Skip to main content

ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കി ഹോർട്ടികൾചർ മിഷൻ കേരള

സ്ഥലപരിമിതി മൂലം കൃഷി ചെയ്യാൻ സാധിക്കാത്തവർക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന ഹോർട്ടികൾചർ മിഷൻ. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാവുന്ന തരത്തിലുള്ള വെർട്ടിക്കൽ ഗാർഡനുകൾ ( ആർക്ക) ദേശീയ ഉദ്യാനവിള വികസന കേന്ദ്രം ആണ് വികസിപ്പിച്ചിട്ടുള്ളത്. ഹോർട്ടി കൾചർ മിഷന്റെ നേതൃത്വത്തിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച ആർക്ക വെർട്ടിക്കൽ ഗാർഡന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം. പി നിർവഹിച്ചു. ഹോർട്ടികൾചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം,  കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു പി.ജോസഫ്, മെട്രോ സ്റ്റേഷൻ ഓഫീസർ പർദീപ് കുമാർ, വൈറ്റില കൃഷിഭവൻ അസിസ്റ്റന്റ് ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പതിനഞ്ചു വർഷം വരെ കാലാവധി കിട്ടുന്ന വെർട്ടിക്കൽ ഗാർഡൻ യൂണിറ്റുകളിൽ തക്കാളി, കത്തിരി, മുളക്, ബീൻസ്, ഫ്രഞ്ച് ബീൻസ്, റാഡിഷ്, ചീര, മല്ലി, പാലക് എന്നിവ കൃഷി ചെയ്യാൻ സാധിക്കും.
 

 75 ശതമാനം സബ്സിഡിയിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം 6,000 രൂപ ഗുണഭോക്തൃ വിഹിതം അടച്ച് വെർട്ടിക്കൽ ഗാർഡൻ സ്ഥാപിക്കാൻ സാധിക്കും. 16 ചെടിച്ചട്ടികൾ, നടീൽ മാധ്യമം, തുള്ളിനന സംവിധാനം എന്നിവയും ഇതോടൊപ്പം ലഭ്യമാക്കും.  ചെടികളുടെ പരിപാലനത്തിന് ആവശ്യമായ ആർക്ക പോഷക ലായനിയും ഇതോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു ലിറ്റർ വെള്ളത്തിൽ, അഞ്ച് മില്ലി ലിറ്റർ പോഷക ലായനി കലർത്തി ചെടികളിൽ ഒഴിച്ച് നൽകാം. പച്ചക്കറികൾക്ക് പുറമെ പൂച്ചെടികളും ബ്രഹ്മി, പുതിന, തിപ്പലി, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളും ഇതിൽ വളർത്താൻ സാധിക്കും. 

 

date