Skip to main content

'അതിജീവനക്ഷമതയുടെ വൈപ്പിന്‍ മാതൃക':  ബ്ലോക്ക് പഞ്ചായത്തിന്റെ  പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി 

 

    വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ 2021ലെ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശനം കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ കാര്‍ഷിക സര്‍വകലാശാല മുന്‍ ഡീന്‍ ഡോ.കെ.എസ് പുരുഷന് നല്‍കി നിര്‍വഹിച്ചു. പൊതുജനവുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ഭരണസംവിധാനമായ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉത്തമ മാതൃകയാണ് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. 

    'അതിജീവനക്ഷമതയുടെ വൈപ്പിന്‍ മാതൃക'യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 23 കോടി രൂപയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയെന്ന് 2021 പ്രോഗ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിസ്ഥാന ജനകീയ വിഷയങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ ഊന്നല്‍ ശ്ളാഘനീയമാണെന്നും എം.എല്‍.എ പറഞ്ഞു. 

    പട്ടികജാതി ക്ഷേമത്തിനും തൊഴിലുറപ്പിനും എട്ടര കോടിയിലേറെയും ഭവന നിര്‍മ്മാണത്തിന് ഒരു കോടിയിലേറെയും രൂപ വിനിയോഗിച്ചു. കാര്‍ഷിക മേഖലയില്‍ 34,60,152 രൂപ, ക്ഷീരവികസനത്തില്‍ 44,82,930 രൂപ, ആരോഗ്യ രംഗത്ത് 88,12,475 രൂപ, ശുചിത്വം, കുടിവെള്ളം എന്നിവയ്ക്ക് 41,44,732 രൂപ എന്നിങ്ങനെയാണ് ചെലവിട്ടത്. 

    എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ സാജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍, ഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ഫ്രാന്‍സിസ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ഡോ.കെ.കെ ജോഷി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഇ.കെ ജയന്‍, സുബോധ ഷാജി, ജിജി വിന്‍സെന്റ്, അംഗങ്ങളായ ഇ.പി ഷിബു, ഷെന്നി ഫ്രാന്‍സിസ്, സുജ വിനോദ്, ശാന്തിനി പ്രസാദ്, സെക്രട്ടറി ശ്രീദേവി കെ.നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

date