Skip to main content
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി.

തരിശുരഹിത മാലിന്യമുക്ത ബ്ലോക്ക്  ലക്ഷ്യമാക്കി വാഴക്കുളം

    തരിശുനിലങ്ങള്‍ ഏറ്റെടുത്ത്  കൃഷിയിറക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനും മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അന്‍വര്‍ അലി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

 

മാലിന്യ നിര്‍മാര്‍ജനം

 

    ഹരിത കര്‍മസേനയുടെ മാതൃകാപരമായ പ്രവര്‍ത്തനം ബ്ലോക്കിലെ ആറ് ഗ്രാമ പഞ്ചായത്തിലും നടക്കുന്നുണ്ട്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം കൃത്യമായി ശേഖരിക്കുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന് ഇവരുടെ സേവനം ഏറെ ഗുണം ചെയ്യുന്നു. ബ്ലോക്കിന് കീഴിലുള്ള ആറ് പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും ഇവരുടെ സേവനം ലഭ്യമാണ്.

 

കാര്‍ഷികരംഗത്തിനായി 

 

    വെങ്ങോല, കിഴക്കമ്പലം, ചൂര്‍ണ്ണിക്കര, വാഴക്കുളം എന്നീ പഞ്ചായത്തുകളില്‍ വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും സംയുക്തമായി ഏക്കറുകണക്കിന് ഭൂമിയില്‍ കൃഷിയിറക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു. തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതിനുള്ള കൂലി, വിത്ത്, വളം എന്നീ ഇനങ്ങളിലായി 15 ലക്ഷം രൂപ നല്‍കി. കൃഷിഭവനുകള്‍ വഴി ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കാര്‍ഷികരംഗത്ത് സാങ്കേതികമായ സഹായങ്ങള്‍ക്കൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് മില്‍ക്ക് ഇന്‍സെന്റീവായി 15 ലക്ഷം രൂപ നല്‍കി. ഈ വര്‍ഷം വെങ്ങോല പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്. 250 ഹെക്ടര്‍ പ്രദേശത്ത് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ മുതല്‍ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കേരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയാണിത്. 50 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.

 

പശ്ചാത്തല സൗകര്യ വികസനം

 
    കേന്ദ്രാവിഷ്‌കൃതവും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ കൂട്ടിയിണക്കി പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായ പദ്ധതികള്‍ നടന്നുവരുന്നു. ഇതുവരെ 48 പദ്ധതികള്‍ പശ്ചാത്തല മേഖലയില്‍ പൂര്‍ത്തിയായി. ചില പദ്ധതികള്‍ അവസാന ഘട്ടത്തിലാണ്. പി.എം.എ.വൈ, ലൈഫ് ഭവന പദ്ധതി എന്നിവയുടെ വിഹിതം ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലും നല്‍കി.

 

വയോജനങ്ങള്‍ക്ക് കട്ടില്‍

 

     ഡോക്ടറുടെ സാക്ഷ്യപ്രകാരമുള്ള പട്ടികയിലുള്ള വയോജനങ്ങള്‍ക്ക്, ക്രമീകരിക്കാവുന്ന രീതിയിലുള്ള 40 കട്ടിലുകള്‍ വിതരണം ചെയ്യും. കിടപ്പുരോഗികളായ വയോജനങ്ങള്‍ക്ക് പരമാവധി സഹായകരമായ വിധത്തില്‍ ഉപയോഗിക്കാവുന്ന കട്ടിലുകളാണ് നല്‍കുന്നത്. ഗുണഭോക്താക്കളുടെ പട്ടിക അനുസരിച്ച് ഉടന്‍ തന്നെ കട്ടിലുകള്‍ കൈമാറും. കോവിഡ് രൂക്ഷമായപ്പോള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്ന പകല്‍വീടിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 

 

വനിതാ വികസന പദ്ധതി

 

    വനിതകളുടെ ഉന്നമനത്തിനായി സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് പേരടങ്ങുന്ന 10 ഗ്രൂപ്പുകള്‍ക്കായി 29 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയിലൂടെ 50 സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനാകും. ആയിരം പേരില്‍  അഞ്ച് പേര്‍ക്കെങ്കിലും തൊഴില്‍ എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

മികച്ച കുടുംബശ്രീ 

 

    ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലും മികച്ച പ്രവര്‍ത്തനം നടന്നുവരുന്നു. മുറ്റത്തെ മുല്ല എന്ന ധനസഹായ വായ്പാ പദ്ധതി സഹകരണ ബാങ്കുമായി സഹകരിച്ച് ഫലപ്രദമായി നല്‍കിവരുന്നു. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന വിവിധ പദ്ധതികള്‍ വളരെ വിജയകരമായാണ് പുരോഗമിക്കുന്നത്. ചെറുകിട സംരംഭങ്ങളും നിര്‍മാണ യൂണിറ്റുകളും മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു.

