പരാതികള്‍ക്ക് പരിഹാരവുമായി ആലുവയില്‍ പരിഹാരം 2018: 25 വര്‍ഷങ്ങളായി കെട്ടിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കി
കൊച്ചി: ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ആലുവ താലൂക്കില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി പരിഹാരം 2018 ല്‍ പരിഗണിച്ചത് 63 പരാതികള്‍. സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരാതികളിലേറെയും. ഫയല്‍ അദാലത്തില്‍ 119 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 40 എണ്ണം തീര്‍പ്പാക്കി. ബാക്കി ഫയലുകളില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കി. പെന്‍ഷന്‍, ലൈഫ് പദ്ധതി, റേഷന്‍ കാര്‍ഡ് മാറ്റം, പോക്കുരവ് ചെയ്യാന്‍ കഴിയാത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നം തുടങ്ങിയ വിഭാഗങ്ങളിലുള്ള പരാതികളും പരിഗണിച്ചു.
സര്‍വേയുമായി ബന്ധപ്പെട്ട് താലൂക്കില്‍ 25 വര്‍ഷമായി കെട്ടിക്കിടന്നിരുന്ന 187 ഫയലുകളില്‍ പരിഹാരമായി. ഇതില്‍ 27 പരാതികള്‍ തീര്‍പ്പാക്കിയതിന്റെ ഉത്തരവ് കളക്ടര്‍ കക്ഷികള്‍ക്ക് കൈമാറി. ആദ്യ ഉത്തരവ് പാറക്കടവ് സ്വദേശി ടോണി തോമസ് കളക്ടറില്‍ നിന്ന് ഏറ്റുവാങ്ങി. റീസര്‍വേയില്‍ വന്ന ഭൂമിയുടെ വ്യത്യാസം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് നല്‍കിയ പരാതിയാണ് തീര്‍പ്പാക്കിയത്. അവശേഷിക്കുന്ന 160 പരാതികള്‍ സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കി തഹസില്‍ദാര്‍ ഒപ്പിട്ട ശേഷം കക്ഷികള്‍ക്ക് കൈമാറും. റീസര്‍വേക്കു ശേഷം തെറ്റായി സര്‍ക്കാര്‍ പുറമ്പോക്കായി രേഖപ്പെടുത്തിയ ഭൂമി, റീസര്‍വേയില്‍ അതിര്‍ത്തിവ്യത്യാസത്തെ തുടര്‍ന്ന് കരമൊടുക്കാന്‍ കഴിയാത്ത ഭൂമി, സര്‍വേ നമ്പറിലെ തെറ്റ്, പേര് മാറിയവ, വിസ്തീര്‍ണ്ണ വ്യത്യാസം,പുറമ്പോക്ക് ഭൂമി-പട്ടയ ഭൂമി ഇനം മാറ്റം തുടങ്ങിയ വിഭാഗങ്ങളിലായി കെട്ടിക്കിടന്ന പരാതികളാണ് തീര്‍പ്പാക്കിയത്.
ആധാര്‍ രജിസ്ട്രേഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷ നല്‍കാനും പരിഹാരം വേദിയില്‍ സൗകര്യമൊരുക്കിയിരുന്നു. അക്ഷയ കൗണ്ടറില്‍ ആധാര്‍ കാര്‍ഡിനുള്ള 15 പുതിയ അപേക്ഷകള്‍ ലഭിച്ചു. ഇവര്‍ക്ക് ആധാര്‍ നമ്പര്‍ കൗണ്ടറില്‍ നിന്നു തന്നെ അനുവദിച്ചു. ആധാര്‍ കാര്‍ഡ് ഒരാഴ്ചയ്ക്കകം തപാലില്‍ അയച്ചു കൊടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അപേക്ഷകള്‍ ലഭിച്ചു.
ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരം: ജില്ല കളക്ടര്‍
കൊച്ചി: ഭൂമി സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയാണ് പരിഹാരം 2018 ജനസമ്പര്‍ക്ക പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ആലുവ താലൂക്ക് ഓഫീസ് അനെക്‌സില്‍ നടന്ന പരിഹാരം 2018-ഉം ഫയല്‍ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുജനങ്ങളുടെ പരാതികള്‍ താലൂക്കുതലത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കുന്ന ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞ വര്‍ഷം പത്ത് കേന്ദ്രങ്ങളില്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 2220 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 92% പരാതികള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞു.
