ഉദ്ഘാടനത്തിനൊരുങ്ങി പറവൂരിലെ ദുരിതാശ്വാസ അഭയകേന്ദ്രം
പറവൂരിലെ വടക്കേക്കര പഞ്ചായത്തിൽ ദുരിതാശ്വാസ അഭയകേന്ദ്രം ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനം ചെയ്യും.
ലോകബാങ്ക് നൽകിയ ആറ് കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ സൈക്ലോൺ റിസ്ക് മാനേജ്മെൻ്റ് പ്രോജക്ട് കേരളയും ചേർന്നാണ് തുരുത്തിപ്പുറം എസ്.എൻ.വി.ജി.എൽ.പി.എസ് അങ്കണത്തിൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. സ്കൂളിൻ്റെ 50 സെൻ്റ് സ്ഥലം അഭയകേന്ദ്രം നിർമിക്കാനായി വിട്ടുനൽകുകയായിരുന്നു. 2019 ഡിസംബറിലാണ് കെട്ടിട നിർമാണം ആരംഭിച്ചത്.
മൂന്ന് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിൽ ഹാളുകൾ, അടുക്കളകൾ, ശുചിമുറികൾ, സ്റ്റോർ റൂമുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. 1,000 പേരെ ഉൾക്കൊള്ളിക്കാനാകുന്ന ഈ കെട്ടിടം ഭിന്നശേഷി സൗഹൃദമായാണ് നിർമിച്ചിരിക്കുന്നത്. വീൽചെയർ കൊണ്ടുപോകാനുള്ള റാമ്പും ഇതിനോടനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്.
പ്രളയം, മഴക്കെടുതികൾ പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകൾക്ക് സംയുക്തമായി ഉപയോഗിക്കാനുള്ള ഈ അഭയകേന്ദ്രം, അഭയാർത്ഥികൾ ഇല്ലാത്തപ്പോൾ മറ്റ് പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തും.
- Log in to post comments