Skip to main content

കോഴി മാലിന്യത്തില്‍ നിന്നു പാചകവാതകം പദ്ധതി വ്യാപകമാവുന്നു

 

    കോഴി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനാവാതെ നാടും നഗരവും പ്രയാസപ്പെടുമ്പോള്‍ കോഴി മാലിന്യത്തില്‍ നിന്നു പാചകവാതകമുണ്ടാക്കി മാതൃകയാവുകയാണ് ജില്ലയിലെ കോഴി വ്യാപാരികള്‍. ശുചിത്വമിഷന്റെ സബ്‌സ്ഡിലാണ് പദ്ധതി വ്യാപകമാവുന്നത്. കോഴി മാലിന്യ സംസ്‌കരണത്തിലൂടെ ലാഭം നേടിയ അനുഭവം പകര്‍ന്നു നല്‍കുന്ന യുവ വ്യാപാരി ഈ മാതൃകയുടെ പ്രചാരകനാണിപ്പോള്‍. കൊണ്ടോട്ടി മുണ്ടക്കുളം അങ്ങാടിയില്‍ ഫാമിലി ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന മുതുവല്ലൂര്‍ പഞ്ചായത്തിലെ മൂച്ചിക്കല്‍ ഹിദായ നഗര്‍ കുഴിച്ചിക്കാട്ട് അബ്ദുനാസറാണ് കടയിലെ കോഴി മാലിന്യം വീട്ടിലെത്തിച്ച് ബയോഗ്യാസ് പ്ലാന്റിലൂടെ ജൈവവാതകം നിര്‍മ്മിച്ച് സ്വയം പര്യാപ്തതയും  മാലിന്യമുക്തവുമായി മാതൃകയാവുന്നത്. നാസറിന്റേതുള്‍പ്പെടെയുള്ള മാതൃകകള്‍ വന്‍ വിജയമായതോടെ പദ്ധതിക്ക് പ്രചാരമേറിയിരിക്കുകയാണ്. നിരവധി പേരാണ് ദിവസവും പ്ലാന്റ് കാണാന്‍ നാസറിന്റെ വീട്ടിലും   സബ്‌സിഡിയെക്കുറിച്ചറിയാന്‍ ശുചിത്വമിഷന്റെ ജില്ലാ ഓഫീസീലുമെത്തുന്നത്.  
    എട്ട് എംക്യൂബ് കപ്പാസിറ്റിയുള്ള പ്ലാന്റാണ് നാസര്‍ എട്ട് മാസം മുമ്പ് സ്ഥാപിച്ചത്. പാര്‍ട്ടി ഓര്‍ഡറുകളുള്ള ദിവസങ്ങളിലൊഴികെ ദിവസേന ശരാശരി അമ്പത് കിലോ മാലിന്യമാണ് നാസറിന്റെ കടയില്‍ ബാക്കിയാവുന്നത്. ഇതെല്ലാം ഇപ്പോള്‍ പ്ലാന്റിലൂടെ സംസ്‌കരിക്കാനാവുന്നു. 220000 രൂപയാണ് പ്ലാന്റിനായി ആകെ ചെലവ് വന്നത്. ഒരു ലക്ഷം ശുചിത്വ മിഷന്റെ സബ്‌സിഡിയും ലഭിച്ചു. പ്രതിദിനം അഞ്ച് മണിക്കൂറെങ്കിലും രണ്ടു അടുപ്പുകളുള്ള സ്റ്റൗ ഉപയോഗിക്കാനാവും. തല്‍ക്കാലം ഗ്യാസ് കത്തിച്ചു തീര്‍ക്കാന്‍ ഒരു അടുപ്പു കൂടി വാങ്ങുകയായിരുന്നു. സ്വന്തം വീട്ടിലെ ഉപയോഗത്തിനപ്പുറത്തുള്ള ഗ്യാസ് ലഭിക്കുന്നതിനാല്‍ സഹോദരങ്ങളുടെ വീട്ടിലേക്കും ഗ്യാസ് ലൈന്‍ വലിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
