Skip to main content
ഗ്രേസി ദയാനന്ദന്‍

വികസന പാതയില്‍  കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്

 

    നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു കുതിക്കുകയാണ് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമതി. വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍ സംസാരിക്കുന്നു

 

വാക്‌സിനേഷന്‍ 100 ശതമാനം

 
    പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നുവരുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ പഞ്ചായത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്റര്‍ രൂപീകരിച്ചു. ഇതിനോടകം വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തികരിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. ഇതിനായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 18 വയസിന് താഴെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്.

 

വിദ്യാഭ്യാസ മേഖല 

 

    സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി സാനിറ്റൈസര്‍ അടക്കമുള്ള പ്രതിരോധ വസ്തുക്കള്‍ നല്‍കി. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ പരിശ്രമത്തിലൂടെ സ്‌കൂള്‍ പരിസരങ്ങള്‍ ശുചീകരിച്ചു. മൂന്ന് സ്‌കൂളുകളില്‍ ശുചിമുറി സമുച്ചയവും രണ്ട് സ്‌കൂളുകളില്‍ പാചകപ്പുരയും നിര്‍മ്മിച്ച് നല്‍കി.

 

കാര്‍ഷിക മേഖല 

 

    കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. വാഴ, ജാതി കര്‍ഷകര്‍ക്ക് സബ്‌സിഡിയായി വളങ്ങള്‍ നല്‍കി വരുന്നു. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി വിത്തുകള്‍, ഗ്രോ ബാഗ്, പച്ചക്കറിത്തൈകള്‍, കുറ്റി കുരുമുളക് എന്നിവ വിതരണം ചെയ്തുവരുന്നു. തരിശുനില കൃഷിക്ക് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നുണ്ട്. കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം അടക്കമുള്ള
പദ്ധതികള്‍ മികച്ച രീതിയിലാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡിയും പാല്‍ സബ്‌സിഡിയും കൂടാതെ 525 കുടുംബങ്ങള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ അഞ്ചെണ്ണം വീതം സൗജന്യമായി നല്‍കാനും കഴിഞ്ഞു.

 

മാലിന്യ സംസ്‌കരണം

 

    മുപ്പത് അംഗങ്ങളുള്ള ഹരിത കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് വര്‍ഷമായി വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചില്ല് കുപ്പി എന്നിവ എല്ലാ മാസവും ശേഖരിച്ച് വരുന്നു. വാടകയ്ക്കാണ് എംസിഎഫ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി എംസിഎഫ് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചുവരികയാണ്. നിലവില്‍ വാടകയ്‌ക്കെടുത്ത വാഹനമാണ് ഉപയോഗിക്കുന്നത്.
ഹരിത കര്‍മസേനയ്ക്കു വാഹനം വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 

 

തൊഴിലുറപ്പ് പദ്ധതി

 

     വിള നിലമൊരുക്കല്‍, കോഴിക്കൂട് നിര്‍മ്മാണം, തൊഴുത്ത് നിര്‍മ്മാണം തീറ്റപ്പുല്‍ കൃഷി എന്നിവയ്ക്കായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകളുടെയും ലീഡിങ് ചാനലുകളുടേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു. 

 

സംരംഭകര്‍ക്കായി പദ്ധതികള്‍

 

    വനിതകള്‍ക്ക് കിടാരി, കോഴി, ആട് എന്നിവ വിതരണം ചെയ്യുന്നു. കുടുംബശ്രീ വഴി നിരവധി സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പലഹാര നിര്‍മ്മാണ യൂണിറ്റുകള്‍, തയ്യല്‍ യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

 

എല്ലാവര്‍ക്കും കരുതല്‍

 

    ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു. പഞ്ചായത്തിന് സ്വന്തമായി ബഡ്‌സ് സ്‌കൂള്‍ ഉണ്ട്. ഇവിടെ മുപ്പതോളം കുട്ടികള്‍ ഉണ്ട്. സ്‌കൂളിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഒരുവര്‍ഷം ഒമ്പതുലക്ഷം രൂപയോളം പഞ്ചായത്ത് മാറ്റിവയ്ക്കുന്നു.

     പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്‌കരിക്കുന്നുണ്ട്. ഭവന പദ്ധതി, വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. പട്ടികജാതി വനിതകള്‍ക്ക് സ്വയം തൊഴില്‍ നടത്തുന്നതിനായി ഇരുചക്രവാഹനം വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു.

 

അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം

 

     കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ വീടുകളില്‍ ലഭ്യമാക്കുന്നു. ഈ വര്‍ഷം 763 പുതിയ കണക്ഷനുകളാണ് നല്‍കിയത്. കുടിവെള്ള പൈപ്പ് ലൈന്‍ കൂടുതല്‍ പ്രദേശത്തേക്ക് ദീര്‍ഘിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റോഡ് വികസനത്തിന്റെ ഭാഗമായി 2.52 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം നടപ്പിലാക്കി. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷിഭവന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധിച്ചു.      മോശം അവസ്ഥയിലായ പഞ്ചായത്ത് കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് പഞ്ചായത്ത്. സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുകയാണ് മറ്റൊരു ലക്ഷ്യം.

 

date