Skip to main content

സ്റ്റാറായി കുടുംബശ്രീയുടെ ഫൈവ് സ്റ്റാർ കഫെ

ആലപ്പുഴ: കപ്പയും കക്കായിറച്ചിയും 60 രൂപ, കപ്പയും മീനും 40രൂപ, ആറ് തരം വിഭവങ്ങൾ ഉൾപ്പെടുന്ന ഉച്ചയൂണിന് 50രൂപ എന്നിങ്ങനെ കുറഞ്ഞ വിലയിൽ നാവിൽ രുചിയുടെ കലവറ തീർക്കുകയാണ് ആലപ്പുഴ ജില്ലയിലെ  ആറാട്ടുപുഴ പെരുമ്പള്ളിയിൽ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ കഫെ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങൾ. രാസപദാർത്ഥങ്ങൾ പാടെ ഒഴിവാക്കിയാണ് ഇവിടെ ഭക്ഷണ വിതരണം. വിദഗ്ദ പരിശീലനം ലഭിച്ച അഞ്ച് വനിതകളാണ് യൂണിറ്റിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. 2014ൽ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്തിൽ് ലഭിച്ച പതിമൂന്നു ദിവസത്തെ ക്യാമ്പാണ് ജീവിതം മാറ്റിമറിച്ചതെന്ന് ഇവർ പറയുന്നു.

 കഫറ്റീരിയ രംഗത്ത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയമാണ് ഇവർക്കുള്ളത്. ജയ കെ.ആർ., ഹേമലത ബി., ജയശ്രീ ദേവൻ, ലേഘാ ഷാജി, എലിസബത്ത് ആന്റണി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഫൈവ് സ്റ്റാർ കഫെ എന്ന സംരഭത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തുടനീളവും കേരളത്തിനു പുറത്ത് ഡൽഹിയിലും ചെന്നൈയിലും വിവിധ ഭക്ഷ്യ മേളകളിൽ പങ്കെടുത്ത് രുചിയുടെ ലോകത്ത് തങ്ങളുടേതായ സ്ഥാനവും ഇവർ ഉറപ്പിച്ചു കഴിഞ്ഞു. ശുചിത്വമാണ് സ്ഥാപനത്തിന്റെ മുഖമുദ്ര. സർക്കാരിന്റെ ഉന്നത നിലവാര സൂചിക പിന്തുടർന്നാണു തങ്ങളുടെ പ്രവർത്തനങ്ങളെന്ന് ഇവർ ഒരേസ്വരത്തിൽ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷണത്തിനായി ഓർഡറുകൾ ലഭിക്കാറുണ്ട്.  ഇത് കൂടാതെ ജില്ലാ കോടതിയിലെ കാന്റീൻ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതും ഇവർ തന്നെ.  കക്കായിറച്ചി, കരിമീൻ, കൊഞ്ച് ഉൾപ്പെടെയുള്ള കായൽ വിഭവങ്ങളും, മീൻ പീര എന്നിവയ്ക്കുമാണ് ഏറ്റവും പ്രിയം. കൂടാതെ വിവിധ തരത്തിലുള്ള നെല്ലിക ജ്യൂസ്, കാന്താരിമുളകിട്ട് സംഭാരം, ചക്കപ്പഴം പൊരിച്ചത്, പഴംപൊരി തുടങ്ങിയ വിഭവങ്ങളും ഇവരെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നു.

 ദിവസം പന്ത്രണ്ട് കിലോയുടെ അരിക്കുള്ള ഊണിന് പുറമേ അപ്പം, ചപ്പാത്തി പോലെയുള്ള പലഹാരങ്ങളും  കാന്റീനിൽ വിൽക്കുന്നുണ്ട്.

ശരാശരി മാസത്തിൽ രണ്ടു മുതൽ രണ്ടര ലക്ഷം രൂപ വരെയുള്ള കച്ചവടം നടക്കാറുണ്ടെന്ന് ഇവർ പറയുന്നു. സംരംഭം തുടങ്ങാനായി കുടുംബശ്രീയിൽ നിന്നും രണ്ട് ലക്ഷം രൂപയുടെ ലോൺ അനുവദിച്ചിരുന്നു. കൂടാതെ ഇവർക്കാവശ്യമായുള്ള റിവോൾവിംങ് ഫണ്ട്(ആർ.എഫ്.), ജ്യൂസർ മെഷീൻ, സ്റ്റീ എന്നിവ ഉടൻ തന്നെ ലഭ്യമാക്കുമെന്ന് ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ സുജാ ഈപ്പൻ അറിയിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാമൊപ്പം ജില്ലാ കുടുംബശ്രീ മിഷൻ നടത്തുന്ന പരിപാടികളിൽ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അവസരങ്ങളും ഊഴമനുസരിച്ച് ഫൈവ് സ്റ്റാർ കഫേയ്ക്കാണ് ലഭിക്കുന്നത്്.  അഞ്ചു പേർ മാത്രമായി തുടങ്ങിയ കാന്റീനിൽ ഇപ്പോൾ അഞ്ചുപേരെക്കൂടി അധികം നിയമിച്ചു. മുട്ട ദോശ, തട്ടിൽകുട്ടി ദോശ, കൂൺ ദോശ, ചെമ്മീൻ പുട്ട്, ബീഫ് പുട്ട്, കണവപുട്ട്, ബീറ്റ്റൂട്ട് പുട്ട്, ചിക്കൻപുട്ട്, മിക്സഡ് വെജിറ്റബിൾ പുട്ട്, കപ്പ പുട്ട് എന്നീ ന്യൂജനറേഷൻ ഫ്യൂഷൻ വിഭവങ്ങളും ഇവരുടെ രുചിക്കൂട്ടിലെ പ്രധാനവിഭവങ്ങൾ. പാർട്ടി ഓർഡറുകൾ സ്വീകരിക്കുമ്പോൾ അവർക്കാവശ്യമായ തരത്തിൽ കരിമീൻ ഉൾപ്പെടെയുള്ള കായൽ മത്സ്യ വിഭവങ്ങളും, മുളയരിപ്പായസം, കടലപ്പരിപ്പ് പായസം, പാലടപായസം, ഗോതമ്പ് പായസം തുടങ്ങി വിവിധ തരത്തിലുള്ള പായസവുമുള്ള തനതായ കേരളീയ സദ്യയാണ് ഒരുക്കുന്നത്.

 

(പി.എൻ.എ. 1545/2018)

date