ഗ്രാമീണ റോഡുകളും ബി.എം.ബി.സി നിലവാരത്തിലേക്ക് ; ചിറ്റൂര്‍ ക്ഷേത്രം - സിംസണ്‍ തീയറ്റർ റോഡ് ഉദ്ഘാടനം മാർച്ച് 6 ന്
അടിസ്ഥാന വികസനത്തിന്റെ ഭാഗമായി ഗ്രാമീണ റോഡുകളും ബി.എം.ബി.സി നിലവാരത്തിലേക്കുയര്‍ത്തി ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ചിറ്റൂര്‍ ക്ഷേത്രം മുതല്‍ സിംസണ്‍ തീയറ്റര്‍ വരെ, ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡാണ് ബി.എം.ബി.സി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 6 ന് ടി.ജെ വിനോദ് എം.എല്‍.എ റോഡ് നാടിന് സമര്‍പ്പിക്കും.
രണ്ടുവരി പാതകളായാണ് റോഡ് നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാക്കി ലെയിനുകള്‍ ഉള്‍പ്പടെ തയ്യാറാക്കി കഴിഞ്ഞു. അമ്പത് ലക്ഷത്തോളം രൂപയാണ് റോഡ് നവീകരണത്തിനായി ചെലവഴിച്ചിട്ടുള്ളത്.
ചിറ്റൂര്‍ ക്ഷേത്രം - സിംസണ്‍ തീയറ്റര്‍ റോഡിനൊപ്പം, ഡിവൈൻ നഗറിലെ റോഡുകളും ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. റോഡുകളുടെ ലൈനുകള്‍ വരക്കുന്ന ജോലി മാത്രമാണ് ഇനി അവശേഷിക്കുന്നത്.
മഴ കൂടുതലായി ലഭിക്കുന്ന കാലാവസ്ഥയിലും ഈടുനിൽക്കുന്ന നിര്‍മാണമായി ബി.എം.ബി.സി ടാറിംഗിനെ കണക്കാക്കുന്നു. ദേശീയപാതകള്‍ ഉള്‍പ്പടെ നിര്‍മിക്കുന്നത് ബി.എം. ബി.സി നിലവാരത്തിലാണ്. ബിറ്റൂമിനസ് മെക്കാഡം ബിറ്റൂമിനസ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡുകള്‍, ശക്തമായ മഴയിലും നശിക്കാത്തതിനാല്‍ ദീര്‍ഘകാലത്തേക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കാനാകും.
- Log in to post comments