Skip to main content

പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ  കേരഗ്രാമം പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച  

 

മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും

 

    പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ കേരഗ്രാമം പദ്ധതി ഇന്ന് (ഫെബ്രുവരി 25 വെള്ളി) വൈകിട്ട് നാലിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. പോത്താനിക്കാട് ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കര്‍ഷകരെ ആദരിക്കും.

     കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍,
പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം ജോസഫ്, പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, മറ്റ് ജനപ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.  

    കേരകൃഷിയുടെ പ്രാധാന്യവും ഉത്പാദനക്ഷമതയും വര്‍ധിപ്പിച്ച് കേര കര്‍ഷകരുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. കോതമംഗലം ബ്ലോക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലായി 250 ഹെക്ടര്‍ സ്ഥലത്താണ് കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ  ഭാഗമായി കാര്‍ഷിക സെമിനാറും, കര്‍ഷകരെ ആദരിക്കുന്ന ചടങ്ങും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

date