Skip to main content
 രശ്മി അനില്‍

ഹരിത പഞ്ചായത്താകാന്‍ ഒരുങ്ങി വടക്കേക്കര

 

    എറണാകുളത്തിന്റെ കയര്‍ഗ്രാമം എന്നറിയപ്പെട്ടിരുന്ന വടക്കേക്കര ഇന്ന് ആധുനികവത്കരണത്തിന്റെ പാതയിലാണ്. പരമ്പരാഗത തൊഴിലുകളായ കയര്‍, കൈത്തറി എന്നിവയ്ക്ക് പുറമേ മത്സ്യബന്ധനം, ചെറുകിട വ്യവസായം എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന ജനതയാണ് ഈ പ്രദേശത്തുള്ളത്. ചരിത്ര പ്രസിദ്ധമായ മുസിരിസ് പൈതൃക കേന്ദ്രത്തിന്റെ സമീപ പ്രദേശം കൂടിയാണ് ഇവിടം. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് രശ്മി അനില്‍ സംസാരിക്കുന്നു...

 

അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം

 

    തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പഞ്ചായത്ത് ഭവന്‍ നിര്‍മാണം പുരോഗമിക്കുകയാണ്. കൂടാതെ കൊട്ടുവള്ളിക്കാട് എല്‍.പി സ്‌കൂളില്‍ ഡൈനിങ് ഹാളും അടുക്കളയും നിര്‍മിക്കുന്നുണ്ട്. തോടുകള്‍ സംരക്ഷിക്കാനായി എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിരിച്ച പഞ്ചായത്താണ് വടക്കേക്കര. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ചെട്ടിക്കാട്-കുഞ്ഞിത്തൈ, വാവക്കാട്-കൊട്ടുവള്ളിക്കാട് എന്നീ രണ്ടു പാലങ്ങളുടെ നിര്‍മാണം അധികം വൈകാതെ ആരംഭിക്കും.

 

കാര്‍ഷിക മേഖല

 

    കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള നിരവധി പദ്ധതികള്‍ നടത്തി വരുന്നുണ്ട്. ഓരോ വാര്‍ഡിലും 2,000 തൈകള്‍ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മികച്ച ജൈവ കാര്‍ഷിക പഞ്ചായത്ത്, തരിശുരഹിത പഞ്ചായത്ത് എന്നീ അംഗീകാരങ്ങളും വടക്കേക്കര നേടിയിട്ടുണ്ട്. ഉപ്പുവെള്ളത്തില്‍ നിന്നും രക്ഷ നേടാന്‍ മട്ടുപ്പാവ് കൃഷി, ഗ്രോ ബാഗ് കൃഷി തുടങ്ങിയ രീതികള്‍ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

 

ദുരിതാശ്വാസ അഭയകേന്ദ്രം ഒരുങ്ങുന്നു

 

    വടക്കേക്കര പഞ്ചായത്തില്‍ ദുരിതാശ്വാസ അഭയകേന്ദ്രത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി ഏപ്രിലില്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

    ലോകബാങ്ക് നല്‍കിയ 6 കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ സൈക്ലോണ്‍ റിസ്‌ക് മാനേജ്‌മെന്റ് പ്രോജക്ട് കേരളയും ചേര്‍ന്നാണ് തുരുത്തിപ്പുരം എസ്.എന്‍.വി. ജി.എല്‍.പി.എസ് അങ്കണത്തില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തില്‍ ഹാളുകള്‍, അടുക്കളകള്‍, ശുചിമുറികള്‍, സ്റ്റോര്‍ റൂമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 1,000 പേരെ ഉള്‍ക്കൊള്ളിക്കാനാകുന്ന ഈ കെട്ടിടം ഭിന്നശേഷി സൗഹൃദമായാണ് നിര്‍മിച്ചിരിക്കുന്നത്. വീല്‍ചെയര്‍ കൊണ്ടുപോകാനുള്ള റാമ്പും ഇതിനോടനുബന്ധിച്ച് പണിതിട്ടുണ്ട്. 

    വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകള്‍ക്ക് സംയുക്തമായി ഉപയോഗിക്കുവാന്‍ നിര്‍മിക്കുന്ന ഈ അഭയകേന്ദ്രം, അഭയാര്‍ത്ഥികള്‍ ഇല്ലാത്തപ്പോള്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ അനുമതിയുണ്ട്.

 

വിനോദ സഞ്ചാരകേന്ദ്രങ്ങള്‍

 

    നിലവില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇല്ലാത്ത പഞ്ചായത്തില്‍ വരും വര്‍ഷങ്ങളിലേക്കായി പുതിയ ടൂറിസം പദ്ധതികള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുകയാണ് ഭരണസമിതി. മൂത്തകുന്നം ക്ഷേത്രത്തിനോട് ചേര്‍ന്ന് വാക് വേ  നിര്‍മിക്കാനും സത്താര്‍ ഐലന്‍ഡിനെ ഒരു ടൂറിസം കേന്ദ്രമാക്കാനും പദ്ധതിയുണ്ട്. 

 

ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍

 

    പഞ്ചായത്തിലെ മടപ്ലാ തുരുത്തില്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസത്തോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഭിന്നശേഷിക്കാരായ 15 മുതിര്‍ന്ന കുട്ടികള്‍ ആദ്യഘട്ടത്തില്‍ ഇവിടെ പഠിക്കാനായി എത്തും. ഇവര്‍ക്ക് കൈത്തൊഴില്‍ പരിശീലനവും നല്‍കും.

 

കുടുംബശ്രീ

 

    കുടുംബശ്രീയുമായി ചേര്‍ന്ന് വനിതാ വികസനത്തിന് വേണ്ടി പഞ്ചായത്ത് ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി സ്ത്രീ കൂട്ടായ്മകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങുന്നതിനു ധനസഹായം നല്‍കി. കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഷെല്‍ഫുകള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ കുടുംബശ്രീയുടെ മാസച്ചന്തകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററും പ്രവര്‍ത്തിക്കുന്നു.

    അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വടക്കേക്കരയെ ഹരിത പഞ്ചായത്താക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനായി കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരും. കൂടാതെ മാലിന്യ ശേഖരണവും സംസ്‌കരണവും ശാസ്ത്രീയമായി നടത്തും. ഇതിനായി ഹരിത കര്‍മസേനയെയും കാര്‍ഷിക കര്‍മ സേനയെയും സജീവമാക്കും.     കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി മാല്യങ്കരയില്‍ ഒരു കുടിവെള്ള ടാങ്ക് നിര്‍മിക്കാനും പദ്ധതിയുണ്ട്. മത്സ്യ കൃഷി, ക്ഷീര മേഖല തുടങ്ങിയവയ്ക്കും അടുത്ത വര്‍ഷം പ്രാധാന്യം നല്‍കും.

 

date