Skip to main content

കടുങ്ങല്ലൂരിലെ മാലിന്യ സംസ്‌കരണ പ്ലാന്റ്: ജനപ്രതിനിധികള്‍ ഹൈദരാബാദിലെ പ്ലാന്റ് സന്ദര്‍ശിക്കും ആശങ്കകള്‍ പരിഹരിച്ച് പദ്ധതി  നടപ്പിലാക്കും മന്ത്രി പി.രാജീവ്

 

    കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്‌കരണ പ്ലാന്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പഠിക്കുന്നതിനായി ജനപ്രതിനിധികള്‍ ഹൈദരാബാദ് സന്ദര്‍ശിക്കും. പദ്ധതി നടപ്പാക്കുന്ന സ്വീ ക്വീന്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തും. പൗര സംരക്ഷണ സമിതി അംഗങ്ങളും സംഘത്തിലുണ്ടാകും. 

    നിര്‍ദ്ദിഷ്ട മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

    സംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. അതിനു ശേഷം തുടര്‍ നടപടികളുണ്ടാകും. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. 

    മാലിന്യ സംസ്‌കരണം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. എല്ലാ മണ്ഡലത്തിലും ഓരോ സംസ്‌കരണ യൂണിറ്റ് എന്നതാണ് ഇപ്പോള്‍ കാണുന്നത്. കടുങ്ങല്ലൂരില്‍ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ പിന്നീടത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. നിലവില്‍ കെട്ടിട അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്ന യൂണിറ്റ് മാത്രമാണ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

    പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള പ്ലാന്റുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. മലിനീകരണ പ്രശ്‌നങ്ങള്‍ നിലവിലില്ല. ആശങ്കയുള്ളവര്‍ക്ക് അത്തരത്തിലുള്ള സംസ്‌ക്കരണ യൂണിറ്റുകള്‍ സന്ദര്‍ശിച്ച് തീരുമാനമെടുക്കാം. സംസ്‌ക്കരണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജനപ്രതിനിധികള്‍ അംഗങ്ങളായ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. കമ്പനി അറിയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മാത്രമായിരിക്കും സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുക. അല്ലാത്ത പക്ഷം ഉചിത നടപടി സ്വീകരിക്കാന്‍ മുന്നില്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 

    മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നതുമൂലം പൊടിശല്യം ഉള്‍പ്പടെയുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് സ്വീ ക്വീന്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഇത്തരത്തില്‍ ഇന്ത്യയില്‍ പത്തിലധികം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നായിരിക്കും പ്രവര്‍ത്തനം. കെട്ടിട അവശിഷ്ടങ്ങള്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന ഉല്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ എം സാന്റ്, മെറ്റല്‍, കട്ട എന്നിവ ഇവിടെ ഉല്പാദിപ്പിക്കാം. പൊടിശല്യം ഒഴിവാക്കുന്നതിനായി വെറ്റ് പ്രൊസസിംഗ് ആണ് ഉപയോഗിക്കുന്നതെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. 

    കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ രണ്ട് ഏക്കര്‍ ഭൂമിയിലാണ് മാലിന്യ സംസ്‌കരണ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്ലാന്റാണിത്. 9 കോടി രൂപ മുതല്‍ മുടക്കിയാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. 

    ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, എറണാകുളം റൂറല്‍ എസ്.പി: കെ.കാര്‍ത്തിക്, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, വാര്‍ഡ് അംഗം സുനിതാ കുമാരി, മറ്റ് ജനപ്രതിനിധികള്‍, പൗര സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

date