ചില മാറ്റങ്ങളോടെയാണ് ഈ വര്‍ഷം പരിഹാരം സംഘടിപ്പിക്കുന്നത്. കൃത്യമായ ലക്ഷ്യം മുന്നില്‍വെച്ച് ഓരോ പ്രശ്‌നങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പരാതി പരിഹാരമാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം മുതല്‍ പരിഹാരത്തോടൊപ്പം ഫയല്‍ അദാലത്തും നടത്തുന്നുണ്ട്. ഓരോ താലൂക്കിലും പരിഹാരം അദാലത്ത് നടക്കുമ്പോള്‍ ആ താലൂക്കുമായി ബന്ധപ്പെട്ട് മറ്റ് വില്ലേജ് ഓഫീസുകളിലോ കളക്ടറേറ്റിലോ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കും. സര്‍വേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇതോടൊപ്പം തീര്‍പ്പാക്കും. ഫയലുകള്‍ കാര്യക്ഷമായി തീര്‍പ്പാക്കും. കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കാന്‍ നടത്തുന്ന ഫയല്‍ അദാലത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞു. അടുത്ത മൂന്നു മാസങ്ങളില്‍ അഞ്ചു താലൂക്കുകളില്‍ പരിഹാരം 2018 പൂര്‍ത്തീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ കബീര്‍, ആര്‍ഡിഒ എസ്. ഷാജഹാന്‍, ആലുവ തഹസില്‍ദാര്‍ കെ.ടി. സന്ധ്യാദേവി, ഡെപ്യൂട്ടി കളക്ടര്‍ (ഡിഎം) ഷീല ദേവി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ചന്ദ്രശേഖരന്‍, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) കെ. മധു, ഭൂരേഖ തഹസില്‍ദാര്‍ പി.കെ. ബാബു, ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വേ പി. മധുലിമയി, ജില്ല സര്‍വേ സൂപ്രണ്ട് എം. എന്‍ അജയകുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫൈസലിന് ആധാര്‍, അലിവേലുവിന് റേഷന്‍ കാര്‍ഡ്
ആശ്വാസമേകി പരിഹാരം 2018
കൊച്ചി: 35 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകന്റെ പെന്‍ഷന്‍ മുടങ്ങിയതു മൂലം കുടുംബം പട്ടിണിയിലായ വേദനയില്‍ കരഞ്ഞു കലങ്ങിയ മുഖവുമായാണ് 84 കാരിയായ കദീജ കളക്ടറുടെ മുന്നിലെത്തിയത്. കണ്ണീരില്‍ കുതിര്‍ന്ന പരാതി കളക്ടര്‍ക്ക് നീട്ടുമ്പോഴേക്കും കദീജ തളര്‍ന്ന് കസേരയിലേക്കിരുന്നു.
ഒന്നര വര്‍ഷമായി പെന്‍ഷന്‍ മുടങ്ങിയിട്ട്. കദീജയുടെയും മകന്റെയും പെന്‍ഷന്‍ മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. കദീജയും മകനും മാത്രമാണ് ഇപ്പോള്‍ വീട്ടില്‍ താമസം. ആധാര്‍ കാര്‍ഡിന്റെ പ്രശ്‌നം പറഞ്ഞാണ് പെന്‍ഷന്‍ നിഷേധിക്കുന്നത്. ഫൈസലിന്റെ കൈവിരലുകള്‍ക്ക് വൈകല്യമുള്ളതു കാരണം ആധാര്‍ കാര്‍ഡില്‍ വിരലടയാളം പതിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കദീജ പറഞ്ഞു. രണ്ടു പ്രാവശ്യം ആധാര്‍ എന്റോള്‍മെന്റ് നടത്തി. രണ്ടു പ്രാവശ്യവും ശരിയായില്ല. ഇതു മൂലം ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി പെന്‍ഷനും കിട്ടുന്നില്ല. ഒടുവില്‍ പ്രശ്‌നം ചൂണ്ടിക്കാണിച്ച് 'പരിഹാര'ത്തില്‍ എത്തുകയായിരുന്നു.
