സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത്, സ്വരാജ് ട്രോഫിയുമായി മുളന്തുരുത്തി
കുന്നുകളും, കുന്നുകൾ അതിരിടുന്ന പാടങ്ങളും ഉൾപ്പെടുന്ന മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, അവാർഡിന്റെ തിളക്കത്തിലാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് എന്ന ബഹുമതിയാണ് മുളന്തുരുത്തി സ്വന്തമാക്കിയത്. തുടർച്ചയായ അഞ്ചാം വർഷവും സംസ്ഥാനത്തെ മികച്ച
പഞ്ചായത്തുകളുടെ പട്ടികയിൽ ഇടംപിടിച്ച മുളന്തുരുത്തിക്ക് ഇത് ചരിത്രനേട്ടമാണ്. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് മറിയാമ്മ ബെന്നി സംസാരിക്കുന്നു..
ആരോഗ്യ മേഖല
പുതിയ ഭരണസമിതി നിലവിൽ വന്നപ്പോൾ കോവിഡ് ആയിരുന്നു പ്രധാന വെല്ലുവിളി. അതിനാൽ ആരോഗ്യമേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. കഴിഞ്ഞ ഭരണസമിതിയിൽ ഉണ്ടായിരുന്ന കോവിഡ് കേന്ദ്രം ഒരു ഘട്ടമെത്തിയപ്പോൾ പൂട്ടിയിരുന്നു. അത് സർക്കാർ നിർദ്ദേശപ്രകാരം വീണ്ടും തുറന്ന് പ്രവർത്തിപ്പിച്ചു. തുടർന്ന് 100 കിടക്കകളുള്ള കോവിഡ് കേന്ദ്രമാണ് ആരംഭിച്ചത്. അത് വൻ വിജയമായിരുന്നു. കോവിഡ് കെയർ സെന്ററിൽ ഭക്ഷണ വിതരണം, ആംബുലൻസ് സർവീസ് എന്നിവ സജ്ജീകരിച്ചിരുന്നു.
വാക്സിനേഷൻ ക്യാമ്പ്
പഞ്ചായത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷൻ നൂറ് ശതമാനം പൂർത്തിയായി. പാലിയേറ്റീവ് കെയർ രോഗികൾക്കും കിടപ്പ് രോഗികൾക്കും അവരുടെ അടുത്തെത്തിയാണ് വാക്സിനേഷൻ നൽകിയത്. കൂടാതെ അതിഥി തൊഴിലാളികൾക്കും നൂറ് ശതമാനം വാക്സിനേഷൻ പൂർത്തീകരിച്ചു.
കൃഷിക്കും പ്രാധാന്യം
കൃഷിവകുപ്പുമായി ചേർന്ന് മാർക്കറ്റിൽ ലേല വിപണി തുടങ്ങി. ജാതി തൈ, ജാതി വളം എന്നിവ നൽകുന്നുണ്ട്. കൂടാതെ നിലം ഒരുക്കുന്നതിനായി സബ്സിഡിയും നൽകുന്നു.
കുടുംബശ്രീക്ക് കൂടുതൽ പദ്ധതികൾ
കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ ആരംഭിക്കാനായി എന്നതാണ് പ്രധാന നേട്ടം. ഓരോ യൂണിറ്റുകൾക്കും സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള സഹായം നൽകിവരുന്നുണ്ട്. ഇതുകൂടാതെ പഞ്ചായത്ത് കെട്ടിടത്തിൽ എണ്ണ മിൽ തുടങ്ങുന്നതിനും തീരുമാനമായിട്ടുണ്ട്.
മൃഗസംരക്ഷണം
വീടുകളിൽ കോഴി, കൂട് എന്നിവ നൽകുന്നുണ്ട്. കൂടാതെ ദേശീയ ഗ്രാമീണ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ആട്, കൂട് എന്നിവയും നൽകിവരുന്നുണ്ട്. ഇതിന് പുറമെ കാലിത്തീറ്റയ്ക്ക് സബ്സിഡിയും കൊടുക്കുന്നുണ്ട്.
വയോജന സംരക്ഷണം
പഞ്ചായത്തിലെ വയോജനങ്ങൾക്കായി കട്ടിൽ വിതരണം നടത്തി. അവർക്ക് സ്വയം തൊഴിലിനായി ഫണ്ടും അനുവദിച്ച് നൽകി.
ലൈഫ് മിഷൻ പദ്ധതി
ലൈഫ് മിഷൻ പദ്ധതിയിലും വിജയം കൈവരിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. 100 ശതമാനം നികുതി പിരിച്ചെടുത്ത ഭരണമികവ്, സ്റ്റേഡിയത്തിൽ കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ കോർട്ടുകൾ, മാലിന്യ നിർമാർജനത്തിനായി ബയോ ബിൻ, ഹരിത കർമസേന, തിരുകൊച്ചി മാർക്കറ്റ് സമുച്ചയം, അങ്കണവാടികളിൽ ജാഗ്രതാ സമിതി രൂപീകരണം, തുരുത്തിക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ ചികിത്സ ഇവയെല്ലാം മുളന്തുരുത്തിയെ സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകളെക്കാൾ മുന്നിലെത്താൻ സഹായകമായി.
- Log in to post comments