Skip to main content
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍

ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍  ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

 

    എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ കാര്‍ഷിക സമൃദ്ധമായ പ്രദേശങ്ങളും തുരുത്തുകളും ഉള്‍ക്കൊള്ളുന്ന ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ടൂറിസവുമായി സംയോജിച്ച് വികസനത്തിന്റെ പുതിയ പ്രതീക്ഷകളിലേക്കു നീങ്ങുകയാണ്. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവല്‍ സംസാരിക്കുന്നു.

ടൂറിസം സാധ്യതകള്‍ 

 

    ജലസ്രോതസുകള്‍ ഉള്‍പ്പെടുത്തിയുള്ള ടൂറിസം വികസനമാണു ലക്ഷ്യം. ആലപ്പുഴ ജില്ലയിലെയും കുമരകം ടൂറിസം കേന്ദ്രത്തിന്റെയും മാതൃകയില്‍ കടമക്കുടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളെ വികസിപ്പിക്കും. ഇതിനായി കെട്ടുവള്ളങ്ങള്‍ പോലുള്ള സംവിധാനങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പഠിച്ചുവരികയാണ്. ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. 

 

കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യം

 

    നിലവില്‍ 30 ലക്ഷത്തോളം രൂപ താത്കാലികമായി ജലവിതരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ജല അതോറിറ്റിയുമായി സഹകരിച്ച് എളങ്കുന്നപ്പുഴ, ചേരാനെല്ലൂര്‍, മുളവുകാട് ഗ്രാമപഞ്ചായത്തുകളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുകയും തകരാറിലായത് അറ്റകുറ്റപ്പണി നടത്തുകയും ചെയ്യാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ജലത്തിന്റെ അളവ് അറിയുന്നതിനായി ഫ്‌ളോ മീറ്റര്‍ സ്ഥാപിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. 

 

കായലിന്റെ ആഴം കൂട്ടാന്‍ ജൈവ വൈപ്പിന്‍ പദ്ധതി

 

    പ്രളയത്തിനു ശേഷം ശുചീകരണം പൂര്‍ണമായി നടത്താത്തതിനാല്‍ ബ്ലോക്ക് പരിധിയിലുള്ള കായല്‍ മേഖലയില്‍ എക്കലടിഞ്ഞ് ആഴം സാരമായി കുറഞ്ഞ സ്ഥിതിയാണുള്ളത്. ഈ പ്രദേശത്തെ ശുചീകരണത്തിനായി ജൈവ വൈപ്പിന്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. കായലിലെ എക്കല്‍ നീക്കം ചെയ്യുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. 

 

തീരദേശ പ്രശ്‌നങ്ങള്‍ക്കും പരിഹാരം

 

    പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ കടലേറ്റം തടയുക എന്ന ലക്ഷ്യത്തില്‍ പല തലങ്ങളില്‍ നിരവധി പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. തോടുകളുടെ ആഴം വര്‍ധിപ്പിക്കുക എന്നത് അതില്‍ പ്രധാനമാണ്. ജൈവ വൈപ്പിന്‍ പോലുള്ള പദ്ധതികള്‍ ഇവിടെ പ്രയോജനപ്പെടുത്തും.

 

മാലിന്യനിര്‍മാര്‍ജനത്തില്‍ വിട്ടുവീഴ്ചയില്ല

    മാലിന്യ നിക്ഷേപം കൂടുതലുള്ള പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കടമക്കുടി, മുളവുകാട് ഗ്രാമപഞ്ചായത്തുകളില്‍ ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കും. എസ്.സി വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റലില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചേരാനെല്ലൂര്‍, മാലിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഇന്‍സിനറേറ്റര്‍ സ്ഥാപിക്കും. മലിനജലത്തിന്റെ ഒഴുക്ക് കൃത്യമാക്കാന്‍ കൂടുതല്‍ കാനകള്‍ സ്ഥാപിക്കുകയും ഒഴുക്ക് സുഗമമാക്കാന്‍ ശുചീകരണം നടത്തുകയും ചെയ്യും.

 

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 
30 ലക്ഷം ചിലവഴിക്കും

    ബ്ലോക്ക് പരിധിയിലെ വിവിധ പ്രദേശങ്ങളിലെ റോഡ് നവീകരണത്തിനായി 30 ലക്ഷത്തിലധികം രൂപ നിലവില്‍ മാറ്റിവച്ചിട്ടുണ്ട്. പുതിയ റോഡുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണി, കട്ട വിരിക്കല്‍, കോണ്‍ക്രീറ്റിംഗ് എന്നിവക്കായി ഇത് ഉപയോഗിക്കും. 

 

ആരോഗ്യ മേഖലയിലെ വികസനം

    ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചതു വളരെ വലിയ നേട്ടമായി കാണുന്നു. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തോടനുബന്ധിച്ച് സബ് സെന്റര്‍ ഉടന്‍ ആരംഭിക്കും. ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളില്‍ വാക്‌സിന്‍ സൗകര്യമൊരുക്കാന്‍ അഞ്ചു ലക്ഷം രൂപവരെ വിതരണം ചെയ്തു. കടമക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ജനറേറ്ററുകള്‍ നല്‍കാനായി. ചേരാനെല്ലൂര്‍ ആശുപത്രിയിലേക്ക് ജനറേറ്റര്‍ നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കും.

date