Skip to main content
ലീജ തോമസ് ബാബു

കണ്ട് പഠിക്കാം, കുമ്പളങ്ങിയെ...

 

    കേരളത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ഗ്രാമം, കേരളത്തിലെ ആദ്യ സാനിറ്ററി നാപ്കിന്‍ വിമുക്ത ഗ്രാമം, പഞ്ചായത്തിലുടനീളം ക്യാമറ സ്ഥാപിച്ച് സുരക്ഷയൊരുക്കിയ ഗ്രാമം, കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്... കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള നേട്ടങ്ങളെക്കുറിച്ചും പഞ്ചായത്തിന്റെ ഭാവി പരിപാടികളെക്കുറിച്ചും സംസാരിക്കുകയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു...

 

ഒരുങ്ങുന്നു വികസന റിപ്പോര്‍ട്ട്

 

    വികസനം സാധ്യമാക്കുക എന്നത് മാത്രമല്ല, നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യം ജനങ്ങളുടെ മുന്നില്‍ എത്തിക്കുക എന്നതും ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചുകൊണ്ട് പഞ്ചായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം നടപ്പാക്കിയ വികസന പദ്ധതികളുടെ വികസന റിപ്പോര്‍ട്ട് തയ്യാറാക്കാനൊരുങ്ങുകയാണ് ഭരണസമിതി. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഉടന്‍തന്നെ വികസന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

കൃഷി

 

    കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗ്രോ ബാഗുകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തുകഴിഞ്ഞു. ക്ഷീരമേഖലയുടെ വികസനത്തിനായി ആട് വളര്‍ത്തല്‍, പശു വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് പ്രോത്സാഹനം നല്‍കിവരുന്നുണ്ട്. മത്സ്യ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഓരുവെള്ള കൂട് മത്സ്യകൃഷിയും പഞ്ചായത്തില്‍ നടപ്പാക്കുന്നുണ്ട്. 

 

മാലിന്യ സംസ്‌കരണത്തിലെ കുമ്പളങ്ങി മാതൃക

 

     മാലിന്യ സംസ്‌കരണത്തിനായി മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളണ് പഞ്ചായത്തില്‍ നടപ്പാക്കിവരുന്നത്. വ്യാപാരികളുമായി സഹകരിച്ചു ജൈവ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് നീക്കുന്നതിനായി പ്രത്യേക വാഹനം പഞ്ചായത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനായി മുച്ചക്ര വാഹനങ്ങളും മാലിന്യം ശേഖരിക്കുന്നതിനായി മിനി എം.സി.എഫുകളും (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി)യും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

 
സാഗിയുടെ മികവില്‍ കുമ്പളങ്ങി

 

    കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ വികസന പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാം യോജന അഥവാ സാഗി പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്താണ് കുമ്പളങ്ങി. ഇതിന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടപ്പാക്കികഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മസേനയ്ക്ക് ട്രൈസൈക്കിളുകള്‍, മിനി എം.സി.എഫ് വിതരണം, ആംബുലന്‍സ്, സാനിറ്ററി നാപ്കിന്‍ ഫ്രീ പഞ്ചായത്തായുള്ള പ്രഖ്യാപനം, എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം, ഡിജി ലോക്കര്‍ പദ്ധതി ഉദ്ഘാടനം, പഞ്ചായത്ത് ബില്‍ഡിംഗ് എനര്‍ജി ഓഡിറ്റ് തുടങ്ങിയവ നടപ്പാക്കി.

 

ഡിജി ലോക്കര്‍

 

    വിവര സാങ്കേതിക വിദ്യയുടെ കാലത്ത് എല്ലാ വീടുകളിലെയും വിവരങ്ങള്‍ ഡിജി ലോക്കറില്‍ സൂക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്തി വരികയാണ്.

 

സാനിറ്ററി നാപ്കിന്‍ ഫ്രീ പഞ്ചായത്ത്

 

    പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ക്ക് ബദലായി മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന പരിപാടി സംസ്ഥാനത്ത് തന്നെ ആദ്യമായി നടപ്പാക്കിയത് കുമ്പളങ്ങിയാണ്. രാജ്യത്ത് സാനിറ്ററി നാപ്കിന്‍ മുക്തമാവുന്ന ആദ്യ പഞ്ചായത്ത് എന്ന് നേട്ടമാണ് ഇതോടെ കുമ്പളങ്ങിക്ക് സ്വന്തമായത്. വനിതാ ക്ഷേമരംഗത്ത് ഇത്തരത്തിലുള്ള മുന്നേറ്റം കുമ്പളങ്ങിക്ക് മാത്രം അവകാശപ്പെട്ടതാണ്.

