Skip to main content
	എറണാകുളം ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവും വൈസ് പ്രസിഡന്റ് എം.എ അബ്ദുള്‍ ജബ്ബാറും, പഞ്ചായത്ത് സെക്രട്ടറി അഫ്സല്‍ രാജും മറ്റ് മെമ്പര്‍മാരും ചേര്‍ന്ന് ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എംഎല്‍എ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങുന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള  ജില്ലാതല പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 

    തദ്ദേശസ്വയംഭരണ ദിനത്തോടനുബന്ധിച്ച് ഏറ്റവും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ജില്ലാതല പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പിയും ടി.ജെ വിനോദ് എം.എല്‍.എയും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. 

    എറണാകുളം ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവും വൈസ് പ്രസിഡന്റ് എം.എ അബ്ദുള്‍ ജബ്ബാറും മറ്റ് മെമ്പര്‍മാരും പഞ്ചായത്ത് സെക്രട്ടറി അഫ്സല്‍ രാജും ചേര്‍ന്ന് ഏറ്റുവാങ്ങി. ആസൂത്രണ മികവും പദ്ധതി നിര്‍വഹണവുമാണ് കുന്നുകര പഞ്ചായത്തിനെ സ്വരാജ് ട്രോഫിക്ക് അര്‍ഹമാക്കിയത്. ഈ സാമ്പത്തികവര്‍ഷം 100 ശതമാനം നികുതി പിരിക്കാന്‍ കുന്നുകര പഞ്ചായത്തിനു സാധിച്ചു. പദ്ധതി വിഹിതത്തില്‍ 136 ശതമാനമാണ് പഞ്ചായത്ത് ചെലവഴിച്ചത്. ഇതുവഴി പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനതലത്തില്‍ എട്ടാം സ്ഥാനം നേടാനും കുന്നുകര പഞ്ചായത്തിനായി. 

    ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് പാലക്കുഴയാണ്. പഞ്ചായത്തിനുവേണ്ടി  പ്രസിഡന്റ് കെ.എ ജയ, വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കില്‍ , മറ്റ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി എന്‍.ശ്രീദേവി  തുടങ്ങിയവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 

    ജില്ലയിലെ മഹാത്മാ പുരസ്‌കാരം തിരുമാറാടി പഞ്ചായത്തും കുന്നുകര പഞ്ചായത്തും തുല്യമായി പങ്കിടുകയായിരുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തിന്റെ മികവിനാണ് ഈ പുരസ്‌കാരം. തിരുമാറാടി പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് രമ മുരളീധര കൈമള്‍, മറ്റ് മെമ്പര്‍മാര്‍, സെക്രട്ടറി മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മഹാത്മാ പുരസ്‌കാരം സ്വീകരിച്ചു. കുന്നുകര പഞ്ചായത്തിനുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു,  വൈസ് പ്രസിഡന്റ് എം.എ അബ്ദുള്‍ ജബ്ബാര്‍, മറ്റ് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറി അഫ്സല്‍ രാജ് തുടങ്ങിയവര്‍ ചേര്‍ന്ന് മഹാത്മാ പുരസ്‌കാരം ഏറ്റുവാങ്ങി. 

    യോഗത്തില്‍ കൊച്ചി മേയര്‍ അഡ്വ.എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം ആശംസിച്ചു. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ വിഷ്ണു രാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ്  അസോസിയേഷന്‍ എറണാകുളം ജില്ലാ അധ്യക്ഷനും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.എ. എം ബഷീര്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ കൗസിലര്‍ പി.ആര്‍ റെനീഷ്, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍(ആര്‍.ജെ.ഡി) അരുണ്‍ രംഗന്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ (ഡി.ഡി.പി) കെ.ജെ ജോയ്, പ്രോജക്ട് ഡയറക്ടര്‍ ട്രീസ ജോസ്, മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

    തദ്ദേശസ്വയംഭരണ ദിനവുമായി ബന്ധപ്പെട്ട് എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാതല ഉദ്ഘാടനവും നവകേരളം പദ്ധതി സെമിനാര്‍ ഉദ്ഘാടനവും  മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ പി.കെ ചന്ദ്രശേഖരന്‍ നായര്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date