Skip to main content
പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ ജോസഫ്.

വികസന സ്വപ്‌നങ്ങൾ  നെയ്‌ത് ചെല്ലാനം

 

       അറബിക്കടലിന്റെ താളമാണ് ചെല്ലാനത്തിന്. എന്നാല്‍ അറബിക്കടല്‍ കലി തുള്ളുമ്പോള്‍ അരക്ഷിതാവസ്ഥ നിറയുന്ന ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആശങ്കയിലും ആകുലതകളിലും ഒപ്പം നിന്നും, പരിഹാരത്തിന് മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുമാണ് ഗ്രാമപഞ്ചായത്തിലെ വികസന സ്വപ്നങ്ങള്‍ ഒരുക്കുന്നത്. പഞ്ചായത്തിലെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വര്‍ത്തമാനകാലത്തെക്കുറിച്ചും സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ ജോസഫ്.

 

കൃഷി

 

      സമൃദ്ധമായ കൃഷി പാരമ്പര്യം സ്വന്തമായി ഉണ്ടായിരുന്ന പ്രദേശമാണ് ചെല്ലാനം. പൊക്കാളി, ചെട്ടിവിരിപ്പ് കൃഷികള്‍ക്കൊപ്പം പച്ചക്കറിക്കൃഷിയും ഇവിടെ വ്യാപകമായിരുന്നു. എന്നാല്‍ ഇന്ന് ഈ അവസ്ഥയിൽ മാറ്റം വന്നിട്ടുണ്ട്. കൃഷി ലാഭകരമല്ലാതായതും ചെമ്മീൻ, മത്സ്യകൃഷികൾ എന്നിവ കൂടുതല്‍ ലാഭകരമായതുമാണ് ഇതിന് കാരണം. ഈ അവസ്ഥയിൽ നിന്നും കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പഞ്ചായത്തിന്റെ പ്രഥമ പരിഗണന. പാടശേഖരങ്ങളിലെ വെള്ളം യഥാസമയം വറ്റിക്കാത്തത് പ്രദേശത്ത് ഓരുവെള്ള ഭീഷണി രൂക്ഷമാക്കാനിടയായ സാഹചര്യങ്ങളിലൊന്നാണ്. അതിനാൽ നിലങ്ങളെ അതിന്റെ സ്വാഭാവികതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി  എല്ലാ സീസണിലും നിലം വറ്റിക്കുക എന്നത് നിർബന്ധമായും നടപ്പാക്കാൻ ശ്രമിക്കുകയാണ്. കൂടാതെ നെല്‍കൃഷിക്ക് സബ്സിഡിയും വിത്തുകളും നല്‍കി കൂടുതല്‍ ആളുകളെ കൃഷിയിലേക്ക് മടക്കികൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. നെല്‍കൃഷി പഴയ രീതിയില്‍ ആരംഭിച്ചാല്‍ പച്ചക്കറി കൃഷിക്കും ക്ഷീര മേഖലയുടെ വികസനത്തിനും കൂടുതല്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണിന്റെ സ്വാഭാവികത നിലനിര്‍ത്തി കൃഷിക്ക് കൂടുതൽ നേട്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മത്സ്യകൃഷിക്കും ഇത് കൂടുതല്‍ ഗുണം ചെയ്യും.

 

മത്സ്യസംസ്കരണ കേന്ദ്രം

 

