മികവാര്‍ന്ന പ്രവര്‍ത്തനത്തിന് പുരസ്‌കാരത്തിന്റെ തിളക്കവുമായി കുന്നുകര ഗ്രാമപഞ്ചായത്ത്
തെക്ക് പെരിയാര്‍, വടക്ക് ചാലക്കുടി പുഴ, മധ്യഭാഗത്തും പടിഞ്ഞാറും മാഞ്ഞാലി തോടിനാലും ചുറ്റപ്പെട്ട കുന്നുകര ഗ്രാമപഞ്ചായത്ത് പറവൂരിന്റെ നെല്ലറയാണ്. പഞ്ചായത്തിലെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. 2021-22 വര്‍ഷത്തെ ആസൂത്രണ മികവിന്റെയും പദ്ധതി നിര്‍വഹണത്തിന്റെയും അടിസ്ഥാനത്തില്‍ സ്വരാജ് ട്രോഫിയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണത്തിന്റെ മികവിന് മഹാത്മാ അയ്യങ്കാളി പുരസ്‌കാരവും നേടിയിരിക്കുകയാണ് ഗ്രാമപഞ്ചായത്ത്. പുരസ്‌കാരം നേടിത്തന്ന പഞ്ചായത്തിന്റെ പ്രവര്‍ത്തങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു സംസാരിക്കുന്നു.
കൃത്യതയോടെ പദ്ധതി നിര്‍വഹണം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 100% നികുതി പിരിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. 136% പദ്ധതി വിഹിതം ചെലവഴിച്ചു. സംസ്ഥാനതലത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ എട്ടാം സ്ഥാനം നേടാന്‍ പഞ്ചായത്തിനായി. ദേശീയ അര്‍ബന്‍ മിഷന്‍ പദ്ധതി വിനിയോഗത്തില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്ത് എത്താനായി എന്നത് മറ്റൊരു നേട്ടമാണ്.
മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം
പഞ്ചായത്തിലെ 15 വാര്‍ഡുകളിലും ഹരിത കര്‍മ്മസേന അംഗങ്ങള്‍ വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഒരു എംസിഎഫ് സ്വന്തമായും മറ്റൊന്ന് വാടകയ്‌ക്കെടുത്തും പ്രവര്‍ത്തിക്കുന്നു. ഹരിത കര്‍മ്മസേനയ്ക്ക് വാഹനം വാങ്ങി നല്‍കിയിട്ടുണ്ട്. ജൈവ മാലിന്യ സംസ്‌കരണത്തിനായി 500 കുടുംബങ്ങള്‍ക്ക് ബയോബിന്‍ വിതരണം ചെയ്യാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.
കാര്‍ഷിക മേഖല
കുന്നുകര ഗ്രാമപഞ്ചായത്ത് നെല്‍ കൃഷിക്ക് നല്ല പ്രോത്സാഹനം നല്‍കുന്നുണ്ട്. വാഴ, ജാതി, പച്ചക്കറി തുടങ്ങിയ കര്‍ഷകര്‍ക്ക് വിത്ത്, തൈ അടക്കമുള്ളവ വിതരണം ചെയ്യുന്നു. ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ സബ്‌സിഡി, കാലിത്തീറ്റ സബ്സിഡി എന്നിവയും നല്‍കുന്നു.