 

എനര്‍ജി ഓഡിറ്റ്

 

    വനിത ക്ഷേമത്തിലെന്ന പോലെ ഊര്‍ജ സംരക്ഷണത്തിലും കുമ്പളങ്ങി പങ്കുവയ്ക്കുന്ന മാതൃകയാണ് എനര്‍ജി ഓഡിറ്റ്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ ഊര്‍ജ ഉപയോഗവും സംരക്ഷണവും കണക്കാക്കി ഊര്‍ജ സംരക്ഷണത്തിനു മുന്‍തൂക്കം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ എല്‍.ഇ.ഡി ലാംപ് നിര്‍മാണ യൂണിറ്റും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 

 

യുവജനക്ഷേമം

 

    യുവജന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് പഞ്ചായത്തിന്റെ  പ്രവര്‍ത്തനം. ഇതിനായി ഹൈബി ഈഡന്‍ എം.പിയുടെ സഹായത്തോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗപ്പെടുത്തി ഓപ്പണ്‍ ജിം സ്ഥാപിച്ചു. 23 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. യുവാക്കള്‍ക്കായി പുതിയ കളിക്കളം ഒരുക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. ഇതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. 

 

ക്യാമറാ സുരക്ഷയില്‍ കുമ്പളങ്ങി

 

    കുമ്പളങ്ങി പഞ്ചായത്തിലുടനീളം സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷയുടെ പുതിയ അധ്യായം രചിക്കാന്‍ കുമ്പളങ്ങിക്ക് സാധിച്ചു. 12 ലക്ഷം രൂപ മുടക്കിയാണ് പഞ്ചായത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. മാലിന്യം വഴിയില്‍ തള്ളുന്നവര്‍ക്കെതിരെയും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിലും പദ്ധതി വളരെയധികം ഗുണം ചെയ്തു.  

 

കോവിഡ് പ്രതിരോധം

 

    കോവിഡ് കാലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ 104 ദിവസം പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷം ആരംഭിച്ച ഡൊമിസിലിയറി കെയര്‍ സെന്റര്‍ രണ്ടാഴ്ചയോളം പ്രവര്‍ത്തിച്ചു. കോവിഡ് രൂക്ഷമായ സമയങ്ങളില്‍ ക്വാറന്റീനില്‍ കഴിഞ്ഞവര്‍ക്ക് ഉച്ചഭക്ഷണം എത്തിച്ചുനല്‍കി. വാര്‍ഡ് അംഗങ്ങളുടെയും സന്നദ്ധസേന പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. നെസ്ലെയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് ഭക്ഷണ കിറ്റുകള്‍ പഞ്ചായത്തില്‍ വിതരണം ചെയ്തു. 
വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ക്യാംപുകള്‍ സജ്ജീകരിച്ചിരുന്നു. ഇത്തരത്തില്‍ രണ്ട് ഡോസ് വാക്‌സിനും നല്‍കി സമ്പൂര്‍ണ വാക്‌സിനേറ്റഡ് പഞ്ചായത്ത് എന്ന നേട്ടത്തിനും പഞ്ചായത്ത് അര്‍ഹമായി. 

 

വേലിയേറ്റം നേരിടാന്‍ പദ്ധതി

 

    പഞ്ചായത്ത് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഓരുവെള്ളം. ഓരുവെള്ളം കയറി പല പ്രദേശങ്ങളും വാസയോഗ്യമല്ലാതായിരിക്കുകയാണ്. ഓരുവെള്ള ഭീഷണിയുടെ തീവ്രത കണ്ടെത്തുന്നതിനായി ഇക്വിനോട്ട് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ സഹായത്തോടെ പഠനം നടത്തിയിരുന്നു. കായലിലെ എക്കല്‍ നീക്കം ചെയ്ത് സംരക്ഷണഭിത്തി തീര്‍ക്കുക എന്നതാണ് താത്ക്കാലികമായെങ്കിലും മുന്നിലുള്ള പരിഹാരം. ഇതിനായി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അനുകൂല നടപടി കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.

 

date