മുനിസിപ്പാലിറ്റികളിലെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ ഏകോപിപ്പിക്കും -ജില്ലാ കലക്ടര്‍.
ജില്ലയിലെ മുനിസിപ്പാലിറ്റികളിലെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട് പ്രദേശത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ നോഡല്‍ ഓഫിസായി നിയോഗിച്ചുകൊണ്ട് ജില്ലാ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ നോഡല്‍ ഓഫിസറായി അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജിനെയും ജില്ലാ കലക്ടര്‍ നിയോഗിച്ചു.
നിലവില്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേത്യത്വത്തിലല്ല ഏകോപിപ്പിക്കുന്നത്. ഇത് മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് തല ആരോഗ്യ- ജാഗ്രതാ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഏകോപനം നടക്കുന്നതോടെ ഇനിമുതല്‍ ജില്ലാ കലക്ടര്‍ ആഴ്ചയില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുക്കും. മുനിസിപ്പാലിറ്റികള്‍ പകര്‍ച്ച പനിയും ഡെങ്കിപ്പനിയും തടയുന്നതില്‍ വേണ്ടതത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുവരെ ജില്ലയിലെ 12 മുനിസിപ്പാലിറ്റികളിലായി 63 ഡെങ്കി ഉറപ്പായ കേസുകളും 61 ഡെങ്കി സംശയിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഡെങ്കി ബാധിച്ചുള്ള ഒരുമരണവും സംശയിക്കുന്ന ഒരു മരണവും ഉണ്ടായി.
ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി മുന്‍സിപ്പല്‍ അധ്യക്ഷന്‍മാര്‍ ആഴ്ചയില്‍ ഒരു ദിവസം യോഗം ചേര്‍ന്ന് വാര്‍ഡ്തല സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുക്കണം. തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.കൊതുകു ജന്യ രോഗങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ഫോഗിംഗ് നടത്തണം
പ്രവര്‍ത്തനങ്ങള്‍ക്ക് ട്രോമാ കെയര്‍ ഉള്‍പ്പെയുള്ള സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗിക്കണം. ആക്രി കടകളില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത് മഴ നനയാതെയാണെന്ന് ഉറപ്പു വരുത്തണം. താലൂക്ക് തലത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ നേത്യത്വത്തില്‍ സ്ഥാനങ്ങളില്‍ പരിശോധന നടത്തി പിഴ ഈടാക്കണം.
- Log in to post comments