Skip to main content

സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് തുടക്കം; ജനങ്ങളേറ്റെടുത്ത് 'ഇനിയും വൈപ്പിൻകര കരയരുത്' കാമ്പയിൻ  

വൈപ്പിൻ: കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സമഗ്ര റോഡ് സുരക്ഷാപദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമായ 'ഇനിയും വൈപ്പിൻ കരയാതിരിക്കാൻ' ബോധവത്കരണ കാമ്പയിൻ ജനസ്വീകാര്യതകൊണ്ട് ശ്രദ്ധേയമായി. കാളമുക്ക് ജംഗ്‌ഷനിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

കാമ്പയിന് വാഹനമോടിക്കുന്നവർ ഉൾപ്പെടെ എല്ലാ തലങ്ങളിലുമുള്ളവരിൽ നിന്ന് ലഭിച്ച സ്വീകാര്യത, ആപത്കരമായ  അമിതവേഗത്തിനും മത്സരിച്ചോട്ടത്തിനും ട്രാഫിക് നിയമലംഘനങ്ങൾക്കുമെതിരായ ജനവികാരം എത്രകണ്ട് ശക്തമാണെന്ന് പ്രതിഫലിപ്പിക്കുന്നതാണെന്ന് കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. മികച്ച റോഡ് ഗതാഗത സംസ്‌കാരത്തിനാണ് സുരക്ഷാപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബോധവത്കരണ കാമ്പയിനും അവബോധ ക്ളാസുകൾക്കുംശേഷവും ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ അധ്യക്ഷത വഹിച്ചു. ഞാറക്കൽ സി ഐ രാജൻ കെ അരമനയും മോട്ടോർ വാഹന ഇൻസ്‌പെക്‌ടർ എൻ വിനോദ്‌കുമാറും റോഡ് സുരക്ഷാ സന്ദേശം നൽകി. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, സാമൂഹ്യ പ്രവർത്തകരായ ദളിത് ചേംബറിന്റെ സുധീർ, കുര്യൻ ജോൺസൺ,  പ്രസ് ക്ലബ് പ്രസിഡന്റ് അനിൽ പ്ലാവിൻസ്‌, ഫ്രാഗ് പ്രസിഡന്റ് അഡ്വ വി പി സാബു, വാർഡ് അംഗം ലിഗേഷ് സേവ്യർ എന്നിവർ പ്രസംഗിച്ചു.

പോലീസിന്റെയും മോട്ടോർ വാഹന അധികൃതരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വോളണ്ടീയർമാർ വാഹന യാത്രക്കാർക്ക് ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്‌തു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ സന്നിഹിതയായി.

ഞാറക്കൽ ആശുപത്രി ജംഗ്‌ഷനിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ടി ടി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. അഡ്വ വി പി സാബു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മിനി രാജു, ഞാറക്കൽ എസ്ഐ എ കെ സുധീർ എന്നിവരും മറ്റു ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും കാമ്പയിന് നേതൃത്വം നൽകി. ഹെൽമെറ്റ് ധരിച്ചെത്തിയ ഇരുചക്രവാഹന യാത്രക്കാരെ കാമ്പയിനിടെ ചോക്കലേറ്റ് നൽകി ഞാറക്കൽ പോലീസ് അഭിനന്ദിച്ചു.

ചെറായി കവലയിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ എം ബി ഷൈനി മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, മുനമ്പം പോലീസ്, റസിഡന്റ്‌സ് അസോസിയേഷന്റെ ഉൾപ്പെടെ സാമൂഹ്യ പ്രവർത്തകർ കാമ്പയിന് നേതൃത്വം നൽകി.

കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലെ നിശ്ചിത ദേശീയപാതാകേന്ദ്രങ്ങളിൽ ഇന്ന് രാവിലെ രാവിലെ എട്ടുമുതൽ 11വരെ കാമ്പയിൻ നടക്കും.

 

date