      മത്സ്യ സമ്പത്ത് ഏറെയുള്ള പ്രദേശമായ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ മത്സ്യ സംസ്കരണത്തിനുള്ള സൗകര്യമില്ല. മത്സ്യ സംസ്കരണ സംവിധാനം നിലവില്‍ വന്നാല്‍ മത്സ്യകൃഷിയില്‍ നിന്നുള്ള വരുമാനം പ്രദേശവാസികള്‍ക്ക് കൂടുതലായി ലഭിക്കും. കൂടാതെ സംസ്ക്കരിച്ചതും സംഭരിച്ചതുമായ മത്സ്യങ്ങള്‍‍ ഓണ്‍ലൈൻ ആയോ സ്വയംസഹായ സംഘങ്ങള്‍ വഴിയോ കൃത്യമായി വിതരണം ചെയ്യാൻ സാധിച്ചാല്‍ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാനും സഹായകമാകും. ഇത്തരത്തില്‍ ഒരു സംസ്കരണ കേന്ദ്രമാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രധാന പദ്ധതി. ഹാര്‍ബറുമായി സഹകരിച്ച് മത്സ്യ സംസ്കരണ, സംഭരണ പദ്ധതികള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

 

വനിതാ ശാക്തീകരണം

 

       പഞ്ചായത്തിലെ വലിയൊരു വിഭാഗം സ്ത്രീകളും കൊച്ചി നഗരത്തിന്റെ സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. അസംഘടിത വിഭാഗമായ ഇവര്‍ക്ക് ശമ്പളത്തിന് പുറമെ മറ്റൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഗതാഗത സൗകര്യം കുറഞ്ഞ പ്രദേശങ്ങളിലുള്ളവര്‍ യാത്രാക്ലേശവും നേരിടുന്നുണ്ട്. ഇതിന് പരിഹാരമെന്നോണം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ രൂപീകരിക്കുകയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ തൊഴില്‍ സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. ഈ സൊസൈറ്റികള്‍ വഴി യാത്രാസൗകര്യങ്ങൾ ക്രമീകരിക്കാനും ശ്രമം നടക്കുന്നുണ്ട്.

 

കളിസ്ഥലം നിർമ്മിക്കാൻ ഭൂമി കണ്ടെത്തി

 

       പഞ്ചായത്തില്‍ യുവജനങ്ങള്‍ക്കായി കളിസ്ഥലം നിർമിക്കാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ട്. അവിടെ ടര്‍ഫ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. കടലേറ്റം തടയാനായി നിര്‍മിക്കുന്ന ടെട്രാപോഡുകള്‍ താത്കാലികമായി സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. ടെട്രാപോഡ് നിര്‍മാണം പൂര്‍ത്തിയായ ശേഷം ടർഫ് നിര്‍മാണത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.

 

ലൈഫ് മിഷൻ

 

     ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ ഉൾപ്പെടുന്ന വീടില്ലാത്ത ആളുകൾക്ക് ലൈഫ് മിഷൻ വഴി വീടുകൾ അനുവദിച്ച് നൽകുന്നുണ്ട്. പുനർഗേഹം വഴിയും ഭവന സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.

 

ടൂറിസം

        ഇക്കണ്ട വാരിയർ ചിറയെ വികസിപ്പിച്ച് ടൂറിസം കേന്ദ്രം ആക്കാനാണ് ശ്രമം. മനോഹരമായ പ്രകൃതി ദൃശ്യം ആസ്വദിക്കുന്നതിനൊപ്പം ഡ്രൈവ് ഇൻ സൗകര്യം കൂടി നടപ്പാക്കുന്ന തരത്തിലാണ് പ്രദേശത്തിന്റെ വികസനം ലക്ഷ്യമിടുന്നത്.

‌        ചെല്ലാനം തീരത്തോട് ചേർന്ന് ടെട്രാപോഡുകൾ സ്ഥാപിക്കുന്ന ഭാഗങ്ങൾ  ടൂറിസം കേന്ദ്രങ്ങൾ ആയി വികസിപ്പിക്കാൻ പദ്ധതിയുണ്ട്. ജലസേചന വകുപ്പുമായി ചേർന്നായിരിക്കും പ്രവർത്തനങ്ങൾ നടത്തുക. കേരളത്തിൽ അത്ര പരിചിതമല്ലാത്ത ടെട്രാപോഡുകൾ ടൂറിസം സാധ്യത വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

date