എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 491 പേര്‍ക്ക് നിയമനം ലഭിച്ചു
ജില്ലയില്‍ രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 491 പേര്‍ക്ക് ജോലി നല്‍കി. ഇതില്‍ 392 പേര്‍ക്ക് താത്കാലിക നിയമനവും 99 പേര്‍ക്ക് സ്ഥിരനിയമനവുമാണ് നല്‍കിയത്. തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, 30 വയസ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ വിഭാഗത്തിലെ അവിവാഹിത അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍ എന്നിവര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് എംപ്ലോയ്‌മെന്റ് വകുപ്പ് നടപ്പാക്കുന്ന ശരണ്യസ്വയം തൊഴില്‍ പദ്ധതി ഏറെ ശ്രദ്ധേയമായി. 2016-17 സാമ്പത്തിക വര്‍ഷം 50 ശതമാനം സബ്‌സിഡിയോടെ 67 ലക്ഷം രൂപ ഈ പദ്ധതിയിന്‍ കീഴില്‍ അനുവദിച്ചു. 134 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 2017-18 സാമ്പത്തികവര്‍ഷം 130 ഗുണഭോക്താക്കള്‍ക്ക് 50 ശതമാനം സബ്‌സിഡിയോടെ 65 ലക്ഷം രൂപ വായ്പയായി അനുവദിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ബാങ്കുകളുമായി ചേര്‍ന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയാണ് കെസ്‌റു.വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ ഈ വായ്പകള്‍ക്ക് സബ്‌സിഡി ലഭിക്കും. 2016-17 സാമ്പത്തിക വര്‍ഷം ജില്ലയില്‍ 5.03 ലക്ഷം രൂപയും 2017-18 സാമ്പത്തിക വര്‍ഷം 4.09 ലക്ഷം രൂപയും കെസ്‌റു. പദ്ധതിയില്‍ സബ്‌സിഡിയായി 53 ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചു.
ബാങ്കുകളുമായി ബന്ധപ്പെട്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നടപ്പാക്കുന്ന മറ്റൊരു സ്വയംതൊഴില്‍ പദ്ധതിയായ ജോബ് ക്ലബ്/മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് പദ്ധതിയിന്‍ കീഴില്‍ തൊഴില്‍രഹിതര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. വായ്പ തുകയുടെ 25 ശതമാനം വരെ സബ്‌സിഡി ലഭിക്കും. 2016-17 സാമ്പത്തിക വര്‍ഷം 1.90 ലക്ഷം രൂപയും 2017-18 സാമ്പത്തികവര്‍ഷം മൂന്നു ലക്ഷം രൂപയും ഈ പദ്ധതിയില്‍ സബ്‌സിഡിയായി ആറ് ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചു.
വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം നിരവധി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 2016-17 വര്‍ഷം 20 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറുകളും കരിയര്‍ എക്‌സിബിഷനുകളും നടത്തുകയും 50 ഉദ്യോഗാര്‍ഥികള്‍ക്ക് 25 ദിവസം നീണ്ടു നിന്ന മത്സരപരീക്ഷാ പരിശീലനം നല്‍കുകയും ചെയ്തു. 2017-18 വര്‍ഷം 20 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കരിയര്‍ എക്‌സിബിഷനുകളും 100 വിദ്യാര്‍ഥികള്‍ക്ക് 25 ദിവസം നീണ്ടു നില്‍ക്കുന്ന മത്സരപരീക്ഷാ പരിശീലനവും നല്‍കി.
- Log in to post comments