Skip to main content

വ്യവസായ സംരംഭക ക്ലബ്ബ് രൂപീകരിച്ചു

പുതുതായി വ്യവസായങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവരെയും നിലവിലുള്ള സംരഭകരെയും അംഗങ്ങളാക്കി കൊയിലാണ്ടി നഗരസഭയില്‍ വ്യവസായ സംരംഭക ക്ലബ്ബ് രൂപീകരിച്ചു. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ രൂപീകരണ ഉദ്ഘാടനം നിര്‍വഹിച്ചു.
ജനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കളുടെ 25 ശതമാനമെങ്കിലും നഗരസഭയില്‍ തന്നെ ഉദ്പാദനം നടത്തുക എന്നതാണ് നഗരസഭയുടെ വിഷന്‍ 2035 പ്രാദേശിക വികസനപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് വ്യവസായ സംരഭക ക്ലബ്ബ്.  ക്ലബ്ബില്‍ അംഗമാകുന്ന മുഴുവന്‍ ആളുകള്‍ക്കും പരിശീലന പരിപാടികളും, സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ പദ്ധതി അറിവുകളും, വായ്പകളും ധനകാര്യ സാക്ഷരതയും ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തില്‍ നല്‍കും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. രാജീവ് വിഷയാതവരണം നടത്തി. കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസര്‍ ടി.വി അജിത്കുമാര്‍, സ്റ്റാന്റ്ിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ ഭാസ്‌കരന്‍, കൗണ്‍സിലര്‍മാരായ എം. സുരേന്ദ്രന്‍, വി.പി ഇബ്രാഹിം കുട്ടി, ആര്‍.കെ ചന്ദ്രന്‍, ലുക്ക്മാന്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലബ്ബ് അംഗങ്ങള്‍ക്ക് മോട്ടിവേഷന്‍ ക്ലാസും നല്‍കി.

date