സമഗ്രവികസനം ലക്ഷ്യമിട്ട് നെല്ലിക്കുഴി പഞ്ചായത്ത്
എറണാകുളം ജില്ലയിലെ ഫർണിച്ചർ വ്യവസായത്തിന്റെ കേന്ദ്രമായ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വികസനത്തിൽ പുതിയ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് സമഗ്രവികസനത്തിന്റെ പ്രതീക്ഷകൾ പങ്ക് വയ്ക്കുന്നു.
കൃഷി ഭൂമികൾ തരിശിടാൻ അനുവദിക്കില്ല
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങളിലൊന്നാണ് കൃഷി. ഗ്രാമപഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്താക്കി മാറ്റണമെന്നത് ഭരണസമിതിയുടെ പ്രധാന ലക്ഷ്യമാണ്. ഇതിനോടകം 45 ഹെക്ടറോളം സ്ഥലം തരിശുരഹിതമാക്കി.
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് അര്‍ഹതയുള്ളവര്‍ക്ക് ധാതുലവണ മിശ്രിതം സൗജന്യമായും കാലിത്തീറ്റ സബ്‌സിഡി നിരക്കിലും കൊടുക്കുന്നുണ്ട്. കിടാരികളെയും മുട്ടക്കോഴികളെയും, ആട് ഗ്രാമം പദ്ധതി വഴി ആടുകളെയും അര്‍ ഹത അനുസരിച്ച് വിതരണം ചെയ്തുവരുന്നു. കൃഷിയുമായി ബന്ധപ്പെട്ട് ആകെ 28 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍
ചെറുകിട പദ്ധതികള്‍
പഞ്ചായത്തില്‍ ചിലയിടങ്ങളില്‍ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. അത് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. പുതിയ ഭരണസമിതി വന്നതിനു ശേഷം മൂന്നു കുടിവെള്ള പദ്ധതികള്‍ക്ക് തുക അനുവദിച്ചു. വാര്‍ഡ് തലത്തില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രദ്ധകൊടുക്കുന്നത്. ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലേറെ ഗാര്‍ഹിക കണക്ഷനുകളും നല്‍കി.
മാലിന്യപ്രശ്‌നം പരിഹരിച്ചുവരുന്നു
ആകെ 42 ഹരിത കര്‍മ്മസേനാംഗങ്ങളാണ് പഞ്ചായത്തില്‍ സേവനം നടത്തുന്നത്. അവർ എല്ലാ വാര്‍ഡുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആറുമാസം കൊണ്ട് ഏകദേശം ഒരു ലക്ഷം കിലോ അജൈവ മാലിന്യങ്ങളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്. ഇനി എല്ലാ വാര്‍ഡിലും ഒരോ മിനി എം.സി.എഫ് ( Material Collection Facility) സ്ഥാപിക്കും. സ്വന്തമായി സ്ഥലം കണ്ടെത്തി അവിടെ മാലിന്യസംസ്‌കരണ യൂണിറ്റ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സബ്‌സിഡി നിരക്കില്‍ 190 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചു. അര്‍ഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുത്താണ് പ്ലാന്റ് അനുവദിക്കുന്നത്.
ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാതയോരങ്ങളിലെ മാലിന്യങ്ങൾ വൃത്തിയാക്കി വരികയാണ്. തൊഴിലുറപ്പ് പദ്ധതിയുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങൾ. പദ്ധതി വിജയകരമായി മുന്നേറുകയാണ്.
വനിതകള്‍ മുന്നോട്ട്
പഞ്ചായത്തില്‍ 82 ജെ.എല്‍.ജി ( Joint Liability Groups) ഗ്രൂപ്പുകള്‍ കൃഷി ആരംഭിച്ചു. പച്ചക്കറി, നെല്ല് തുടങ്ങിയവയാണ് ഇവര്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. അതിനുവേണ്ട എല്ലാ സഹായങ്ങളും പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നല്‍കി വരുന്നു. ഒപ്പം ചെറുകിട സംരംഭ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വനിതകള്‍ക്ക് കാര്‍ഷികയന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനവും നല്‍കുന്നുണ്ട്.
ഫര്‍ണിച്ചര്‍ വ്യവസായം
ഫര്‍ണിച്ചര്‍ വ്യവസായത്തിന് സാധ്യമാകുന്ന എല്ലാ സഹായങ്ങളും പഞ്ചായത്ത് നല്‍കിവരുന്നു. മേഖലയ്ക്ക് കൂടുതൽ ഉണർവേകാൻ ഫെസ്റ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ് തുടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ സമീച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.
തൊഴിൽ അന്വേഷകർക്ക് സിവിൽ സർവീസ് പരിശീലന കേന്ദ്രവും
യുവാക്കൾക്ക് സൗജന്യമായി സിവിൽ സർവീസ് പരിശീലനത്തിനുള്ള സൗകര്യങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.
പൊതുസമൂഹത്തിന്റെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ആകെ 50 പേര്‍ക്കാണ് മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കുക. യോഗ്യതാ പരീക്ഷയും അഭിമുഖവും നടത്തിയാണ് മെറിറ്റ് നിശ്ചയിക്കുന്നത്. പദ്ധതിക്കായി 4,30,000 രൂപ പഞ്ചായത്ത് അനുവദിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പി.എസ്.എസി പരിശീലനവും മികച്ച രീതിയില്‍ നടത്തുന്നുണ്ട്.
വികസന ലക്ഷ്യങ്ങള്‍
പഞ്ചായത്തിന് കീഴിൽ വരുന്ന പൊതുവിദ്യാലയങ്ങളെ ഉന്നതനിലവാരത്തിലേക്ക് എത്തിക്കണം. ആകെ 36 അങ്കണവാടികളാണ് പഞ്ചായത്തിലുള്ളത്. ഇവയെല്ലാം സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തണം. പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സ ആരംഭിക്കണം. ഗ്രാമീണ റോഡുകളെല്ലാം മികച്ച നിലവാരത്തിലേക്ക് എത്തിക്കണം. വനിതകള്‍ക്കായി കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കണം. നിലവിലെ പഞ്ചായത്ത് ഓഫീസിൽ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. അതിനാല്‍ പുതിയ ഓഫീസ് നിര്‍മ്മിക്കണം, എന്നിങ്ങനെ ഒരുപാട് ലക്ഷ്യങ്ങൾ മുന്നിലുണ്ട്.
- Log in to post comments