പരാതി തിടുക്കത്തില്‍ വായിച്ച കളക്ടര്‍ ഉടന്‍ മറുപടി പറഞ്ഞു. 'എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകും.' പരാതിയില്‍ പഞ്ചായത്തിനോട് പരിഹാരം കാണാനുള്ള നിര്‍ദേശം അദ്ദേഹം കുറിച്ചു നല്‍കി. അടുത്തു നിന്ന റവന്യൂ ഉദ്യോഗസ്ഥരോടും കദീജയുടെ പ്രശ്‌നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന നിര്‍ദേശവും കൊടുത്തു. തുടര്‍ന്ന് ഫൈസലിന് ആധാര്‍ നമ്പറും അനുവദിച്ചു.
കൈകള്‍ക്ക് വൈകല്യമുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ആധാര്‍ കാര്‍ഡ് അനുവദിച്ചത്. മനസു നിറഞ്ഞ കദീജ ആശ്വാസത്തോടെയാണ് മകന്റെ കൈപിടിച്ച് ഓഫീസ് വിട്ടിറങ്ങിയത്.
ശ്രീമൂലനഗരം വടക്കേ കുഴിക്കാട്ട് വീട്ടില്‍ അലിവേലുവിന് റേഷന്‍ കാര്‍ഡ് മാറ്റി കിട്ടണമെന്ന പരാതിയുമായാണ് എത്തിയത്. അലിവേലുവും മകളും വികലാംഗരാണ്. ഭര്‍ത്താവ് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലും. സ്വന്തമായി ഭൂമിയോ വീടോ ഇല്ല. എന്നിട്ടും ഇവരുടെ കാര്‍ഡ് ലഭിച്ചത് പൊതുവിഭാഗത്തില്‍. ഇത് അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നായിരുന്നു അലിവേലുവിന്റെ പരാതി. പരാതി ശ്രദ്ധയില്‍പെട്ട കളക്ടര്‍ താലൂക്ക് സപ്ലൈ ഓഫീസറോട് പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കി. ഓണത്തിനു മുമ്പായി അടുത്ത ഘട്ടത്തില്‍ വരുന്ന ലിസ്റ്റില്‍ അലിവേലുവിന്റെ പേര് ആദ്യം പരിഗണിക്കുമെന്ന് സപ്ലൈ ഓഫീസര്‍ പറഞ്ഞു.
കാന വൃത്തിയാക്കാത്തതുമൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നുവെന്ന പരാതിയുമായാണ് ആലുവ ബ്രിഡ്ജ് റോഡിലുള്ള ഒരു കൂട്ടം വ്യാപാരികള്‍ എത്തിയത്. മലിനജലം കടകളിലേക്ക് കയറുമെന്നതിനാല്‍ പലപ്പോഴും കടകള്‍ അടച്ചിടേണ്ട അവസ്ഥയാണ്. റോഡിനിരുവശവുമുള്ള കാനകള്‍ വേണ്ടവിധത്തില്‍ വൃത്തിയാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തില്‍ ആലുവ മുനിസിപ്പല്‍ സെക്രട്ടറിയോട് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ആലുവ എം ഇ എസ് ജാറം റോഡിലെ കാലപ്പഴക്കം ചെന്ന കനാല്‍ പാലം അപകടാവസ്ഥയിലാണെന്നു ചൂണ്ടിക്കാണിച്ച് പേങ്ങാട്ടുശ്ശേരി സ്വദേശി മുഹമ്മദാലി സമര്‍പ്പിച്ച പരാതിയും കളക്ടര്‍ പരിഗണിച്ചു. നിരവധി പേര്‍ ഉപയോഗിക്കുന്ന കനാല്‍ പാലത്തിന്റെ അവസ്ഥ പരിശോധിച്ച് ഉചിത തീരുമാനമെടുക്കാന്‍ എറണാകുളം പി.ഡബ്ല്യു.ഡി. റോഡ്‌സ് ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
സ്വന്തം പേരിലുള്ള ഒരേക്കര്‍ പത്തു സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാന്‍ നാലു വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു അങ്കമാലി ചെറിയ വാപ്പാലശ്ശേരി സ്വദേശി തങ്കമ്മ ജോര്‍ജ്. പരിഹാരത്തിനോടനുബന്ധിച്ച് താലൂക്കില്‍ കെട്ടിക്കിടന്ന 27 പരാതികള്‍ക്ക് പരിഹാരം കണ്ടു. ഇതില്‍ തങ്കമ്മ ജോര്‍ജിന്റെ പരാതിക്കും പരിഹാരം ലഭിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ കളക്ടര്‍ക്ക് നന്ദി പറഞ്ഞാണ് തങ്കമ്മ മടങ്ങിയത്.
- Log in to post comments