Skip to main content

കടമ്പ്രയാര്‍ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാകണം:  നിയമസഭാ പരിസ്ഥിതി സമിതി

 

    കടമ്പ്രയാര്‍ വീണ്ടെടുക്കണമെന്നും ഇതിനായി എല്ലാവരുടെയും കൂട്ടായ ശ്രമം ഉണ്ടാകണമെന്നും നിയമസഭാ പരിസ്ഥിതി സമിതി. മാലിന്യം കടമ്പ്രയാറിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും  സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമീപഭാവിയില്‍ തോട് പൂര്‍ണ്ണമായും നശിക്കുമെന്നും സമിതി അധ്യക്ഷന്‍ ഇ.കെ.വിജയന്‍ അഭിപ്രായപ്പെട്ടു. 

    കടമ്പ്രയാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള വിവരശേഖരണത്തിനും തെളിവെടുപ്പിനുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ തെളിവെടുപ്പ് നടത്തിയശേഷം കടമ്പ്രയാര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

    ഒട്ടേറെ സ്ഥാപനങ്ങള്‍ കടമ്പ്രയാറിലെ വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കും ആറിനെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും വെള്ളം ഉപയോഗിക്കണമെങ്കില്‍ പുഴ സംരക്ഷിക്കണം. ഇവരുടെ സി.എസ്.ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി നാട്ടുകാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആറിനെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ സമിതി ചുമതലപ്പെടുത്തി. മലിനീകരണം തുടര്‍ന്നാല്‍ നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ കടമ്പ്രയാറിലെ വെള്ളം ആര്‍ക്കും ഉപയോഗിക്കാനാകാത്ത അവസ്ഥ വന്നേക്കാം. ഇതു ജനങ്ങളുടെ പ്രശ്‌നമായി കണ്ട് ഇടപെടണമെന്നും ചെയര്‍മാന്‍ പറഞ്ഞു. സമിതി മനസിലാക്കിയ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

    സമിതി അംഗങ്ങള്‍ കടമ്പ്രയാറിലെ മനക്കക്കടവ് പാലം, ബ്രഹ്മപുരം ഇന്‍ഫോപാര്‍ക്ക് പ്രദേശം, ബ്രഹ്മപുരം വേസ്റ്റ് പ്ലാന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. പായല്‍ നിറഞ്ഞു കിടക്കുന്ന തോടിന്റെ അവസ്ഥ നേരില്‍ കണ്ട സമിതി പുഴ വൃത്തിയാക്കി ബോട്ട് സര്‍വീസ് ആരംഭിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ഇടച്ചിറ തോടും സമിതി സന്ദര്‍ശിച്ചു. കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് തോട് സൗന്ദര്യവത്കരണം നടത്തി, പ്രഭാത സായാഹ്ന സവാരിക്കായി ഉപയോഗിക്കാനും സമിതി നിര്‍ദ്ദേശംവച്ചു. 

    അധ്യക്ഷനൊപ്പം സമിതി അംഗങ്ങളായ പി.കെ ബഷീര്‍, എല്‍ദോസ് കുന്നപ്പള്ളി, ജോബ് മൈക്കിള്‍,  കെ.ഡി പ്രസേനന്‍, സജീവ് ജോസഫ്, കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജിന്‍, ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ വി.യു കുര്യാക്കോട്, എഡിഎം എസ്.ഷാജഹാന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

date