കാഴ്ചവൈകല്യമുളള അമ്മമാർക്ക് പ്രസവാനന്തര സഹായം
ആലപ്പുഴ: കാഴ്ചവൈകല്യമുളള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിന്റെ സംരക്ഷണത്തിനും പരിചരണത്തിനുമായി പ്രതിമാസം 2000 രൂപ മാതൃജ്യോതി പദ്ധതി പ്രകാരം സാമൂഹ്യനീതി വകുപ്പ് നൽകുന്നു. പ്രസവാനന്തരം മൂന്നുമാസത്തിനുളളിൽ നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വരുമാനസർട്ടിഫിക്കറ്റ് (ബിപിഎൽ ആണെങ്കിൽ റേഷൻകാർഡിന്റെ പകർപ്പ്), കാഴ്ചവൈകല്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്,ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ പകർപ്പ്, ആശുപത്രിയിൽനിന്നും ഡിസ്ചാർജ്ജ് ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസിൽ നൽകണം. 24 മാസക്കാലം ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയായിരിക്കും . അപേക്ഷ ഫോറം ശിശുവികസന പദ്ധതി ഓഫീസ്/ ആലപ്പുഴ ജനറൽ ആശുപത്രിയ്ക്ക് കിഴക്കുവശം സ്ഥിതിചെയ്യുന്ന ജില്ല സാമൂഹ്യനീതി ഓഫീസ്/ www.sjd.kerala.gov.in(http://sjd.kerala.gov.in) എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.
(പി.എൻ.എ. 1543/2018)
- Log in to post comments