ദേശീയ അര്‍ബന്‍ മിഷന്‍ പദ്ധതി
ദേശീയ അര്‍ബന്‍ മിഷന്‍ പദ്ധതി വിനിയോഗത്തില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ പഞ്ചായത്തിന് കഴിഞ്ഞു. പദ്ധതി തുക വകയിരുത്തി പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു. 32 കുട്ടികളാണ് ഇവിടെയുള്ളത്. കുടുംബശ്രീ വനിതകള്‍ക്കായി വനിതാ റസിഡന്‍സ് സെന്ററും നിര്‍മ്മിച്ചു. രണ്ട് അങ്കണവാടികളുടെ നിര്‍മ്മാണവും ഗ്രാമീണ റോഡുകളുടെ നിര്‍മാണവും പദ്ധതി തുക വകയിരുത്തി പൂര്‍ത്തിയാക്കി. വാതക ശ്മശാനം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
പുരസ്‌കാര തിളക്കത്തില്‍ തൊഴിലുറപ്പുപദ്ധതി
തൊഴിലുറപ്പ് പദ്ധതി വഴിയുള്ള വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കൃഷി, ജലസംരക്ഷണം, പശ്ചാത്തല വികസനം തുടങ്ങിയ എല്ലാ മേഖലകളിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വഴി തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനം നല്‍കാന്‍ സാധിക്കുന്നു. കുന്നുകര ജെ.ബി.എസ് സ്‌കൂളിന്റെ ഊട്ടുപുര നിര്‍മ്മാണം തൊഴിലുറപ്പ് വഴി പൂര്‍ത്തിയാക്കി. വയല്‍ക്കര എല്‍.പി സ്‌കൂളിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. കൃഷിഭവന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് പഞ്ചായത്തില്‍ ഒരുങ്ങുന്ന വില്ലേജ് മാര്‍ട്ടിന്റെ നിര്‍മ്മാണവും തൊഴിലുറപ്പ് തൊഴിലാളികള്‍ വഴിയാണ് നടത്തുന്നത്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും നീര്‍ച്ചാലുകളുടേയും അതിരുകെട്ടി സംരക്ഷിക്കല്‍, കെട്ടിട നിര്‍മ്മാണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്നു.
ദുരന്തനിവാരണം
2018ലെ മഹാപ്രളയം ബാധിച്ച മേഖലകളിലൊന്നാണ് കുന്നുകര. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് വള്ളം വാങ്ങി സജ്ജമാക്കിയിട്ടുണ്ട് പഞ്ചായത്ത്.
പാലിയേറ്റീവ് കെയര്‍
പാലിയേറ്റീവ് കെയര്‍ മേഖലയില്‍ ഏഴ് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. വയോജനങ്ങള്‍ക്കായി രണ്ട് പകല്‍വീടുകള്‍ പഞ്ചായത്ത് പരിധിയില്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് പകല്‍വീടുകളുടെ പ്രവര്‍ത്തനം ആരംഭിക്കും.
എല്ലാവര്‍ക്കും ഭവനം ലക്ഷ്യം
എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുകയാണ് പഞ്ചായത്ത്. 63 ഭൂരഹിത ഭവനരഹിത കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വീട് വയ്ക്കുന്നതിനായി കഴിഞ്ഞ ഭരണസമിതി സ്ഥലം വാങ്ങിയിരുന്നു. 32 കുടുംബങ്ങള്‍ക്കു മാത്രമേ ഈ സ്ഥലം തികയുകയുള്ളു. ബാക്കി കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത്.
കുടിവെള്ളക്ഷാമം പരിഹരിക്കും
പഞ്ചായത്ത് നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് കുടിവെള്ളക്ഷാമം. നിലവില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വണ്ടികളില്‍ വെള്ളമെത്തിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നുണ്ട്. കിഫ്ബിയില്‍ നിന്ന് തുക അനുവദിച്ച് സമഗ്ര കുടിവെള്ള പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
സമൂഹത്തില്‍ ജീവിതശൈലി രോഗങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പഞ്ചായത്തിലെ പച്ചത്തുരുത്ത് മെച്ചപ്പെടുത്തി, ആളുകള്‍ക്ക് വ്യായാമം ചെയ്യുന്നതിന് ഒരു ഓപ്പണ്‍ ജിം ആരംഭിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. കായികരംഗത്തെ ഉന്നമനം ലക്ഷ്യമിട്ട് യുവജനങ്ങള്‍ക്കായി കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.
- Log in to post comments