Skip to main content
വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗോപാലകൃഷ്ണന്‍.

എല്ലാ മേഖലകളിലും വികസനം ലക്ഷ്യമാക്കി  വാഴക്കുളം ഗ്രാമ പഞ്ചായത്ത്

 

    തരിശുഭൂമിയില്‍ കൃഷിയിറക്കി കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതോടൊപ്പം എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനം ലക്ഷ്യമാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുകയാണ് ലക്ഷ്യമെന്ന് പറയുകയാണ് വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗോപാലകൃഷ്ണന്‍.

 

കൃഷിക്ക് മുന്‍ഗണന

 

    കൃഷിഭവനുമായി സഹകരിച്ച് പഞ്ചായത്തിലെ പല പ്രദേശങ്ങളിലായുള്ള തരിശുഭൂമികളില്‍ കൃഷി നടത്തുന്നുണ്ട്. ജൈവ പച്ചക്കറിക്കൃഷിയും ഇടവിളകളും കൃഷി ചെയ്തുവരുന്നു. വരും വര്‍ഷങ്ങളില്‍ കൃഷി കൂടുതല്‍ ഊര്‍ജിതമാക്കും.     ശുചിത്വ കേരളം സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫാം പോണ്ട്, പശുത്തൊഴുത്ത്, ആട്ടിന്‍ കൂട്, പൗള്‍ട്രി ഷെഡ്, ബോട്ടില്‍ ബൂത്ത് എന്നിവ അനുവദിച്ചു.

 

തൊഴിലുറപ്പ് പദ്ധതിയിലൂടെ 

 

    പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്താനായി. രണ്ടേക്കറോളം സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി ചെയ്തു. എല്ലാ വാര്‍ഡിലും തരിശുഭൂമിയില്‍ കൃഷി ഇറക്കുന്നതിനായി നിലം ഒരുക്കി. പെരിയാര്‍ വാലി കനാലിന്റെ ശുചീകരണം നടന്നുവരുന്നു.

 

മെഗാ ക്യാമ്പുകളിലൂടെ കോവിഡ് പ്രതിരോധം

 

    കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി മെഗാ ക്യാമ്പുകള്‍ നടത്തി. ബൂസ്റ്റര്‍ ഡോസ് വിതരണം നടക്കുന്നതിനോടൊപ്പം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക്  സാനിറ്റൈസറും, മാസ്‌കും വിതരണം ചെയ്തു. കോവിഡ് പ്രതിരോധ ബോധവത്ക്കരണ ക്ലാസുകളും നടത്തുന്നുണ്ട്. അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണതോതില്‍ നടന്നുവരുന്നു.

 

പശ്ചാത്തല മേഖലയിലൂടെ

 

    നൂറ് ദിനം കൊണ്ട് 251 പ്രവൃത്തികള്‍ വിവിധ പദ്ധതികളിലൂടെ പശ്ചാത്തല മേഖലയില്‍ പൂര്‍ത്തിയാക്കാനായി. 3.68 കോടി രൂപയുടെ റോഡ് പണി നടന്നു. നൂറ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കമ്മ്യൂണിറ്റി ഹാളില്‍ ശുചിമുറി സമുച്ചയ നിര്‍മ്മാണം പുരോഗമിക്കുന്നു. സൗത്ത് വാഴക്കുളം എല്‍.പി സ്‌കൂളില്‍ അഞ്ച് ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കൃഷിഭവനിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. സ്‌കൂള്‍, അങ്കണവാടി, മൃഗാശുപത്രി എന്നിവയുടെ അറ്റകുറ്റപ്പണിയും നടക്കുന്നുണ്ട്.

 

സ്ത്രീ ശാക്തീകരണത്തിന് കുടുംബശ്രീ

 

    വിവിധ സംരംഭങ്ങളിലൂടെ സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിച്ച് സ്വയം പര്യാപ്തരാക്കുകയാണ് കുടുംബശ്രീ. ജനകീയ ഹോട്ടലും കാറ്ററിംഗ് യൂണിറ്റും കൂടാതെ മൂന്ന് തയ്യല്‍ യൂണിറ്റുകള്‍, വെളിച്ചെണ്ണ മില്ല്, അരിപ്പൊടി മില്ല്, നഴ്‌സറി, കിയോസ്‌ക് എന്നിവ വിജയകരമായി വാഴക്കുളം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

    നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനുമാണ് ലക്ഷ്യമാക്കുന്നതെന്നും പ്രസിഡന്റ് സി.കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അഭിമുഖം: നീര്‍ജ ജേക്കബ്
PRISM, I&PRD ERNAKULAM

date