    പ്ലാന്റ് സ്ഥാപിക്കുന്നതിനു മുമ്പ് മാലിന്യം സംസ്‌കരിക്കാനായി ഒരു കിലോക്ക് ഏഴ് രൂപ ദിവസവും സംസ്‌കരണ യൂണിറ്റുകാര്‍ക്ക് നല്‍കുകയായിരുന്നു പതിവ്. ഇത്തരത്തില്‍ 350 രൂപ വരെ ദിവസവും ചെലവ് വരും. ഇതിനു പുറമെ പാചകവാതകം വാങ്ങുന്ന പണവും ഇപ്പോള്‍ ലാഭമാണ്. സബ്‌സിഡിയില്ലെങ്കില്‍ തന്നെ ഒരു വര്‍ഷത്തിനകം തുക തിരികെ ലഭിക്കുമെന്നു നാസര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭൂമിക്കടിയില്‍ സ്ഥാപിച്ച പ്ലാന്റിനു മുകളിലും സമീപത്തും ഇതില്‍ നിന്നു ലഭിക്കുന്ന സ്ലറി ഉപയോഗിച്ച് നല്ലൊരു ജൈവ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നാസര്‍ പരിപാലിച്ചു വരുന്നു. കൗതുകക്കാഴ്ചയൊരുക്കി മുന്തിരി വള്ളിയും കായ്ച്ചു നില്‍ക്കുന്നു. ഇതില്‍ നിന്നു ലഭിക്കുന്ന സ്ലറി, വളമായി ഉപയോഗിക്കാനായി മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കി കാത്തിരിക്കയാണ് സമീപത്തെ റബ്ബര്‍ കര്‍ഷകരിപ്പോള്‍.
    മാംസാഹാര പ്രിയരായ ജില്ലക്കാര്‍ക്കായി ദിവസവും ആയിരക്കണക്കിന് കോഴികളെയാണ് ചിക്കന്‍ സ്റ്റാളുകളില്‍ നിന്നു വില്‍പ്പന നടത്തുന്നത്. ഇവിടങ്ങളിലെല്ലാം ഇവയുടെ മാലിന്യ സംസ്‌കരണം വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അമ്പതിലേറെ പേര്‍ ഈ മാലിന്യം ഇത്തരം പ്ലാന്റുകളിലൂടെ കൃത്യമായി സംസ്‌കരിക്കുന്നു. 12 വര്‍ഷത്തോളമായി തിരൂരിലെ തിരൂര്‍ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന ഹംസയുള്‍പ്പെടെയുള്ളവര്‍ ഈ മാതൃക നേരത്തെ വിജയകരമായി നടപ്പാക്കിയവരാണ്. കാട വ്യാപാരികളും മാലിന്യ സംസ്‌കരണത്തിനായി ഇത്തരം പ്ലാന്റ് ഉപയോഗിച്ചു വരുന്നു. നിരവധി പേര്‍ ഈ മാതൃക തുടരുന്നുണ്ട്. നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചിലവില്ലെന്നതും ജൈവ ഗ്യാസ് സുരക്ഷിതമാണെന്നതും ഇതിനെ കൂടുതല്‍ ജനകീയമാക്കുന്നുണ്ട്. ഇവര്‍ക്ക് സബ്‌സിഡിയും നിര്‍വ്വഹണ സൗകര്യവുമൊരുക്കി ജില്ലാ ശുചിത്വ മിഷനും ഈ അനുകരണീയ മാതൃകയോടൊപ്പം കൂടെയുണ്ട്. ഇങ്ങനെയുള്ള പ്ലാന്റുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ശുചിത്വ മിഷന്‍ സബ്‌സിഡി നല്‍കുന്നത്. കല്യാണ മണ്ഡപം, അനാഥാലയം, പൊതുവിദ്യാലയം തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ സബ്‌സിഡി ലഭ്യമാവും. ബന്ധപ്പെട്ട പഞ്ചായത്തുകള്‍ മുഖേനെയാണ് ശുചിത്വമിഷന്‍ ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കേണ്ടത്.

 

date