്യക്ഷത വഹിച്ചു.ആലപ്പുഴ ഡി.വൈ. എസ്.പി. പി.വി.ബേബി,പുന്നപ്ര സബ് ഇൻസ്പെക്ടർ ആർ.ബിനു,പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തംഗം ഇന്ദുലേഖ ,ഡി.വൈ.എസ്.പി. അഡ്മിൻ സജീവൻ, അഡ്വ.ആർ.സനൽകുമാർ,എ. അനിയൻ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം ജുനൈദ് കൊല്ലംപറമ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
(പി.എൻ.എ. 1527/2018)
- Log in to post comments