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം

 

    ജില്ലയിലെ മികച്ച രണ്ട് കമ്മ്യൂണിറ്റി സെന്ററുകളാണ് വാഴക്കുളം ബ്ലോക്കിലുള്ളത്. എറണാകുളം മെഡിക്കല്‍ കോളേജിന് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച സി.എച്ച്.സിയാണ് വെങ്ങോല. 1,868 കോവിഡ് ബാധിതരെയാണ് വെങ്ങോല സി.എച്ച്.സിയില്‍ ചികിത്സിച്ചത്. മലയിടംതുരുത്ത് സി.എച്ച്.സിയും കോവിഡ് രംഗത്ത് മികച്ച സേവനം ലഭ്യമാക്കി. ബ്ലോക്കിന്റെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കി. വെങ്ങോലയില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ 40 ഓക്‌സിജന്‍ ബെഡുകള്‍ ഒരുക്കി. ഡി.സി.സികളും എഫ്.എല്‍.ടി.സികളും ആരംഭിച്ചു. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കുകയും ചെയ്തു. മുഴുവന്‍ സമയ ആംബുലന്‍സ് സേവനവും ഉറപ്പുവരുത്തിയിരുന്നു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പഞ്ചായത്തുകളായി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍ മാറിയപ്പോഴും, കര്‍മനിരതരായ മെഡിക്കല്‍ ഓഫീസര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടേയും മികച്ച സേവനം  ഏറെ ഗുണം ചെയ്തു. രണ്ട് സി.എച്ച്.സികളും നാല് കുടുംബാരോഗ്യ കേന്ദ്രങ്ങളുമാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളത്.

 

സ്മാര്‍ട്ട് അങ്കണവാടികള്‍

 

    ബ്ലോക്കിന് കീഴിലെ 15 അങ്കണവാടികളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂം ഒരുക്കി. മൂന്നു പുതിയ അങ്കണവാടികള്‍ക്ക് കെട്ടിടങ്ങള്‍ അനുവദിച്ചു. അങ്കണവാടികള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. പോഷകാഹാര വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. നൂട്രീ ക്ലിനിക്കില്‍ നൂട്രീഷനിസ്റ്റിന്റെ സേവനം ലഭ്യമാണ്. പാരന്റല്‍ ക്ലിനിക്കിന്റെ സേവനം ആഴ്ചയില്‍ രണ്ട് ദിവസം ലഭിക്കും. 

    പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് 20 കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ചെലവിട്ട് പഠനമുറികള്‍ നിര്‍മിച്ചുനല്‍കി. പഠനത്തില്‍ സമര്‍ത്ഥരായ കുട്ടികള്‍ക്ക് 15 ലക്ഷം രൂപയോളം സ്‌കോളര്‍ഷിപ്പ് നല്‍കി. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.  ബ്ലോക്ക് പഞ്ചായത്തിലെ മുപ്പതോളം വായനശാലകള്‍ക്ക് അലമാരകള്‍, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍ എന്നിവ നല്‍കും. 
    ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാണ് വാഴക്കുളം. തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണര്‍, കോഴിക്കൂടുകള്‍, ആട്ടിന്‍കൂടുകള്‍, പശുതൊഴുത്തുകള്‍, വര്‍ക്ക്ഷെഡുകള്‍ എന്നിവ നിര്‍മിച്ചുനല്‍കി. റോഡുകള്‍, കുളങ്ങള്‍ എന്നിവ പുനരുദ്ധരിക്കുകയും നിര്‍മ്മിക്കുകയും ചെയ്തു. കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികളിലൂടെ കാര്‍ഷിക രംഗത്തും പശ്ചാത്തലമേഖലയിലും ആരോഗ്യമേഖലയിലും മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്.

 

date